Sunday, November 24, 2024
Saudi ArabiaTop Stories

അനധികൃത ഹാജിമാരെ മക്കയിലെത്തിക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പ്

ഹജ്ജ് കർമ്മങ്ങൾക്ക് നിയമ പ്രകാരം പോകുന്നതിനുള്ള തസ് രീഹ് കൈവശപ്പെടുത്താത്ത അനധികൃത തീർത്ഥാടകരെ മക്കയിലെത്തിക്കാൻ ശ്രമിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകി.

തസ് രീഹ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന എല്ലാവരെയും ചെക്ക് പോസ്റ്റിൽ തടയുമെന്ന് ഓർമ്മപ്പെടുത്തിയ ആഭ്യന്തര മന്ത്രാലയം ഇങ്ങനെയുള്ളവരെ മക്കയിലെത്തിക്കാൻ സഹായിക്കുന്നവർക്കുള്ള ശിക്ഷയും വെളിപ്പെടുത്തി.

ആദ്യ തവണ പിടിക്കപ്പെടുന്നവർക്ക് 15 ദിവസം ദിവസവും രണ്ടാം തവണ പിടിക്കപ്പെടുന്നവർക്ക് 2 മാസവും മൂന്നാം തവണ പിടിക്കപ്പെടുന്നവർക്ക് 6 മാസവും തടവ് ശിക്ഷ അനുഭവിക്കണം. ഈ ശിക്ഷ പിടിക്കപ്പെട്ടയാൾ കടത്താൻ ശ്രമിച്ച ഒരു വ്യക്തിക്കെന്ന കണക്കിലാണ്. പിടിക്കപ്പെട്ടവരുടെ എണ്ണം കൂടിയാൽ ശിക്ഷാ കാലാവധിയും കൂടും എന്നർത്ഥം.

അതോടൊപ്പം ആദ്യ തവണ പിടിക്കപ്പെടുന്നവർക്ക് 10,000 റിയാലും രണ്ടാം തവണ പിടിക്കപ്പെടുന്നവർക്ക് 25,000 റിയാലും മൂന്നാം തവണ പിടിക്കപ്പെടുന്നവർക്ക് 50,000 റിയാലും പിഴ ഈടാക്കുകയും ചെയ്യും . കടത്താൻ ശ്രമിച്ച ഒരു വ്യക്തിക്കെന്ന കണക്കിലാണു പിഴ ഈടാക്കുക. ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴയും കൂടും.

അനധികൃത ഹാജിമാരെ സഹായിക്കുന്നതിനിടെ പിടിക്കപ്പെട്ടയാൾ വിദേശിയാണെങ്കിൽ ശിക്ഷകൾക്ക് ശേഷം നാട് കടത്തൽ നേരിടേണ്ടി വരും. നിയമ പ്രകാരമുള്ള നിശ്ചിത കാലം വരെ സൗദിയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തുകയും ചെയ്യും. തീർത്ഥാടകരെ കടത്താൻ ശ്രമിച്ചവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ശിക്ഷയെക്കുറിച്ച് പരസ്യപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്