സൗദിയിലെ ഈ മലയാളി യുവാവ് ജയിലിലായത് വെറും 20 റിയാലിന്റെ വിഷയത്തിൽ ; പ്രവാസ ലോകത്ത് ഒരാവേശത്തിന് വല്ലതും ചെയ്യും മുമ്പ് ആലോചിക്കുക
ദമാം: വെറും 20 റിയാലിൻ്റെ വിഷയത്തിലാണു കണ്ണൂർ സ്വദേശി മുഹമ്മദ് റനീസിനു ദമാം സെൻട്രൽ ജയിലിൽ അകപ്പെടേണ്ടി വന്നിട്ടുള്ളത്. കഴിഞ്ഞ 3 വർഷമായി റനീസ് ജയിലിനകത്തായിട്ട്. പ്രൈവറ്റ് ടാക്സി ഓടിച്ച് ഉപജീവനം കഴിയുന്ന വ്യക്തിയായിരുന്നു 28 കാരനായ റനീസ്. അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് വന്ന രാജസ്ഥാൻ സ്വദേശിയായ അസ് ലം ഖാൻ എന്ന വ്യക്തി മൂന്ന് വർഷം മുംബ് ദമാം എയർപോർട്ടിൽ നിന്ന് താമസ സ്ഥലത്തേക്ക് പോകാനായി റനീസിൻ്റെ കാറിൽ കയറിയതാണു സംഭവത്തിൻ്റെ തുടക്കം.
70 റിയാൽ ടാക്സി ചാർജ്ജ് കരാർ ചെയ്തായിരുന്നു അസ്ലം ഖാൻ റനീസിൻ്റെ കാറിൽ കയറിയത്. യാത്രാ മദ്ധ്യേ റനീസ് മറ്റൊരു യാത്രക്കാരനെ കൂടി റാനീസ് കാറിൽ കയറ്റി. പറഞ്ഞുറപ്പിച്ച സ്ഥലത്ത് ഇറങ്ങിയ അസ്ലം ഖാൻ പക്ഷേ, 70 റിയാലിനു പകരം 50 റിയാൽ ആണു റനീസിനു നൽകിയത്. ബാക്കി തുക രണ്ടാമതായി കാറിൽ കയറിയ വ്യക്തിയിൽ നിന്ന് വാങ്ങാൻ അസ്ലം ഖാൻ റനീസിനോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ അസ്ലം ഖാനിൽ നിന്ന് ബാക്കി 20 റിയാൽ കൂടി റനീസ് ബലമായി പിടിച്ച് വാങ്ങി കാർ മുന്നോട്ടെടുക്കുകയായിരുന്നു. എന്നാൽ ഈ സമയത്ത് കാറിൻ്റെ ഡോറിൽ ശക്തിയിൽ പിടിച്ച് നിന്നിരുന്ന അസ്ലം ഖാൻ റോഡിലേക്ക് മറിഞ്ഞു വീണു.
വീഴ്ചയുടെ ശക്തിയിൽ അസ്ലം ഖാൻ മരണപ്പെടുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് റനീസിനെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. മനപ്പൂർവമല്ലാതെ ചെയ്ത പ്രവൃത്തിയായതിനാൽ അസ്ലം ഖാൻ്റെ കുടുംബം ദിയ ( മോചന ദ്രവ്യം ) ലഭിച്ചാൽ റനീസിനു മാപ്പ് നൽകാൻ തയ്യാറായിട്ടുണ്ട്. 3 ലക്ഷം സൗദി റിയാലാണു കോടതി മോചന ദ്രവ്യമായി വിധിച്ചത്.
അസ്ലം ഖാൻ്റെ കുടുംബം മോചന ദ്രവ്യത്തിൻ്റെ കാര്യത്തിൽ ഇളവ് നൽകാൻ തയ്യാറാണെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെങ്കിൽ അസ്ലം ഖാൻ്റെ മക്കൾക്ക് പ്രായ പൂർത്തിയാകണമെന്നതിനാൽ തീരുമാനം ഇനിയും വൈകും. 48 വയസ്സുണ്ടായിരുന്ന അസ്ലം ഖാനു ഭാര്യയും 4 മക്കളുമാണുള്ളത്. അതേ സമയം ഇത്രയും ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ ഒരു നിമിഷത്തെ ദേഷ്യം വരുത്തി വെച്ച വിനയാലോചിച്ച് തടവറയിൽ കഴിയുകയാണു റനീസ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa