Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിലെ ഇടുങ്ങിയ ബഖാലകൾ ഇനി ഓർമ്മയാകും; മുൻ വശത്ത് ഗ്ളാസും ജോലിക്കാർക്ക് യൂണിഫോമും നിർബന്ധം; പുതിയ നിയമം അംഗീകരിച്ചു

സൗദിയിലെ ബഖാലകളും മിനി മാർക്കറ്റുകളും സെൻട്രൽ മാർക്കറ്റുകളുമെല്ലാം പരിഷ്‌ക്കരിക്കുന്ന വ്യവസ്ഥകൾ അടങ്ങിയ പുതിയ നിയമാവലി സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഡോ : മാജിദ് അൽ കസബി അംഗീകരിച്ചു. ബഖാല, മിനി മാർക്കറ്റ് മേഖലയിൽ ഏകീകൃത നിലവാരം കൊണ്ടു വരലും ബിനാമി ഇടപാടുകൾ അവസാനിപ്പിക്കലുമെല്ലാം നിയമാവലി പരിഷ്‌ക്കരിക്കുന്നതിലൂടെ മുനിസിപ്പൽ ഗ്രാമ കാര്യ മന്ത്രാലയം ലക്ഷ്യമാക്കുന്നുണ്ട്. പരിഷ്ക്കരിച്ച ബഖാലകൾ എങ്ങനെയുള്ളതായിരിക്കണമെന്ന് ആളുകളെ ബോധവത്ക്കരിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ അറബ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.

പുതിയ നിയമാവലി പ്രകാരം സ്ഥാപനങ്ങളുടെ മുൻ വശം മുഴുവൻ സുതാര്യമായ ഗ്ലാസ് ഉണ്ടായിരിക്കൽ നിർബന്ധമാണ് . അകത്ത് നിന്നും പുറത്തേക്കും പുറത്ത് നിന്നും അകത്തേക്കും നോക്കിയാൽ കാണണം. സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ സൗദി നിർമ്മാണ വ്യവസ്ഥതിക്ക് അനുസൃതമായിരിക്കുകയും വേണം.

ട്രേഡ് മാർക്ക് ഉള്ള സ്ഥാപനങ്ങൾക്ക് പുറത്ത് സ്ഥാപിക്കുന്ന ബോഡുകൾക്ക് 300 സെന്റി മീറ്ററിൽ കൂടാത്ത നീളവും 80 സെൻ്റി മീറ്ററിൽ കൂടാത്ത ഉയരവും ഉണ്ടായിരിക്കണം. കൊമേഴ്സ്യൽ രെജിസ്റ്റ്രേഷൻ നടത്തിയത് അനുസൃതമായിട്ടുള്ള ട്രേഡ് മാർക്ക് ബോഡിലെ കടയുടെ പേരിനു മുകളിൽ ഉണ്ടായിരിക്കണം. സ്വന്തമായി ട്രേഡ് മാർക്കില്ലാത്ത കടകൾക്കെല്ലാം ഏകീകൃത ബോഡുകൾ നിലവിൽ വരും.

കടകളിൽ സുഗമമായി സഞ്ചരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കണം. തിങ്ങിയ രീതിയിൽ സാധനങ്ങൾ കൂട്ടി വെക്കാനും ഉപകരണങ്ങൾ സ്ഥാപിക്കാനും പാടില്ല. കടകളിലെ എല്ലാ തൊഴിലാളികൾക്കും യൂണിഫോം നിർബന്ധമാകും. ഭക്ഷ്യ ഉത്പന്നങ്ങൾ വിൽക്കുന്ന കടകളാണെങ്കിൽ ഹെൽത്ത് കാർഡ് യുണിഫോമിനു മുകളിൽ പ്രദർശിപ്പിച്ചിരിക്കണം.

പുതുതായി ആരംഭിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ നിയമാലവികൾ തുടക്കം മുതലേ ബാധകമാകും. അതേ സമയം നിലവിലുള്ള ബഖാലകൾക്കും സൂപർമാർക്കറ്റുകൾക്കുമെല്ലാം പരിഷ്ക്കരണം നടപ്പാക്കാൻ 2 വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്