ഇനി സൗദികളെ ജോലിക്ക് നിയമിച്ചാൽ മാത്രം നിതാഖാത്തിൽ കര കയറില്ല
സൗദിയിലെ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ മിനിമം ശമ്പളം 4000 ആക്കുന്നതിനു തൊഴിലുടമകളെ നിർബന്ധിതരാക്കുന്ന പദ്ധതി നടപ്പിലാക്കാൻ സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു.
അടുത്ത വർഷം ജമാദുൽ ഊലയിൽ അഥവാ 2019 ഡിസംബർ അവസാനത്തോടെ തന്നെ പദ്ധതി നടപ്പാക്കുകയാണു അധികൃതരുടെ ലക്ഷ്യം. സിസ്റ്റം നിലവിൽ വന്നാൽ തൊഴിലുടമകൾ ഓരോ സ്വദേശിക്കും 4000 റിയാൽ മിനിമം ശംബളം കൊടുക്കേണ്ട അവസ്ഥ നിലവിൽ വരും.
സൗദിവത്ക്കരണം പ്രോത്സാഹിപ്പിക്കുകയാണു ഇത് വഴി അധികൃതർ ലക്ഷ്യമിടുന്നത്. നേരത്തെ നിതാഖാത്തിൽ സൗദിവത്ക്കരണ തോത് സൗദികളുടെ എണ്ണത്തിനനുസരിച്ചാണു തീരുമാനിച്ചിരുന്നതെങ്കിൽ ഇനി മുതൽ സൗദികളുടെ ശംബളത്തിനനുസരിച്ചായിരിക്കും തീരുമാനിക്കുക.
അതായത് ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സൗദി പൗരനു മിനിമം 4000 റിയാൽ ശംബളം നൽകിയാൽ മാത്രമേ അയാളെ നിതാഖാത്ത് സിസ്റ്റത്തിൽ ഒരു സ്വദേശിയായി പരിഗണിക്കുകയുള്ളൂ. അതേ സമയം സൗദി പൗരൻ്റെ ശംബളം 2000 റിയാലിൻ്റെ താഴെയാണെങ്കിൽ നിതാഖാത്തിൽ സ്വദേശിയുടെ സാന്നിദ്ധ്യം പൂജ്യമായിരിക്കും.
2000 ത്തിനും 4000 ത്തിനും ഇടയിലുള്ള വിവിധ തുകകളാണു ശംബളം നൽകുന്നതെങ്കിൽ വ്യത്യസ്ത അനുപാതത്തിലാണു നിതാഖാത്തിൽ സൗദി വത്ക്കരണ പോയിൻ്റ് കണക്കാകുക. ഒരു സൗദിയുടെ ശംബളം 3000 റിയാലാണെങ്കിൽ നിതാഖാത്തിൽ മുക്കാൽ ഭാഗം സ്വദേശിവത്ക്കരിച്ചതായാണ് കണക്കാക്കുക.
2000 റിയാലാണ് ശമ്പളം നൽകുന്നതെങ്കിൽ നിതാഖാത്തിൽ പകുതി ഭാഗം സ്വദേശിവത്ക്കരണം നടത്തിയതായി കണക്കാക്കും. 2500 ആണ് ശമ്പളം നൽകുന്നതെങ്കിൽ 0 .625 ഭാഗം സൗദിവത്ക്കരിച്ചതായാണ് കണക്കാക്കുക. ചുരുക്കത്തിൽ ഒരു സൗദിക്ക് 4000 റിയാൽ ശംബളം നൽകിയാൽ മാത്രമേ ഒരു സ്വദേശി 100 ശതമാനം ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതായി പരിഗണിക്കുകയുള്ളൂ എന്നർത്ഥം.
അതേ സമയം മിനിമം സാലറി 2000 റിയാൽ നൽകി രണ്ട് സൗദികളെ പാർട്ട് ടൈം ജോലിക്ക് നിയമിച്ചാൽ നിതാഖാത്തിൽ പകുതി സൗദിയായി പരിഗണിക്കും. മിനിമം സാലറി 2000 റിയാൽ നൽകി സൗദി വിദ്യാർത്ഥിയെ പാർട്ട് ടൈം ജോലിക്ക് നിയമിച്ചാലും പകുതി സൗദിവത്ക്കരണം നടത്തിയതായി കണക്കാക്കുകയും ചെയ്യും.
ഭിന്ന ശേഷിക്കാരായ സൗദികളെ ജോലിക്ക് നിയമിക്കുന്നതിലൂടെ തൊഴിലുടമകൾക്ക് വലിയ നേട്ടങ്ങളാണുണ്ടാകുന്നത്. ഒരു ഭിന്ന ശേഷിക്കാരനായ സൗദിയെ ജോലിക്ക് നിയമിക്കുന്നതിലൂടെ നിതാഖാത്തിൽ 4 സൗദികളെ ജോലിക്ക് നിയമിച്ചതായാണു പരിഗണിക്കുക.
വേതനം ചുരുങ്ങിയത് 4000 റിയാൽ ആക്കി നിശ്ചയിക്കുന്നത് സൗദികളെ സ്വകാര്യ മേഖലയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനു കാരണമാകുന്നതിനോടൊപ്പം സ്ഥാപനങ്ങളെ സ്വദേശിവത്ക്കരണത്തിനു നിർബന്ധിതരാക്കുന്നതിനും പ്രേരിപ്പിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa