സൗദിയിൽ കാരണമില്ലാതെ ഹുറൂബാക്കിയാലും ശംബളവും സർവീസ് ബെനഫിറ്റ് വൈകിപ്പിച്ചാലും കഫീലിന് പണി കിട്ടും
സൗദിയിലെ ഭേദഗതി ചെയ്ത തൊഴിൽ നിയമാവലി പ്രകാരം തൊഴിലുടമകൾ നടത്തുന്ന നിയമ ലംഘനങ്ങൾക്കുള്ള പിഴയിൽ വലിയ വർധനവാണ് വരുത്തിയിട്ടുള്ളത്. തൊഴിലാളികൾക്കുള്ള സുരക്ഷയും സംരക്ഷണവും അവകാശവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണിത് .
ഇഖാമയിലുള്ള പ്രഫഷനിലല്ലാത്ത ജോലിയിൽ വിദേശിയെ നിയമിച്ചാൽ സ്പോൺസർക്ക് 10,000 റിയാൽ പിഴ ലഭിക്കും. തൊഴിൽ കരാർ ഒപ്പു വെക്കാതെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിച്ചാലും പിഴ അടക്കേണ്ടി വരും.
നേരത്തെ തൊഴിലാളികളുടെ പാസ്പോർട്ടോ ഇൻഷൂറൻസ് കാർഡോ പിടിച്ച് വെക്കുന്ന സ്പോൺസർക്കുള്ള പിഴ 2000 റിയാലായിരുന്നെങ്കിൽ പുതിയ ഭേദഗതി പ്രകാരം ഇങ്ങനെ ചെയ്യുന്നവർക്ക് ഒരു പാസ്പോർട്ടിനു 5000 റിയാൽ വീതം പിഴ അടക്കേണ്ടി വരും.
തൊഴിലാളിയുമായുള്ള തൊഴിൽ കരാർ തൊഴിലുടമ അവസാനിപ്പിക്കുകയാണെങ്കിൽ കരാർ അവസാനിപ്പിച്ച് ഒരാഴ്ചക്കകം സർവ്വീസ് ബെനഫിറ്റും മറ്റ് ആനുകൂല്യങ്ങളും നൽകിയിരിക്കണം. അല്ലാത്ത പക്ഷം ഒരു തൊഴിലാളിക്ക് 10,000 റിയാൽ എന്ന തോതിൽ സ്പോൺസർക്ക് പിഴ ചുമത്തും. അതേ സമയം തൊഴിലാളിയാണു കരാർ അവസാനിപ്പിക്കുന്നതെങ്കിൽ ആനുകൂല്യങ്ങളും മറ്റും കൊടുത്ത് വീട്ടാൻ തൊഴിലുടമക്ക് രണ്ടാഴ്ചത്തെ സമയം അനുവദിക്കും.
കൃത്യ സമയത്ത് ശംബളം വിതരണം ചെയ്യാതിരുന്നാലും ശംബളം പിടിച്ച് വെച്ചാലും രാജ്യത്തെ ഔദ്യോഗിക കറൻസിയിലല്ലാതെ വേതനം വിതരണം ചെയ്താലും ഒരു തൊഴിലാളിക്ക് 3000 റിയാൽ എന്ന തോതിലാണു പിഴ ഈടാക്കുക. തൊഴിലാളികൾക്ക് ശംബളം രസീതില്ലാതെ കുറച്ച് നൽകിയാലും പിഴ അടക്കേണ്ടി വരും.
ജോലിക്കിടെ പരിക്കേൽക്കുന്ന തൊഴിലാളിക്ക് ചികിത്സ നൽകൽ തൊഴിലുടമയുടെ ബാധ്യതയാണ് . തൊഴിലാളിക്ക് ഇൻഷൂറൻസും ചികിത്സയും ലഭ്യമാകാതിരുന്നാൽ തൊഴിലുടമക്ക് 10,000 റിയാലാണു പിഴ ഈടാക്കുക. തൊഴിലാളികൾക്കിടയിൽ വിവേചനം കാണിച്ചാൽ 20,000 റിയാൽ പിഴ അടക്കേണ്ടി വരും .
അതേ സമയം ഒരു തൊഴിലാളി ഹുറൂബായതായി ( ഒളിച്ചോടുക) സ്പോൺസർ വ്യാജ പരാതി നൽകിയതാായി തെളിഞ്ഞാൽ സ്പോൺസർക്ക് 20,000 റിയാലാണു പിഴ ഈടാക്കുക. നിരവധി പ്രവാസികൾക്ക് ഈ നിയമം ഉപകാരമാകുമെന്നാണു കരുതുന്നത്.
ഇങ്ങനെ അനാവശ്യമായി ഹുറൂബാക്കിയ സ്പോൺസറുടെ കയ്യിൽ ആ തൊഴിലാളിക്ക് ശംബളം നൽകിയതായി രേഖകളൊന്നും ഇല്ലെങ്കിൽ അയാൾക്കെതിരെ ലേബർ ഓഫീസിൽ പരാതി നൽകിയാൽ കേസ് വിജയിക്കാൻ സാധ്യത ഏറെയാണെന്ന് അനുഭവസ്ഥർ പറയുന്നു.
അതോടൊപ്പം വാരാന്ത്യ അവധി അനുവദിക്കാതിരുന്നാലും കരാർ പ്രകാരം ഉള്ള അവധി നൽകാതിരുന്നാലും കൂടുതൽ സമയം ജോലി ചെയ്യിച്ചാലും സ്പോൺസർ 10000 റിയാൽ പിഴ അടക്കേണ്ടി വരും. സ്ത്രീ തൊഴിലാളികൾക്കുള്ള സുരക്ഷയും സൗകര്യവും കൂടുതൽ ഉറപ്പാക്കുന്നതാണ് പുതിയ നിയമാവലി. പുതിയ തൊഴിൽ കരാർ സൗദിയിലെ പ്രവാസികൾക്ക് തൊഴിലിടങ്ങളിൽ കൂടുതൽ സംരക്ഷണം ഒരുക്കുന്നതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa