Sunday, November 24, 2024
Saudi ArabiaTop Stories

മസ്ജിദുൽ ഹറാമിന്റെ മുറ്റത്തെ അംഗ ശുദ്ധി ചെയ്യുന്ന സ്ഥലങ്ങൾ നീക്കം ചെയ്യും

മക്ക: മസ്ജിദുൽ ഹറാമിൻ്റെ മുറ്റത്ത് പുറം ഭാഗത്തുള്ള അംഗശുദ്ധി (‘വുളൂഉ’ ) ചെയ്യുന്ന സ്ഥലങ്ങൾ നീക്കം ചെയ്യുമെന്ന് ഇരു ഹറം കാര്യ വകുപ്പുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങൾ നീക്കം ചെയ്യുന്നതോടൊപ്പം ലഗേജുകൾ സൂക്ഷിക്കാനുള്ള സൗകര്യങ്ങളും മറ്റു സൗകര്യപ്രദമായ ഇടങ്ങളിലേക്ക് മാറ്റും.

ഇതോടെ അംഗശുദ്ധി വരുത്താനുള്ള സൗകര്യങ്ങളെല്ലാം അണ്ടർ ഗ്രൗണ്ടിലേക്ക് മാറും. മസ്ജിദുൽ ഹറാമിനു പുറത്ത് നമസ്ക്കരിക്കുന്നതിനു കൂടുതൽ സ്ഥല സൗകര്യം ലഭ്യമാക്കുകയാണു അധികൃതരുടെ ലക്ഷ്യം.

വിഷൻ 2030 പദ്ധതി പ്രകാരം സൗദി അറേബ്യയിലേക്ക് വർഷത്തിൽ 3 കോടി തീർഥാടകരെ എത്തിക്കുകയാണു അധികൃതരുടെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി ഉംറ വിസ ഇഷ്യു ചെയ്യുന്ന നടപടിക്രമങ്ങളിലെല്ലാം നിരവധി മാറ്റങ്ങളാണു കൊണ്ട് വന്നിട്ടുള്ളത്.

ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് ആഭ്യന്തര തീർത്ഥാടകരടക്കം 25 ലക്ഷം ഹാജിമാർ പങ്കെടുത്തിട്ടുണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്