സൗദിയിൽ നിന്ന് റി എൻട്രി വിസ ഇഷ്യു ചെയ്യുംബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സൗദിയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾ അവധിക്ക് പോകുന്ന സമയത്ത് റി എൻട്രി വിസ ഇഷ്യു ചെയ്യുന്ന സന്ദർഭത്തിൽ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അധികൃതർ ഓർമ്മപ്പെടുത്തി.
ഒന്നാമതായി റി എൻട്രി വിസ ഇഷ്യു ചെയ്യാനുള്ളയാളുടെ പാസ്പോർട്ടിലെ വാലിഡിറ്റിയാണു പ്രധാനം. ചുരുങ്ങിയത് 3 മാസത്തെ കാലാവധി പാസ്പോർട്ടിൽ ഉണ്ടായിരിക്കണമെന്ന് ജവാസാത്ത് അറിയിക്കുന്നു.
തൊഴിലാളിക്ക് യാത്ര ചെയ്യാതിരിക്കാനുള്ള വിലക്കുകൾ ഇല്ലെന്ന് തൊഴിലുടമ ഉറപ്പ് വരുത്തേണ്ടതുണ്ട്. തൊഴിലാളിക്ക് ട്രാഫിക് പിഴ ഉണ്ടോ എന്ന് പരിശോധിക്കണം. ഉണ്ടെങ്കിൽ പിഴ അടക്കൽ നിർബന്ധമാണു.
റി എൻട്രി വിസക്കുള്ള ഫീസ് അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തലാണു മറ്റൊരു പ്രധാന കാര്യം. നേരത്തെ 6 മാസത്തേക്ക് വരെ 200 റിയാൽ ആയിരുന്നു ഫീസെങ്കിൽ ഇപ്പോൾ മിനിമം 200 റിയാൽ 2 മാസത്തെ റി എൻട്രി വിസക്ക് ഫീസ് ആയി അടക്കുന്നതോടൊപ്പം 2 മാസത്തിലധികം റി എൻട്രി വിസ ആവശ്യമുണ്ടെങ്കിൽ ഓരോ മാസത്തിനും 100 റിയാൽ വീതം അധികം അടച്ചാലേ വിസ ഇഷ്യു ആകുകയുള്ളൂ.
റി എൻട്രി വിസ രണ്ട് വിധത്തിൽ ഇഷ്യു ചെയ്യാൻ സാധിക്കും. ഒന്നാമത്തെ രീതി നിശ്ചിത തിയതിക്ക് മുംബ് മടങ്ങി വരണം എന്ന രീതിയിലാണു ഇഷ്യു ചെയ്യുക. ഇഖാമയിൽ കൂടുതൽ കാലാവധി ഇല്ലാത്ത സന്ദർഭങ്ങളിലാണൂ ഇങ്ങനെ ഇഷ്യു ചെയ്യാറുള്ളത്. അപ്പോൾ വിസ ഇഷ്യു ചെയ്ത അന്ന് മുതൽ തൊഴിലാളിയുടെ റി എൻട്രി വിസ ദിനങ്ങൾ ആരംഭിക്കും.
രണ്ടാമത്തെ രീതിയിലുള്ള റി എൻട്രി സൗദിയിൽ നിന്ന് പുറത്ത് പോയി നിശ്ചിത ദിവസങ്ങൾക്കകം മടങ്ങി വരണമെന്ന ഉപാധിയിലുള്ളതാണു. ഇങ്ങനെ ഇഷ്യു ചെയ്യണമെങ്കിൽ ആവശ്യമുള്ള അവധി ദിനങ്ങൾക്ക് പുറമെ ഇഖാമയിൽ 90 ദിവസം അധികം കാലാവധിയും ഉണ്ടായിരിക്കണം. അത്തരത്തിലുള്ള റി എൻട്രി വിസ ഇഷ്യു ചെയ്താൽ 90 ദിവസം വരെ സൗദിക്കകത്ത് തന്നെ കഴിഞ്ഞാലും പ്രശ്നമില്ല. കാരണം ഇവർ സൗദിയിൽ നിന്ന് പുറത്ത് പോയ അന്ന് മുതലാണു ഇവരുടെ റി എൻട്രി വിസ കാലാവധി ദിനങ്ങൾ ആരംഭിക്കുക.
അബ്ഷിർ വഴി റി എൻട്രി വിസ സ്പോൺസർമാർക്ക് ഇഷ്യു ചെയ്യാൻ സാധിക്കും. പ്രവാസികൾക്ക് അവരുടെ ഫാമിലി വിസയിലുള്ളവരുടെ റി എൻട്രി വിസ അബ്ഷിർ വഴി ഇഷ്യു ചെയ്യാം. അതോടൊപ്പം കുടുംബാംഗങ്ങളുടെ പാസ്പോർട്ട് റി ന്യൂ ചെയ്തതിനു ശേഷം നഖ്ൽ മഅലൂമാത്തും അബ്ഷിർ വഴി ചെയ്യാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa