ദുരന്തകാലത്ത് മാതൃകയായി പ്രവാസി മലയാളി
താൻ പുതുതായി പണികഴിപ്പിച്ച വീടിന്റെ വീടുകാഴ്ചക്കുള്ള മുഴുവൻ തുകയും ദുരിതാശ്വാസത്തിനു നൽകിയാണ് പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി മാട്ടുമ്മതൊടി അൻവർ നാട്ടുകാർക്ക് മുഴുവൻ മാതൃകയായത്.
അൽ റയാൻ ഗ്രൂപ്പ് ദമാം മാനേജർ ആയ അദ്ദേഹം തന്റെ പുതിയ വീട്ടിൽ താമസം തുടങ്ങുന്നതിന്റെ മുന്നോടിയായി നടത്താനിരുന്ന വിപുലമായ സൽക്കാരം പൂർണമായി ഒഴിവാക്കി പ്രദേശത്തെ മുൻനിര ക്ലബ്ബായ മിലാൻ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പട്ടിക്കാടിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറുകയായിരുന്നു.
അദ്ദേഹത്തിന്റെ ത്യാഗ സന്നദ്ധതയെ ആഘോഷമാക്കിയ മിലാൻ ക്ലബ്ബ് പ്രവർത്തകർ മുഴുവൻ ക്ലബ്ബ് മെംബർമാരെയും നാട്ടുകാരെയും പങ്കെടുപ്പിച്ച് അദ്ദേഹത്തിന്റെ തന്നെ വീട്ടിൽ ചായ സൽക്കാരം നടത്തിയാണ് അദ്ദേഹത്തോടുള്ള നന്ദി അറിയിച്ചത്.
രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട കരുവാരകുണ്ട് കേരളയിലെ കണ്ണൻതൊടിക ഷാജിക്ക് വീടുവെച്ചു നൽകി മിലാൻ പ്രവർത്തകർ വാർത്തയിൽ ഇടം പിടിച്ചിരുന്നു. ഇത്തവണയും താൽക്കാലിക ദുരിതാശ്വാസമെന്നതിലുപരിയുള്ള പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നതെന്ന് തുക ഏറ്റുവാങ്ങികൊണ്ട് ക്ലബ്ബ് പ്രസിഡന്റ് അഷ്റഫ് ചേരിയത്ത് പറഞ്ഞു.
പ്രവാസി മലയാളികൾ എന്നും കേരളത്തിന്റെ കണ്ണീരൊപ്പുന്നതിൽ കൂടെ നിന്നിട്ടുണ്ട്. ഈ പ്രളയവും അതിജീവിക്കാൻ അൻവറിനെ പോലെ ഒരുപാടു പേർ മുന്നോട്ട് വരാൻ ഇതൊരു തുടക്കമാവുമെന്ന് ആശംസാ പ്രസംഗത്തിൽ കബീർ ഫൈസി സൂചിപ്പിച്ചു.
ദുരന്തകാലത്ത് കല്യാണ ദൂർത്തും കേസും വാർത്തയിൽ ഇടം പിടിക്കുമ്പോൾ തന്നെയാണ് ഈ നന്മയുടെ വൃത്താന്തവും നമുക്കിടയിൽ ഉണ്ടാവുന്നതെന്നത് ആശാവഹമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa