ഇഖാമ 6 വർഷത്തിനപ്പുറം പുതുക്കരുതെന്ന പഠന റിപ്പോർട്ടിൽ പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ല
കഴിഞ്ഞ ദിവസം സൗദിയിലെ പ്രമുഖ ദിനപത്രമായ ‘അൽ റിയാദിൽ’ വന്ന സൗദി ശൂറാ കൗൺസിൽ മെംബറുടെ പഠന റിപ്പോർട്ട് സംബന്ധിച്ച വാർത്ത പ്രവാസ ലോകത്ത് വലിയ ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്.
സൗദിവത്ക്കരണം കൂടുതൽ ഊർജ്ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ സൗദി ശൂറാ മെബർ അബ്ദുൽ അസീസ് അൽ ജർബാഅ’ ആയിരുന്നു പ്രവാസികളെ ആശങ്കപ്പെടുത്തുന്ന രീതിയിലുള്ള വിവിധ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ശൂറാ സെക്യൂരിറ്റി സമിതിക്ക് സമർപ്പിച്ചത്.
സൗദിയിലെ വിദേശികളുടെ താമസ കാലാവധി 6 വർഷമാക്കി ചുരുക്കുക. ആവശ്യമെങ്കിൽ മാത്രം 6 വർഷം കൂടെ അധികം നൽകി 12 വർഷമാക്കി നിശ്ചയിക്കുക, എക്സിറ്റ് വിസയിൽ പോയ ഒരാൾക്ക് പിന്നീട് 10 വർഷത്തേക്ക് തൊഴിൽ വിസ നൽകാതിരിക്കുക തുടങ്ങിയ വിവിധ നിർദ്ദേശങ്ങളായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്.
അതേ സമയം ഗാർഹിക തൊഴിലാളികൾ, ഡോക്ടർമാർ, എഞ്ചിനീയർമാർ, കോളേജ് ഫാക്കൽറ്റി മെംബർമാർ തുടങ്ങിയവർക്ക് അവരുടെ തൊഴിലുടമ ആവശ്യപ്പെടുന്നയത്രയും കാലം ഇഖാമ പുതുക്കി നൽകാമെന്നും നിർദ്ദേശത്തിലുണ്ട്.
എന്നാൽ ഈ റിപ്പോർട്ടിൽ പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ല എന്നാണു റിപ്പോർട്ടിനുള്ള അധികൃതരുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്. കാരണം ഈ പഠന റിപ്പോർട്ട് അനുചിതമാണെന്നാണു ശൂറ സെക്യൂരിറ്റി സമിതിയുടെ വിലയിരുത്തൽ.
സൗദിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനു നിതാഖാത്തും സൗദിവത്ക്കൃത തൊഴിലുകളുമടക്കമുള്ള വിവിധ പദ്ധതികൾ തൊഴിൽ മന്ത്രാലയം തന്നെ ആസൂത്രണം ചെയ്യുന്നുണ്ടെന്നതിനാൽ പുതിയ പഠന റിപ്പോർട്ട് തൊഴിൽ മന്ത്രാലയത്തിൻ്റെ പദ്ധതികളിൽ കൈക്കടത്തലാകുമെന്നും ശൂറാ സുരക്ഷാ സമിതി വിലയിരുത്തിയിട്ടുണ്ട്.
അതോടൊപ്പം സൗദിയിൽ നിക്ഷേപങ്ങൾ നടത്താൻ സന്നദ്ധരായിട്ടുള്ള നിക്ഷേപകർക്ക് റിപ്പോർട്ടിൽ ആവശ്യപ്പെട്ട തരത്തിലുള്ള നീക്കങ്ങൾ വലിയ നീരസം ഉണ്ടാക്കുമെന്നും അത് നിക്ഷേപങ്ങൾ സൗദിയിലേക്കൊഴുകുന്നത് ഇല്ലാതാക്കുമെന്നും ശൂറാ സുരക്ഷാ സമിതി ആശങ്കപ്പെടുന്നു.
നിയോം, റെഡ് സീ പ്രൊജക്റ്റ്, ഖിദിയ പ്രൊജക്റ്റ് തുടങ്ങി നിരവധി വൻ കിട പദ്ധതികൾ രാജ്യത്ത് നടപ്പാക്കാനിരിക്കെ വിദേശികളുടെ താമസ കാലാവധിക്ക് പരിധി വെക്കാനുള്ള ഒരു നീക്കം ഉണ്ടാകാൻ സാധ്യതയില്ലെന്നു തന്നെ ഉറപ്പിക്കാൻ സാധിക്കും. കാരണം നിരവധി വിദേശ നിക്ഷേപകർ ഈ പദ്ധതികളിൽ മുതൽ മുടക്കുന്നതിനു ഒരുക്കമാണ് .
ഏതായാലും പഠന റിപ്പോർട്ട് ശൂറാ സുരക്ഷാ സമിതിയുടെ വിലയിരുത്തൽ കഴിഞ്ഞ ശേഷം ശൂറാ ജനറൽ കൗൺസിലിൽ വോട്ടിനിടും. എന്നാൽ സുരക്ഷാ സമിതി വിലയിരുത്തിയ പോലെ ശൂറയും ഈ നിർദ്ദേശത്തെ തള്ളുമെന്ന് തന്നെ പ്രതീക്ഷിക്കാമെന്നതിനാൽ പ്രസ്തുത പഠന റിപ്പോർട്ടിൽ പ്രവാസികൾക്ക് കൂടുതൽ ആശങ്കപ്പെടേണ്ടതില്ലെന്ന് തന്നെ മനസ്സിലാക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa