ഇങ്ങനെയും ചില കഫീലുമാരുണ്ട്; അവധി കഴിഞ്ഞെത്തിയ മലയാളിക്ക് സ്പോൺസർ നൽകിയത് രാജകീയ സ്വീകരണം
നാട്ടിലേക്ക് അവധിക്ക് പോയ മലയാളിയായ ഹൗസ് ഡ്രൈവർ തിരിച്ചെത്തിയപ്പോൾ സ്പോൺസറും കുടുംബവും നൽകിയ ഊഷ്മള സ്വീകരണത്തിൻ്റെ ദൃശ്യങ്ങൾ പ്രവാസ ലോകത്ത് വൈറലായി മാറിയിരിക്കുകയാണ് .

സൗദിയിലെ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ മിദ് ലാജ് എന്ന യുവാവിനെ പൂച്ചെണ്ട് നൽകി സ്പോൺസറുടെ കുടുംബത്തിലെ കുട്ടികൾ സ്വീകരിക്കുന്നതാണു ആദ്യ രംഗം.

ശേഷം യുവാവിൻ്റെ പേരെഴുതിയ കേക്കും സ്പെഷ്യൽ ഭക്ഷണവുമെല്ലാം ഒരുക്കി സ്പോൺസറും കുടുംബവും മിദ് ലാജിനു പ്രത്യേക വിരുന്നും നൽകുന്നത് വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്.

മിദ് ലാജിൻ്റെ റൂമിലുള്ള പഴയ കാർപ്പറ്റുകളും മറ്റും മാറ്റി പുതിയത് വിരിക്കുകയും റൂം മുഴുവനും അലങ്കരിക്കുകയും ചെയ്തതോടൊപ്പം രണ്ട് റെഫ്രിജറേറ്ററിൽ നിറയെ ഭക്ഷണ വിഭവങ്ങൾ സൂക്ഷിച്ചിരിക്കുന്നതും പുതിയ ടെലിവിഷനും മറ്റു ആവശ്യമായ സാധനങ്ങളെല്ലാം പുതിയതായി വാങ്ങി വെച്ചതും മിദ് ലാജ് വീഡിയോയിൽ കാണിക്കുന്നുണ്ട്.

സൗദിയിലെ ഹൗസ് ഡ്രൈവർമാരിൽ ചിലർ സ്പോൺസർമാരുടെ മോശം പെരുമാറ്റങ്ങൾ കാരണം വലിയ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെന്നത് ശരിയാണെങ്കിലും ചിലയാളുകൾ ചെയ്യുന്ന തെറ്റിനു എല്ലാവരെയും കുറ്റപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്ന് മിദ് ലാജിനു അദ്ദേഹത്തിൻ്റെ സ്പോൺസർ നൽകിയ വൻ സ്വീകരണം ബോധ്യപ്പെടുത്തുന്നു.

ഇതിനു മുംബും സൗദിയിലെ സഹൃദയരായ നിരവധി സ്പോൺസർമാർ തങ്ങളുടെ തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകി ആദരിച്ചത് വലിയ വാർത്തകളായിരുന്നു.

ദീർഘ കാലം ജോലി ചെയ്ത് മടങ്ങിയ ഒരു പ്രവാസിക്ക് സൗദി കുടുംബം ഒന്നിച്ച് വലിയ യാത്രയയപ്പും സമ്മാനങ്ങളുമെല്ലാം കൊടുക്കുന്നത് മുംബ് വൈറലായ വാർത്തയായിരുന്നു. നാട്ടിൽ നിൽക്കുംബോഴും പ്രതിമാസം ശംബളം നൽകുമെന്ന് വാഗ്ദാനം ചെയ്ത കഫീലുമാരും ഉണ്ടായിട്ടുണ്ട്.

മറ്റൊരു സ്പോൺസർ തൻ്റെ ജോലിക്കാരൻ്റെ വിവാഹം മറ്റൊരു സ്പോൺസറുടെ കീഴിലുള്ള ജോലിക്കാരിയുമായി നടത്തിക്കൊടുത്തതും വിവാഹ സൽക്കാരം സൗദി ശൈലിയിൽ ആർഭാടമാക്കിയതുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു.

ഏത് രാജ്യത്തായാലും വിവിധ സ്വഭാവ വിശേഷങ്ങൾ ഉള്ളവർ ഉണ്ടാകുമെന്നതിനാൽ ആരെങ്കിലും മോശമായി പെരുമാറിയാൽ അത് എല്ലാ സ്പോൺസർമാരെയും അടച്ചാക്ഷേപിക്കാൻ കാരണമാകുന്നത് ശരിയായ രീതിയല്ല. കാരണം ഒരു കുടുംബാംഗത്തെപ്പോലെ തൻ്റെ തൊഴിലാളിയെ പരിഗണിക്കുന്ന ധാരാളം കഫീലുമാർ സൗദിയിലും മറ്റു അറബ് രാജ്യങ്ങളിലും ഉണ്ടെന്നത് നമ്മിൽ പലരും ഓർക്കേണ്ടതുണ്ട് എന്നതിന് വിവിധ സംഭവങ്ങൾ തെളിവാണ് .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa