Tuesday, November 26, 2024
Saudi ArabiaTop Stories

തൊഴിലാളിക്ക് അവധിക്ക് പകരം പണം നൽകിയാൽ മതിയാകില്ല; എട്ട് മണിക്കൂറിലധികം ജോലി ചെയ്യിപ്പിക്കാൻ പാടില്ല:

ജിദ്ദ: തൊഴിലാളിയെക്കൊണ്ട് ദിവസം 8 മണിക്കൂറിലധികവും ആഴ്ചയിൽ 48 മണിക്കൂറിലധികവും ജോലി ചെയ്യിപ്പിക്കാൻ തൊഴിലുടമക്ക് അവകാശമില്ലെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ.

ദിനം പ്രതി സമയ ക്രമം പാലിക്കുകയാണെങ്കിൽ ഒരു ദിവസം 8 മണിക്കൂറിലധികവും ആഴ്ചയിൽ മൊത്തം സമയം കണക്കാക്കുകയാണെങ്കിൽ പരമാവധി 48 മണിക്കൂറിലധികവും ഒരു തൊഴിലാളിയെ ജോലി ചെയ്യിപ്പിക്കാൻ അനുമതിയില്ല.

റമളാൻ മാസത്തിൽ ഒരു ദിവസം പരമാവധി 6 മണിക്കൂറോ ആഴ്ചയിൽ 36 മണിക്കൂറോ മാത്രമേ ജോലി ചെയ്യിപ്പിക്കാൻ പാടുള്ളൂ.

തൊഴിലാളിക്കുള്ള തൊഴിൽ സമയം തൊഴിലുടമ ക്രമപ്പെടുത്തേണ്ടതുണ്ട്. ഭക്ഷണമോ വിശ്രമമോ പ്രാർഥനാ സമയമോ ലഭിക്കാതെ തുടർച്ചയായി 5 മണിക്കൂറിലധികം ഒരു തൊഴിലാളി ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.

തൊഴിലാളിക്ക് അനുവദിക്കുന്ന വിശ്രമ സമയം അര മണിക്കൂറിൽ ചുരുങ്ങാൻ പാടില്ല. ഒരു തൊഴിലാളി തൻ്റെ തൊഴിലിടത്തിൽ പരമാവധി 12 മണിക്കൂർ മാത്രമേ ഏത് സാഹചര്യത്തിലും നിൽക്കാൻ പാടുള്ളൂ.

ഭക്ഷണ, വിശ്രമ സമയങ്ങൾ തൊഴിൽ സമയങ്ങളിൽ ഉൾപ്പെടുകയില്ല. അത് കൊണ്ട് തന്നെ ആ സമയങ്ങളിൽ ജോലി ചെയ്യാൻ ആവശ്യപ്പെടാൻ തൊഴിലുടമക്ക് അവകാശമില്ല.

വെള്ളിയാഴ്ച ഓരോ തൊഴിലാളിക്കും അവധി നൽകേണ്ടതുണ്ട്. അതേ സമയം വെള്ളിയാഴ്ചക്ക് പകരം മറ്റൊരു ദിവസം തൊഴിലുടമക്ക് അവധി നൽകാൻ അനുമതിയുണ്ട്. ഇത് ലേബർ ഓഫീസിൽ അറിയിച്ചിരിക്കണമെന്നാണു ചട്ടം. വെള്ളിയാഴ്ച ജോലി ചെയ്യുന്നവർക്ക് പ്രാർത്ഥനക്കുള്ള അവസരം തൊഴിലുടമ നൽകിയിരിക്കണം.

വാരാന്ത്യ അവധിക്ക് പകരം പണം നൽകിയാൽ മതിയാകില്ല. അവധി ദിനത്തിൽ 24 മണിക്കൂർ പൂർണ്ണമായും ഒരു ദിവസത്തെ വേതനം നൽകിക്കൊണ്ട് തന്നെ അവധി നൽകിയിരിക്കണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്