ഇഖാമ കാലാവധി കഴിഞ്ഞ പ്രവാസികളുടെ മക്കൾക്ക് സൗദിയിൽ പഠനം തുടരാം
പ്രവാസികളായ കുടുംബങ്ങൾക്ക് ആശ്വാസമായിക്കൊണ്ട് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സുപ്രധാന തീരുമാനം .
ഇഖാമ കാലാവധി കഴിഞ്ഞ വിദേശ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം തുടരാൻ അനുമതി നൽകാനാണു സൗദി വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.
രാജ്യത്തെ എല്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും മന്ത്രാലയത്തിൻ്റെ അറിയിപ്പ് ഇലക്ട്രോണിക് മീഡിയകൾ വഴി കൈമാറിയിട്ടുണ്ട്. തീരുമാനത്തിൻ്റെ എഴുതിയ പകർപ്പും വൈകാതെ കൈമാറും.
ഈ അദ്ധ്യയന വർഷാവസാനം വരെ ഇഖാമ കാലാവധി കഴിഞ്ഞ വിദേശ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കണമെന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും ഇത് മൂലം കുട്ടികളുടെ പഠനം മുടങ്ങില്ലെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ഇതോടൊപ്പം വിസിറ്റിംഗ് വിസയിൽ രാജ്യത്തുള്ള യമനി വിദ്യാർത്ഥികൾക്ക് തിരക്കില്ലാത്ത സർക്കാർ സ്കൂളുകളിൽ അഡ്മിഷൻ നൽകുന്നതിനും സിറിയൻ കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിൽ പ്രവേശനം നൽകുന്നതിനും സൗകര്യമൊരുക്കണമെന്നും മന്ത്രാലയത്തിൻ്റെ തീരുമാനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ഏതായാലും വിവിധ കാരണങ്ങൾ കാരണം ഇഖാമകൾ പുതുക്കാൻ സാധിക്കാത്ത രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളുടെ പഠനം പാതി വഴിയിൽ മുടങ്ങില്ലെന്ന ഉറപ്പാണു മന്ത്രാലയ തീരുമാനം വഴി ലഭിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa