Sunday, November 24, 2024
Abu DhabiTop Stories

തെരുവുകളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നവർക്ക് കനത്ത പിഴ

അബുദാബി: ആഴ്ചകളായി തങ്ങളുടെ കാറുകൾ തെരുവുകളിലും പൊതു സ്ക്വയറുകളിലും ഉപേക്ഷിക്കുന്ന വാഹന ഉടമകൾക്ക് 3,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

റോഡരികുകളിലും പൊതു സ്ക്വയറുകളിലും കാറുകൾ ഉപേക്ഷിക്കുന്നത് മുനിസിപ്പൽ നിയമങ്ങളുടെ ലംഘനമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് അബുദാബി മുനിസിപ്പാലിറ്റി വ്യാഴാഴ്ച പുതിയ മുന്നറിയിപ്പുകൾ നൽകിയത്.

മുസഫ ഇൻഡസ്ട്രിയൽ ഏരിയ, മാഫ്രാക്ക്, ബനിയാസ് തുടങ്ങി വിവിധ പ്രദേശങ്ങളിൽ വൃത്തികെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ നൂറുകണക്കിന് കാറുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. തെരുവുകളിൽ ദീർഘകാലം പാർക്ക് ചെയ്തിരുന്ന കാറുകൾ പരിസ്തിഥി മലിനീകരണത്തിനു കാരണമാകുന്നു, എന്നു മാത്രമല്ല നഗരത്തിന്റെ സൗന്ദര്യത്തെ അത് വികലമാക്കുന്നു എന്നും അധികൃതർ വിലയിരുത്തി.

പാർക്കിംഗ് ഏരിയകളിലോ റോഡരികിലോ (വളപ്പുകളോ വേലികളോ ഇല്ലാത്ത സ്ഥലങ്ങളിൽ) ഉപേക്ഷിക്കപ്പെട്ടതായി തോന്നിയതിനാലാണ് മിക്ക വാഹനങ്ങളും പിടിച്ചെടുത്തതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

നഗര പാതകളുടെയും കാർ പാർക്കുകളുടെയും ദൈനംദിന പരിശോധന മുനിസിപ്പാലിറ്റി ഇൻസ്പെക്ടർമാരാണ് നടത്തുന്നത്. വാഹനങ്ങൾ രണ്ടാഴ്ച നിരീക്ഷിച്ച ശേഷം നോട്ടീസ് പതിക്കും. ഇതിനു ശേഷമായിരിക്കും നടപടി.

വാഹനമോടിക്കുന്നവർ തെരുവുകളിൽ ഉപേക്ഷിക്കുന്നതിനുള്ള പിഴ 3,000 ദിർഹമാണ്, എന്നാൽ കാർ പിടിച്ചെടുത്ത് 30 ദിവസത്തിനുള്ളിൽ പിഴ ഒടുക്കിയാൽ ഉടമ 1500 ദിർഹം നൽകിയാൽ മതിയെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa