സൗദിയിലേക്ക് 300 റിയാലിന് വിസിറ്റിങ് വിസ സ്റ്റാമ്പ് ചെയ്യൽ ആരംഭിച്ചു; അൽപം ചിലവേറും
സൗദിയിലേക്കുള്ള എല്ലാ തരത്തിലുള്ള വിസിറ്റിങ് വിസകൾക്കും, ഹജ്ജ് , ഉംറ വിസകൾക്കും 300 റിയാൽ എന്ന നിശ്ചിത ഫീസ് ക്രമീകരിച്ച ശേഷം പുതിയ സിസ്റ്റം പ്രകാരം വിസിറ്റിങ് വിസ ഇഷ്യു ചെയ്യൽ ആരംഭിച്ചതായി റിപ്പോർട്ട്.
പുതിയ സിസ്റ്റം പ്രകാരം ഒരു വർഷത്തേക്കുള്ള മൾട്ടി എൻട്രി വിസക്കും 3 മാസത്തേക്കുള്ള സിംഗിൾ എൻട്രി വിസക്കും 300 റിയാൽ ആണു സ്റ്റാംബിംഗ് ചാർജ്ജ്.
ഒരു വർഷത്തേക്കുള്ള മൾട്ടി എൻട്രി വിസയിൽ എത്തുന്നവർക്ക് ഓരോ 3 മാസത്തിലും വിസ പുതുക്കാമെങ്കിലും അതോടൊപ്പം സൗദിയിൽ നിന്ന് പുറത്ത് പോയി തിരികെ വരൽ നിർബന്ധമാണ്.
അതേ സമയം 3 മാസത്തെ സിംഗിൾ എൻട്രി വിസയിൽ എത്തുന്നവർക്ക് വിസ ഒരു മാസത്തേക്കാണു ഇഷ്യു ചെയ്യുക. എന്നാൽ സൗദിയിലെത്തി ഒരു മാസം കഴിഞ്ഞാൽ ഓരോ മാസവും പുതുക്കാൻ സാധിക്കും. രാജ്യത്ത് നിന്ന് പുറത്ത് പോകേണ്ടതില്ല.
പ്രത്യക്ഷത്തിൽ വിസ നടപടികളും മറ്റും പ്രവാസികൾക്കും കുടുംബങ്ങൾക്കും വളരെ ആശ്വാസമാണെങ്കിലും നിലവിലുള്ള ചെലവുകളിൽ നിന്നും അല്പം വർധനവുണ്ടാകുമെന്നാണു മനസ്സിലാകുന്നത്.
നേരത്തെയുണ്ടായിരുന്ന ഫാമിലി വിസിറ്റിംഗ് സംവിധാനം ഇതോടെ ഒഴിവായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെ ഫാമിലി വിസിറ്റിംഗ് വിസക്ക് സൗദിയിൽ എത്തിയാൽ 3 മാസം കഴിഞ്ഞ് 100 റിയാൽ നൽകിയാൽ വിസ 3 മാസത്തേക്ക് കൂടി പുതുക്കാൻ സാധിക്കുമായിരുന്നു. അതേ സമയം പുതിയ മൾട്ടി വിസ നിയമ പ്രകാരം 3 മാസം കഴിഞ്ഞാൽ 3 മാസത്തേക്ക് കൂടി വിസ പുതുക്കാമെങ്കിലും സൗദിയിൽ നിന്ന് പുറത്ത് പോയി തിരികെ പ്രവേശിക്കണമെന്ന നിയമം ചിലവ് കൂട്ടും.
അതോടൊപ്പം 3 മാസത്തെ വിസിറ്റിംഗ് വിസയിൽ എത്തുന്നവർക്കും നേരിയ തോതിൽ ചിലവ് വർധിച്ചേക്കും. കാരണം, ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം 3 മാസത്തേക്ക് എത്തുന്നവർ ഓരോ മാസം കഴിയുംബോഴും വിസ പുതുക്കേണ്ടി വരും. ഇതിനു ഫീസ് നൽകേണ്ടി വരും.
സിംഗിൾ എൻട്രിയിൽ വരുന്നവർക്കും ഒരു വർഷത്തെ മൾട്ടി എൻട്രിയിൽ വരുന്നവർക്കും പുതുക്കുന്ന സമയങ്ങളിലെല്ലാം ഇൻഷൂറൻസ് പുതുക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ആ ചെലവും ബാധ്യതയായി മാറിയേക്കും. എന്നാൽ അത് എപ്രകാരമായിരിക്കുമെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.
ഇനി എല്ലാ പ്രഫഷനുകളിലുള്ളവർക്കും വിസിറ്റിംഗ് വിസ ലഭിക്കുമോ എന്ന സംശയം പല പ്രവാസികളും ഉന്നയിക്കുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ വ്യക്തമായ വിവരങ്ങൾ ഇത് വരെ ലഭ്യമായിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa