സൗദിയിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സിംഗിൾ-മൾട്ടി വിസിറ്റിംഗ് വിസകളിൽ സൗദിയിൽ നിന്ന് പുറത്ത് പോകാതെ 6 മാസം വരെ നിൽക്കാം
സൗദിയിലേക്ക് പുതിയ ഏകികൃത ഫീസായ 300 റിയാലിനു വിസിറ്റിംഗ് വിസയിൽ എത്തുന്നവർക്ക് തുടർച്ചയായി 6 മാസം വരെ നിൽക്കാൻ സാധിക്കുമെന്ന ആശ്വാസ വാർത്ത ജവാസാത്ത് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് സൗദിയിൽ നിന്നുള്ള വിവിധ മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പുതിയ രീതി പ്രകാരം ഒരു മാസത്തേക്ക് മാത്രമാണ് സിംഗിൾ എൻട്രി വിസിറ്റിംഗ് വിസ ഇഷ്യു ചെയ്യുക. ഈ വിസ ഓരോ മാസവും ഇന്‍ഷുറന്‍സ് പുതുക്കിയും അബ്ഷീര്‍ വഴി ഫീസടച്ചും പുതുക്കാൻ സാധിക്കുമെന്നും ആറ് മാസം വരെ സന്ദർശകർക്ക് ഇങ്ങനെ സൗദിയിൽ തുടരാമെന്നുമാണു ജവാസാത്തിനെ ഉദ്ധരിച്ച് സൗദിയിലെ മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേ സമയം ഒരു വര്‍ഷത്തേക്ക് മൾട്ടി വിസിറ്റിംഗ് വിസ എടുക്കുകയാണെങ്കിൽ തുടർച്ചയായി മൂന്നു മാസം പൂർത്തിയായ ശേഷം ഒരു തവണ കൂടി പുതുക്കിയാല്‍ രാജ്യം വിടാതെ തന്നെ വീണ്ടും മൂന്നു മാസം കൂടി കഴിയാം. അതായത് മൾട്ടി എൻട്രി വിസിറ്റിംഗ് വിസയിൽ എത്തുന്നവർക്ക് രാജ്യത്ത് നിന്ന് പുറത്ത് പോകാതെ തന്നെ തുടർച്ചയായി ആറു മാസം വരെ സൗദിയിൽ തുടരാൻ കഴിയും എന്നർത്ഥം. എന്നാൽ ആറു മാസം തികയുന്നതിനു മുംബ് ഇവർ രാജ്യത്തിനു പുറത്ത് പോയി തിരിച്ചു വരണമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മൾട്ടി വിസിറ്റിംഗ് വിസയിൽ എത്തി മൂന്ന് മാസം കഴിഞ്ഞ് പുതുക്കി 6 മാസം പൂർത്തിയാകുന്നതോടെ സൗദിയിൽ നിന്ന് പുറത്ത് പോയി തിരികെ വന്നാല്‍ ഒൻപതാമത്തെ മാസവും സൗദിയിൽ നിന്ന് പുറത്ത് പോകാതെ അബ്ഷിർ വഴി പുതുക്കാൻ സാധിക്കും. പിന്നീട് ആകെ ഒരു വർഷം പൂർത്തിയാകും മുംബ് സൗദിയിൽ നിന്ന് പുറത്ത് പോയാൽ മതി.
സിംഗിൾ എൻട്രി വിസയും മൾട്ടി എൻട്രി വിസയും ലഭ്യമാണെങ്കിലും നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പ്രവാസികൾക്ക് ഒരു വർഷ മൾട്ടി വിസിറ്റിംഗ് വിസ എടുക്കുകയാണു ലാഭകരമെന്നാണു മനസ്സിലാകുന്നത്.
കാരണം മുകളിൽ സൂചിപ്പിച്ചത് പ്രകാരം മൾട്ടി എൻട്രി വിസയിൽ 3 മാസം പൂർത്തിയാകുംബോൾ ഒരു തവണ പുതുക്കുന്നതോടെ തുടർച്ചയായി 6 മാസത്തിനടുത്ത് സൗദിയിൽ നിന്ന് പുറത്ത് പോകാതെ തന്നെ കഴിയാനുള്ള അവസരം ഉണ്ട്. അതേ സമയം സിംഗിൾ എൻട്രി വിസയിൽ 6 മാസം വരെ താമസിക്കാമെങ്കിലും ഓരോ മാസം പൂർത്തിയാകുംബോഴേക്കും പുതുക്കൽ നിർബന്ധമാണ്. അത് കൂടുതൽ പണച്ചിലവുണ്ടാക്കും.
മൾട്ടി എൻട്രി വിസക്കും സിംഗിൾ എൻട്രി വിസക്കുമുള്ള ഇൻഷുറൻസ് ചാർജ്ജുകളും പുതുക്കാനുള്ള ജവാസാത്ത് ഫീസും നടപടിക്രമങ്ങളും തുലനം ചെയ്യുമ്പോൾ ഓരോ മാസവും പുതുക്കുന്ന സിംഗിൾ എൻട്രി വിസ എടുക്കുന്നതിലും നല്ലത് 3 മാസം കഴിഞ്ഞു പുതുക്കുന്ന മൾട്ടി എൻട്രി വിസ തന്നെയായിരിക്കും.
അതേ സമയം നിലവിൽ മൂന്ന് മാസത്തേക്ക് വിസിറ്റിങ് വിസയെടുത്ത് സൗദിയിൽ കഴിയുന്നവർക്ക് ഇനി പുതുക്കുമ്പോൾ 3 മാസം ലഭിക്കുമോ അതോ പുതിയ രീതിപ്രകാരം 1 മാസമാണോ ലഭിക്കുക എന്നതിൽ അവ്യക്തത തുടരുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യയിലെ സൗദി എംബസിയിൽ നേരത്തെ ഇഷ്യു ചെയ്തിരുന്ന 3 മാസ വിസ സ്റ്റാമ്പ് ചെയ്യാൻ കൊടുത്തവർക്ക് ഒരു മാസത്തെ വിസയാണ് അനുവദിച്ചത് എന്നാണ് ട്രാവൽ ഏജന്റുമാർ അറിയിക്കുന്നത്. അത് കൊണ്ട് പുതിയ സിസ്റ്റം പ്രകാരം മൾട്ടി വിസിറ്റിങ് വിസയിൽ ആശ്രിതരെ കൊണ്ട് വരാൻ ആഗ്രഹിക്കുന്നവർക്ക് നിലവിൽ 3 മാസ വിസ ലഭിച്ചിട്ടുണ്ടെങ്കിൽ അത് സ്റ്റാമ്പ് ചെയ്യാൻ നൽകാതെ പുതിയ മൾട്ടി എൻട്രി വിസക്ക് അപേക്ഷിക്കുകയാണ് നല്ലത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa