സൗദിയിൽ 3 സന്ദർഭങ്ങളിൽ തൊഴിലാളിയെ ഹുറൂബാക്കാൻ സാധിക്കില്ല
സൗദിയിലെ ഗാർഹിക തൊഴിലാളികളെ ഹുറൂബാക്കുന്നതിനെ (ഒളിച്ചോടിയതായി രേഖപ്പെടുത്തൽ) സംബന്ധിച്ച് ജവാസാത്ത് അധികൃതർ വിശദ വിവരങ്ങൾ നൽകി. ഹുറൂബ് സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് ജവാസാത്ത് വിശദീകരണം.
ഒരു തൊഴിലാളി ഒളിച്ചോടിയാൽ അബ്ഷിർ വഴി തന്നെ ഹുറൂബായി രേഖപ്പെടുത്താൻ തൊഴിലുടമക്ക് സാധിക്കും. ഹുറൂബാക്കി 90 ദിവസം തൊഴിലാളിയുടെ വിവരങ്ങൾ സ്‌പോൺസറുടെ രേഖയിൽ തന്നെ നില നിൽക്കും.
90 ദിവസം കഴിഞ്ഞാൽ സ്‌പോൺസറുടെ രേഖകളിൽ നിന്ന് തൊഴിലാളിയുടെ വിവരങ്ങൾ നീക്കം ചെയ്യും. അതേ സമയം സൗദി സുരക്ഷാ വിഭാഗത്തിന്റെ രേഖകളിൽ ഹുറൂബാക്കപ്പെട്ടയാളുടെ വിവരങ്ങൾ സൂക്ഷിക്കപ്പെടുകയും ചെയ്യും.
ഹുറൂബാക്കപ്പെട്ടയാളുടെ പാസ്പോർട്ട് ഹുറൂബാക്കി 90 ദിവസം കഴിഞ്ഞ് തൊഴിലുടമ തർഹീലിൽ ( ഡീ പോർട്ടേഷൻ സെന്റർ ) സമർപ്പിക്കണം. അതോടൊപ്പം ഒരു തൊഴിലാളിയെ ഹുറൂബാക്കുംബോൾ അറിഞ്ഞിരിക്കേണ്ട വ്യവസ്ഥകളെക്കുറിച്ചും ജവാസാത്ത് വ്യക്തമാക്കി.
തൊഴിലാളിയുടെ ഇഖാമ കാലാവധിയുള്ളതായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. അതേ സമയം ഹുറൂബാക്കുന്നത് ആദ്യത്തെ തവണയായിരിക്കണം. നേരത്തെ ഒരു തവണ ഹുറൂബാക്കിയ ആളെ വീണ്ടും ഹുറൂബാക്കാൻ സാധിക്കില്ല.
ഒരു തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്തിരിക്കെ അയാളെ ഹുറൂബാക്കാൻ സാധിക്കില്ലെന്നും ജവാസാത്ത് വിശദീകരണത്തിൽ അറിയിക്കുന്നുണ്ട്.
അബ്ഷിർ വഴി ഹുറൂബാക്കാമെങ്കിലും അബ്ഷിർ വഴി ഹുറൂബ് നീക്കം ചെയ്യാൻ സാധിക്കില്ല. ഹുറൂബ് നീക്കം ചെയ്യാൻ തർഹീലിൽ നേരിട്ട് പോകണമെന്നാണ് വ്യവസ്ഥ. അതേ സമയം ഹുറൂബാക്കി 15 ദിവസം കഴിഞ്ഞാൽ പിന്നീട് ഹുറൂബ് നീക്കം ചെയ്യാനും സാധിക്കില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa