സൗദിയിൽ ഫൈനൽ എക്സിറ്റ് ലഭിച്ച ശേഷം തൊഴിലാളി മുങ്ങിയാൽ സംഭവിക്കുന്നത്
സൗദിയിൽ ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്ത ശേഷം തൊഴിലാളി രാജ്യം വിടാതെ മുങ്ങിയാൽ നിയമപരമായി സ്പോൺസർക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്.
കഴിഞ്ഞ ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട് സൗദി ജവാസാത്തിനോട് ഒരു സൗദി പൗരൻ ചോദിച്ച ചോദ്യത്തിന് ജവാസാത്ത് നൽകിയ മറുപടിയിൽ വ്യക്തമായ ഉത്തരം നൽകുന്നുണ്ട്.
ഇഖാമ കാലാവധി തീരും മുമ്പേ തൊഴിലാളിക്ക് എല്ലാ ആനുകൂല്യങ്ങളും ഫൈനൽ എക്സിറ്റ് വിസയും നൽകുകയും ചെയ്‌താൽ പിന്നീട് സ്പോൺസർക്ക് അയാളുടെ മേലുള്ള ഉത്തരവാദിത്വം തീരുമോ എന്ന ചോദ്യത്തിനായിരുന്നു ജവാസാത്ത് ഉത്തരം നൽകിയത്.
ഫൈനൽ എക്സിറ്റ് നൽകിയിട്ടും രാജ്യം വിട്ട് പോകാത്ത തൊഴിലാളി എവിടെയാണ് എന്നറിയാത്ത അവസ്ഥയിൽ അയാളെ ഹുറൂബാക്കണമെന്നാണ് ജവാസാത്ത് ചോദ്യത്തിന് മറുപടി നൽകിയത്.
ഫൈനൽ എക്സിറ്റ് വിസ നില നിൽക്കെ ഹുറൂബ് ആക്കാൻ സാധിക്കില്ലെന്നിരിക്കെ നിലവിലുള്ള എക്സിറ്റ് വിസ കാൻസൽ ചെയ്തതിന് ശേഷമായിരിക്കണം ഹുറൂബ് ആക്കേണ്ടത്.
ഒരു തൊഴിലാളി രാജ്യത്ത് പ്രവേശിച്ചത് മുതൽ ആ തൊഴിലാളി രാജ്യം വിടുന്നത് വരെയുള്ള മുഴുവൻ ഉത്തരവാദിത്വങ്ങളും സ്പോണ്സർക്ക് തന്നെയായിരിക്കുമെന്ന് ജവാസാത്ത് ഓർമ്മപ്പെടുത്തി.
ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത ദിവസം മുതൽ ഇഖാമയിൽ കാലാവധിയുണ്ടെങ്കിലും ഇല്ലെങ്കിലും 60 ദിവസം കൂടെ ഒരാൾക്ക് സൗദിയിൽ തുടരാൻ സാധിക്കും. ഹുറൂബാക്കപ്പെട്ട ഒരാളുടെ രേഖകൾ 90 ദിവസം കഴിയുന്നതോടെ സ്‌പോൺസറുടെ ഉത്തരവാദിത്വത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും സൗദി സുരക്ഷാ വിഭാഗത്തിന്റെ രേഖയിൽ സ്ഥിരമായി സൂക്ഷിക്കപ്പെടുകയും ചെയ്യും.
ഗാർഹിക തൊഴിലാളികളെ അബ്ഷിർ വഴി ഹുറൂബാക്കാമെങ്കിലും അബ്ഷിർ വഴി ഹുറൂബ് നീക്കം ചെയ്യാൻ സാധിക്കില്ല. ഹുറൂബ് നീക്കം ചെയ്യാൻ ഡിപോർട്ടേഷൻ സെന്ററിൽ സ്പോൺസർ നേരിട്ട് എത്തണം. എന്നാൽ ഹുറൂബ് ആക്കി 15 ദിവസം കഴിഞ്ഞാൽ പിന്നീട് സ്പോണ്സർക്ക് ഹുറൂബ് ഒഴിവാക്കാൻ സാധിക്കില്ല.
ഇഖാമ കാലാവധി അവസാനിച്ചയാളെയും ഫൈനൽ എക്സിറ്റ് നിലവിലുള്ളയാളെയും ഹുറൂബാക്കാൻ സാധിക്കില്ല. നേരത്തെ ഒരിക്കൽ ഹുറൂബാക്കിയ ആളെയും രണ്ടാമത്തെ തവണ ഹുറൂബാക്കാൻ സാധിക്കില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa