Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ പൊതു മാപ്പ് പ്രഖ്യാപിക്കുമോ?; ആകാംക്ഷയോടെ നിരവധി പ്രവാസികൾ

സൗദിയിൽ അടുത്ത് തന്നെ ഒരു പൊതു മാപ്പ് പ്രഖ്യാപനം ഉണ്ടാകുമോ എന്ന ആകാംക്ഷയുമായി നിരവധി പ്രവാസികളാണ് ദിനങ്ങൾ തള്ളി നീക്കുന്നത്.

ഇക്കഴിഞ്ഞ സൗദി ദേശീയ ദിനത്തിന് രണ്ട് ദിവസം മുമ്പ് യമൻ പൗരമാർക്ക് പൊതു മാപ്പ് ലഭിച്ച വാർത്ത പുറത്ത് വന്നതോടെ മറ്റു രാജ്യക്കാർക്കും താമസിയാതെ പൊതുമാപ്പ് ലഭിച്ചേക്കും എന്ന പ്രതീക്ഷ പലർക്കുമുണ്ട്.

ഇഖാമ കാലാവധിയും വിസിറ്റ് വിസ കാലാവധിയുമെല്ലാം അവസാനിച്ച യമൻ പൗരന്മാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനുള്ള അവസരം നിലവിലുള്ളതായി യമൻ എംബസി വൃത്തങ്ങളാണ് കഴിഞ്ഞ മാസം അവസാനം പുറത്ത് വിട്ടത്.

2017 മാർച്ചിൽ ആയിരുന്നു ഏറ്റവും അവസാനം സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഏകദേശം 6 ലക്ഷത്തോളം പേർക്ക് പൊതുമാപ്പ് പ്രഖ്യാപനം പ്രയോജനം ചെയ്തിരുന്നു.

അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികൾക്ക് പിഴയോ ജയിലോ കൂടാതെ രാജ്യം വിടാനുള്ള അവസരമായിരുന്നു ‘നിയമ ലംഘകരില്ലാത്ത രാജ്യം ‘ എന്ന പേരിൽ നടന്ന പൊതുമാപ്പ് കാമ്പയിൻ.

പൊതു മാപ്പ് നിലവിൽ വന്നാൽ ഇഖാമ കാലാവധി അവസാനിക്കുകയും മറ്റു നിരവധി പ്രശ്നങ്ങളിൽ പെട്ട് ഇഖാമ പുതുക്കാൻ സാധിക്കാതെ വരികയും ഹുറൂബ് ആയി പ്രഖ്യാപിക്കപ്പെടുകയുമെല്ലാം ചെയ്ത നിരവധിയാളുകൾക്കാണ് പ്രയോജനം ചെയ്യുക.

നിലവിൽ ഇഖാമ എക്സ്പയർ ആകുകയും എന്നാൽ കഫീൽ നിതാഖത്തിൽ റെഡ് ആയതിനാൽ പുതുക്കാൻ സാധിക്കാതെ പ്രയാസപ്പെടുകയും ചെയ്യുന്ന നിരവധി പ്രവാസികളാണ് ഉള്ളത്. ഇതിന് പുറമെ ഹുറൂബായവരും ധാരാളമുണ്ട്. ഇത്തരം അവസ്ഥയിലുള്ളവർ ഡിപോർട്ടേഷൻ സെന്ററിൽ നേരിട്ട് ചെന്നും മറ്റും എക്സിറ്റ് നേടാറുണ്ട്.

എന്നാൽ പൊതു മാപ്പ് സമയത്ത് അല്ലാതെ ഡിപോർട്ടേഷൻ സെന്ററിൽ ചെന്ന് എക്സിറ്റ് നേടിയാൽ പിന്നീട് നിശ്ചിത കാലത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്ക് നേരിടേണ്ടി വരുമെന്ന ആശങ്കയാണ് പലരെയും ഒരു പൊതു മാപ്പ് വരുന്നത് വരെ ക്ഷമിക്കാൻ പ്രേരിപ്പിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa