Friday, May 17, 2024
FeaturedPravasi Voice

മലകേറുന്ന ഖദീജമാർ

മരുപ്പാടുകൾ – ഷഫീഖ് ഇസ്സുദ്ധീൻ

അകലെനിന്ന് നോക്കുമ്പോൾ ഒട്ടക പൂഞ്ഞ പോലെ തോന്നിക്കുന്ന ജബൽനൂർ മലയുടെ  ചുവട്ടിൽ നിന്നു  കൊണ്ട് മുകളിലെ  ഹിറാ  ഗുഹയിലേക്ക് ഉള്ള  ഇടുങ്ങിയ  വഴികളിലൂടെ  കേറിപ്പോകുന്നവരെ  നോക്കി നിൽക്കുയായിരുന്നു ഞാൻ.

അരക്കിലോമീറ്റർ എങ്കിലും  കേറി പോകേണ്ടതുണ്ട്. കേറിപോകാനുള്ള ആയാസം  ഓർത്ത് പിന്മാറി. മല കേറുന്നവരും  ഇറങ്ങുന്നവരുമായ വിശ്വാസികളെ നോക്കി ഞാൻ താഴെ നിന്നു . അന്നേരം ഞാൻ നബി (സ) യുടെ പത്‌നി  ഖദീജ (റ) യെ  ഓർത്തു.

അത്രയൊന്നും എളുപ്പമല്ലാത്ത  ഈ വഴി താണ്ടി മല  കേറി അവർ എന്നും സ്വന്തം പ്രിയതമനുള്ള  ഭക്ഷണം കൊണ്ടു പോയി. ഗുഹയിൽ ധ്യാനത്തിലിരിക്കുന്ന പ്രവാചകനു  ഭക്ഷണമെത്തിക്കുന്ന  അവരെ കുറിച്ച് ഓർക്കേ  അന്നേരം  എനിക്ക്   കൂട്ടിലെ കുഞ്ഞുങ്ങൾക്ക് ആഹാരം എത്തിക്കുന്ന അമ്മക്കിളിയുടെ ഉപമ മനസ്സിൽ വന്നു. 

ഭാര്യയും അമ്മയും സഹോദരിയും ആയ എല്ലാ സ്ത്രൈണരൂപങ്ങളും അങ്ങനെയാണ്. സ്‌നേഹിക്കുന്നവരുടെയും ഇഷ്ടപ്പെടുന്നവരുടെയും ആവശ്യങ്ങൾക്ക് വേണ്ടി എല്ലാ കുന്നുകളും അവർ അനായാസേന താണ്ടുന്നു. ജീവിതമലകൾ  അവർ ദിനേന  കേറി കൊണ്ടിരിക്കുന്നു.

അപ്പോൾ എനിക്ക് മറ്റൊരു ഖദീജയെ ഓർമ്മ വന്നു. എന്റെ കുഞ്ഞിന്റെ ജനന സമയത്ത് പ്രസവ ശുശ്രൂഷക്കും കുഞ്ഞിന്റെ പരിചരണത്തിനും വന്നവരായിരുന്നു അവർ.  ഒഴിവു സമയങ്ങളിൽ അവർ നാട്ടിലേക്ക് ഫോൺ ചെയ്തു കൊണ്ടിരുന്നു. വല്ലപ്പോഴും അവർ ജീവിത കഥയുടെ കെട്ടുകൾ തുറന്നു.

ഓരോ തവണ അവർ ജീവിത കഥ പറയുമ്പോഴും അവർ കേറി കൊണ്ടിരിക്കുന്ന ജീവിത  മലയുടെ ഉയരം കൂടി കൊണ്ടിരുന്നു. അത് കേട്ട് ഞാനും ഭാര്യയും സഹതാപം കൊള്ളുമ്പോഴും അവർ ലാഘവത്തോടെ കഥ പറഞ്ഞു കൊണ്ടിരുന്നു.

വീട്ടു ജോലിക്കാരിയുടെ വിസയിലാണ് വന്നത്. വിധവ, നാല് പെണ്മക്കളുടെ ഉമ്മ. ആ വിസ അവർക്ക് ഒരു പ്രതീക്ഷയും പിടിവള്ളിയുമായിരുന്നു. പ്രസവശുശ്രൂഷക്കായി പോയി തുടങ്ങി. ജീവിതം രണ്ടാമതും തളിർത്തു തുടങ്ങി. പക്ഷെ ചെറിയ നിയമ പ്രശ്നങ്ങൾ കാരണം വിസ പുതുക്കാൻ ആയില്ല. നാളെ  ശരിയാവും എന്ന പ്രതീക്ഷകളിൽ  ജോലി എടുത്ത് കൊണ്ടിരുന്നു.

നാളെകൾ അങ്ങനെ നീണ്ടു പോയി. മകളുടെ വിവാഹം ഉറപ്പിച്ചപ്പോൾ എങ്ങിനെയെങ്കിലും നാട്ടിൽ എത്തിയാൽ എന്ന് ആശിച്ചു. വിസ പുതുക്കാതെ നാട്ടിൽ പോവാനാവില്ല.  അടുത്ത മകളുടെ വിവാഹം, മൂത്ത മകളുടെ പ്രസവം. ഓരോ തവണയും നാട്ടിൽ പോകണം എന്നാശിച്ചു. അവർ സമ്പാദിക്കുന്ന  പണം മാത്രം നാട്ടിലെത്തി. അവർക്ക്   നാട്ടിലെത്താനായാതെയില്ല.

ഞാനവരെ കാണുമ്പോൾ വിസ തീർന്നിട്ടു വർഷങ്ങൾ ആയിരുന്നു. അവർ നാട്ടിൽ നിന്നും പോന്നിട്ട് 6 വർഷങ്ങളും കഴിഞ്ഞിരുന്നു അവർ കാണാത്ത അവരുടെ കൊച്ചുമകൻ സ്‌കൂളിൽ പോയി തുടങ്ങിയിരുന്നു. എല്ലാ ദിവസങ്ങളിലും അവർ നാട്ടിലെ വിഷേശങ്ങൾക്ക് കാതോർത്ത് ഫോൺ വിളിച്ചു കൊണ്ടിരുന്നു “ഉമ്മ എന്നാണുവരുന്നത്” എന്ന ചോദ്യം ചോദിക്കുന്നത്  അവരുടെ മക്കൾ നിർത്തിയിരിക്കും. 

അൽപ ദിവസം കഴിഞ്ഞു മറ്റൊരു കുഞ്ഞിന്റെ പരിചരണത്തിനായി അവർ പോയി. നാട്ടിൽ അവർക്ക് കൊച്ചു മക്കൾ ജനിക്കുമ്പോഴൊക്കെ ഇവിടെ പല വീടുകളിൽ പല കുഞ്ഞുങ്ങളെ അവർ ഉറക്കുകയും, കുളിപ്പിക്കുകയും താലോലിക്കുകയും ചെയ്തു.

അവർ എങ്ങിനെ നാട്ടിൽ എത്തിപ്പെടും എന്നാലോചിക്കുമ്പോഴൊക്കെയും, എത്ര കേറിയാലും മറികടക്കാനാവാത്ത വിധം ഒട്ടക പൂഞ്ഞപോലെയുള്ള വലിയൊരു മലയെ ഞാൻ കണ്ടു അവർ പതിയെ പതിയെ ആ മല കേറുന്നതും കണ്ടു.  സ്ത്രീകൾക്ക് മാത്രം സഹജമായ വാത്സല്യത്തിന്റെ ഊർജജം കൊണ്ട് അവർ ആ മല കീഴടക്കുമായിരിക്കും, അവർ നാടണയുമായിരിക്കും. 

ഓരോ സ്ത്രീയും ഓരോ ഖദീജമാരാണ്, ജീവിതത്തിലെ എത്രയെത്ര മലകളാണ് അവർ സ്നേഹിക്കുന്നവർക്ക് വേണ്ടി ദിനേനെ കേറിയിറങ്ങുന്നത്.

ഷഫീഖ് ഇസ്സുദ്ധീൻ –

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa