സൗദി സ്ഥിരം ഇഖാമ ലഭിക്കാൻ അപേക്ഷകർ ഏറെ
സൗദി അറേബ്യയിൽ വിദേശികൾക്ക് സ്ഥിര താമസത്തിനു അവസരം നൽകുന്ന സ്പെഷ്യൽ ഇഖാമക്ക് വലിയ പ്രതികരണം ലഭിക്കുന്നുവെന്ന് അധികൃതർ.

50 രാജ്യങ്ങളിൽ താമസിക്കുന്ന 27 രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരന്മാർ ഇതിനകം അപേക്ഷ നൽകിയതായി റെസിഡൻസ് സെന്റർ സി ഇ ഒ അറിയിച്ചു.

ഡോക്ടർമാരും എഞ്ചിനീയർമ്മാരും നിക്ഷേപകരും സ്ഥിര താമസമെന്ന ലക്ഷ്യം മാത്രം ഉള്ളവരുമെല്ലാം അപേക്ഷകരിൽ ഉൾപ്പെടുന്നുണ്ട്.

കാല പരിധിയില്ലാതെ സൗദിയിൽ താമസിക്കുന്നതിനുള്ള സ്പെഷ്യൽ ഇഖാമക്ക് 8 ലക്ഷം റിയാലും ഒരു വർഷം താമസിക്കാനും ആവശ്യമെങ്കിൽ പുതുക്കാനും സാധിക്കുന്ന സ്പെഷ്യൽ ഇഖാമക്ക് 1 ലക്ഷം റിയാലുമാണു ഫീസ്.

സ്പെഷ്യൽ ഇഖാമ ലഭിക്കുന്നവർക്ക് വൻ ആനുകൂല്യങ്ങളാണു സൗദിയിൽ ലഭ്യമാകുക.നിലവിലുള്ള ലെവി പോലുള്ള ഫീസുകളോ മറ്റോ സ്പെഷ്യൽ ഇഖാമ ലഭിക്കുന്നവർക്ക് ബാധകമാകില്ല.

ഒരു സ്പോൺസറുടെ ആവശ്യം ഇല്ലാതെ വ്യാപാര വാണിജ്യ പ്രവൃത്തികളിൽ ഏർപ്പെടാം. സൗദിയിൽ നിന്ന് പുറത്ത് പോകാനോ തിരികെ പ്രവേശിക്കാനോ ആരുടേയും അനുമതി ആവശ്യമില്ല. എയർപ്പോർട്ടുകളിൽ സൗദി പൗരന്മാർക്ക് നിശ്ചയിക്കപ്പെട്ട എമിഗ്രേഷൻ കൗണ്ടറുകൾ ഉപയോഗിക്കാം.

സ്വന്തം പേരിൽ കെട്ടിടങ്ങളും വാഹനങ്ങളും വാങ്ങാനും വേലക്കാരെ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യാനും മറ്റു നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകാനും സ്പെഷ്യൽ ഇഖാമ കരസ്ഥമാക്കുന്നതിലൂടെ സാധ്യമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa