Sunday, November 24, 2024
Saudi ArabiaTop Stories

സ്പെഷ്യൽ ഇഖാമ വിതരണം അടുത്ത മാസം ആരംഭിച്ചേക്കും

താമസ, വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്ക് സ്വന്തം പേരിൽ സ്വത്തുക്കളും വാഹനങ്ങളും വാങ്ങുന്നതിനും, കുടുംബത്തേയും ബന്ധുക്കുളേയും വീട്ടുജോലിക്കാരെയും രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും അനുമതി നൽകുന്ന പ്രിവിലേജ് ഇഖാമ വിതരണം അടുത്തമാസം ആരംഭിച്ചേക്കും. നിലവിൽ അൻപതോളം രാജ്യങ്ങളിൽനിന്നുള്ളവർ പ്രിവിലേജ് ഇഖാമക്കായി അപേക്ഷകൾ നൽകിയിട്ടുണ്ട്.

സൗദിയില്‍ ദീർഘകാല താമസസൌകര്യവും നിരവധി ആനുകൂല്യങ്ങളുമാണ് വിദേശികൾക്ക് പ്രിവിലേജ് ഇഖാമയിലൂടെ ഭരണകൂടം വാഗ്ദാനം ചെയ്യുന്നത്. സ്വകാര്യമേഖലയിൽ ജോലി ചെയ്യാനും സ്വന്തമായി ബിസിനസ്സ് നടത്താനും റിയൽ എസ്റ്റേറ്റ് രംഗത്ത് പങ്കാളികളാകാനും വരെ ഇവർക്ക് അർഹതയുണ്ടാകും.

പദ്ധതി വഴി രാജ്യത്ത് പതിനായിരം കോടി റിയാലിന്റെ വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്. നവംബർ പകുതിയോടെ പ്രിവിലേജ് ഇഖാമയുടെ ആദ്യ ബാച്ച് വിതരണം ചെയ്തേക്കും.

ഇക്കഴിഞ്ഞ ജൂണ്‍ 23 മുതലാണ് പ്രിവിലേജ് ഇഖാമക്കുളള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്. ഇതിനകം ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചതെന്ന് പ്രീമിയം റസിഡന്‍സി സെന്റര്‍ സി.ഇ.ഒ ബന്ദര്‍ സുലൈമാന്‍ അല്‍ ആഈദ് അറിയിച്ചു.

ദീര്‍ഘകാല താമസത്തിന് എട്ട് ലക്ഷം സൗദി റിയാൽ ഫീസ് വരുമ്പോൾ ഹ്രസ്വകാല താമസത്തിന് വര്‍ഷം തോറും ഒരു ലക്ഷം റിയാൽ വീതമാണ് ഫീസ് ഈടാക്കുന്നത്. 21 വയസ്സ് പൂർത്തിയായ, കാലവധിയുള്ള പാസ്സ് പോർട്ട് ഉടമകൾക്ക് പ്രിവിലേജ് ഇഖാമക്ക് ഓണ് ലൈനായി അപേക്ഷിക്കാവുന്നതാണ്.

പ്രീമിയം ഇഖാമകൾക്കായുള്ള അപേക്ഷകർ ഗുരുതര ആരോഗ്യ പ്രശ്നങ്ങളോ, ക്രിമിനൽ കേസുകളിലെ പ്രതിപട്ടികയിലുള്ളവരോ ആകാൻ പാടില്ല എന്നും പ്രീമിയം റസിഡന്‍സി സെന്റര്‍ സി.ഇ.ഒ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്