Friday, May 17, 2024
FeaturedPravasi VoiceTop Stories

തളിരിടാത്ത പ്രവാസ മരങ്ങൾ

സംസം ബൂഫിയക്ക് അടുത്ത് ഒരു മുരിങ്ങ മരം ഉണ്ടായിരുന്നു. അതിന്റെ ചോട്ടിൽ ഇരുന്നു ചായക്കും നാടൻ കടികൾക്കുമൊപ്പം പല നാട്ടുകാർ അവരുടെ നാട്ടുവിശേങ്ങൾ പങ്ക് വെക്കുന്നുണ്ടാവും. ഗൾഫ് മലയാളി, നാട്ടിൽ ജീവിക്കുന്നവനാണ്. നാട്ടിലെ ഓർമകളെ, രുചികളെ അവൻ വരുമ്പോൾ ഇങ്ങോട്ട് പറിച്ചു കൊണ്ട് വരും. ആദ്യം കാണുമ്പോൾ അവർ ചോദിക്കുന്നതും പങ്കു വെക്കുന്നതും നാട്ടിലെ വിശേഷങ്ങൾ ആണ്.

ബാൽക്കണിയിലെ ചട്ടികളിലും,ഫ്ലാറ്റിനു പിന്നിലെ ഇടുങ്ങിയ മുറ്റത്തെ സിമന്റ് തറയിൽ കുഴി കുഴിച്ചും, അവരിൽ ചിലർ  വെണ്ടയും മുരിങ്ങയും നട്ട് തോട്ടം സൃഷ്ടിക്കും. ആ തോട്ടങളിലൂടെ നാടിനേയും. പക്ഷെ ഈ ബാൽക്കണി, സിമന്റ് തറ തോട്ടങ്ങൾ പ്രവാസികളെ പോലെ ആണ്. അവർ മുഴുക്കെ തളിർത്ത് വളരില്ല. പുഷ്പിക്കുന്നതും കായ്ക്കുന്നതും ആരും അറിയില്ല. 

എങ്കിലും ശറഫിയയിലെ ആ മുരിങ്ങമരം നന്നായി തളിർത്ത് മരമായി വളർന്നിരുന്നു.  പലരും അതിന്റെ ഇലകളും കായ്കളും പറിച്ചു കൊണ്ടു പോയി നാടിന്റെ രുചിയെ ഓർത്തെടുത്തു. ഒരു മരുഭൂ നഗരത്തിലെ പൊള്ളുന്ന ചൂടിൽ  നിൽക്കുമ്പോഴും ഷറഫിയയിലെ മുരിങ്ങ മരത്തിന് കേരളീയ രുചിയിൽ വളരാനായിട്ടുണ്ടാവും.

അന്യദേശത്തെന്ന തോന്നൽ അതിനുണ്ടായിട്ടുണ്ടാവില്ല കാരണം ഷറഫിയ തന്നെ മരുഭൂയിലെ കേരളം ആയിരുന്നുവല്ലോ. ഷറഫിയയിൽ എത്തുമ്പോൾ നാട്ടിലെത്തിയ തോന്നൽ ഉണ്ടാവുമായിരുന്നു. ഷറഫിയയിലെ ഇത്തിരിവട്ടത്തിൽ ഒരു കേരളം രൂപം കൊണ്ടു. അതിന്റെ ഓരോ തെരുവുമൂലകളും ഓരോ നാട്ടിൻ പുറങ്ങളും പ്രദേശങ്ങളും ആയി മാറി. പടിഞ്ഞാറ്റുംമുറിക്കാരും, ഇരുമ്പുഴിക്കാരും, മഞ്ചേരിക്കാരും, വണ്ടൂര്കാരും ഓരോ മൂലകളിൽ കൂടി നിന്ന് അവരുടെ നാടിനെ സൃഷ്ടിച്ചടുത്തു.

ഞാൻ ആദ്യമായി ജിദ്ദയിൽ ഇറങ്ങിയ കാലം. ഇഖാമ കിട്ടിയിട്ടില്ല അത് കൊണ്ട് പുറത്തിറങ്ങലും പരിമിതം. മുടിയൊന്നു വെട്ടണമായിരുന്നു. ശറഫിയയിലിറങ്ങി നേരെ ചെന്നു കയറിയത് മുരിങ്ങമരത്തിനടുത്തുള്ള അലവി കാക്കാടെ കടയിൽ. മൊബൈൽ ഫോണ് സാർവത്രികമാകമായിട്ടില്ലാത്ത കാലമാണ്. ആ കട അന്ന് ബാർബർ ഷോപിന്നപ്പുറം  മലയാളിയുടെ തപാൽ ഓഫീസും കൂടെയാണെന്ന് തോന്നിപ്പോയി. കടയുടെ മേശയുടെ ഒരു മൂലയിൽ നിറയെ കത്തുകൾ കൂട്ടിയിട്ടിരിക്കുന്നു. ആരൊക്കെയൊ അവർക്ക് വേണ്ടത് തെരഞ്ഞെടുത്ത് പോകുന്നു. ആരൊക്കെയൊ അവിടെ നിക്ഷേപിക്കുന്നു.

ഞാൻ ആ കത്തുകൂമ്പാരത്തിലേക്ക്  നോക്കിയിരിക്കെ എനിക്ക് ബാബു ഭരദ്വാജിന്റെ പ്രവാസി കുറിപ്പിക്കുകളിലെ വരികൾ ഓർമ വന്നു. അറബി കടലിന്റെ മുകളിലൂടെ പറന്ന കത്തുകളെ കുറിച്ചു അദ്ദേഹം പറഞ്ഞത് പോലെ “വിരഹത്തിലായ ഇണകളുടെ പ്രണയങ്ങൾ, പുത്ര മാതൃ പിതൃ വാത്സല്യങ്ങൾ സ്നേഹ സൗഹൃദങ്ങൾ ഒക്കെ നിറഞ്ഞ വ്യാകരണ അക്ഷര പിശകുകളും ഏറെയുള്ള  ഈ കത്തുകൾ സമാഹരിക്കുകയാണെങ്കിൽ മലയാളത്തിലെ ഏറ്റവും സമ്പന്നമായ സാഹിത്യ സൃഷ്ടി അതായിരിക്കും. അത് സമകാലിക കേരളത്തിന്റെ ചരിത്രവും വൈകാരിക ചരിത്രവും ആയിരിക്കും.”

എത്രയോ കത്തുകൾ, ഓരോ കത്തിനും ഓരോ ഭാവം ആയിരിക്കും. സ്നേഹം പ്രണയം വാത്സല്യം ദേഷ്യം പരാതി. എത്രയെത്ര വികാരങ്ങളെയാണ് അന്ന് നാട്ടിൽ നിന്നും വന്ന ഓരോരുത്തരും വഹിച്ചു കൊണ്ട് വന്നത്. 

ഞാൻ പിന്നെ ജോലി കിട്ടി ഷറഫിയായിൽ നിന്നും അകലെ പോയി.  എങ്കിലും ആ ബാർബർ ഷോപ്പിൽ ഞാൻ ഇടക്കിടെ പോയി. ഓരോ തവണ ചെല്ലുമ്പോഴും ആ കത്ത് കൂമ്പാരത്തിന്റെ കനം കുറഞ്ഞു കുറഞ്ഞു വന്നു. മൊബൈലിൽ അവർ തത്സമയം വികാര വിചാരങ്ങളെ പങ്കിട്ടു തുടങ്ങിയിരുന്നു.

ഒരിക്കൽ ഞാൻ അവിടെ പോകുമ്പോൾ ആ മുരിങ്ങമരം മുറിച്ചു കളഞ്ഞിരിക്കുന്നു. ഇടക്കെപ്പോഴോ ആരോ വന്നു ചോദിച്ചു 
“അലവ്യെ ആ മുരിങ്ങ മരം അവർ വെട്ടിയല്ലേ..”
അലവിക്കാക്ക നേടുവിർപ്പോടെ പറഞ്ഞു. “അവർ വെട്ടിയത് മുരിങ്ങാമരം അല്ല അലവിയെ തന്നെ ആണ്”.

ഞാൻ മേശയുടെ മൂലയിലേക്ക് നോക്കി അന്നേരം അവിടെ ഒറ്റ കത്ത് പോലും ഉണ്ടായിരുന്നില്ല.

ഷഫീഖ് ഇസ്സുദ്ധീൻ (മരുപ്പാടുകൾ)

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa