Sunday, November 24, 2024
QatarTop Stories

ഖത്തറിലേക്ക് കടത്താനുള്ള ഒന്നര കോടി രൂപയുടെ ഹാഷിഷുമായി യുവാവ് പിടിയിൽ

ഖത്തറിലേക്ക് കടത്താനുള്ള ഒന്നര കിലോ ഹാഷിഷുമായി യുവാവ് പെരിന്തല്‍മണ്ണയില്‍ പിടിയിലായി. കാസര്‍ഗോഡ് ഹോസ്ദുര്‍ഗ്ഗ് സ്വദേശി ഷബാനമന്‍സില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ് (25)നെയാണ് പെരിന്തല്‍മണ്ണ എഎസ്പി രീഷ്മ രമേശന്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എസ്‌ഐ മഞ്ചിത്ത് ലാലും സംഘവും അറസ്റ്റ് ചെയ്തത്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒന്നര കോടിയോളം രൂപ വിലവരും ഇതിന്. വിദേശ ഡിജെ പാര്‍ട്ടികളിലും ഡാന്‍സ് ബാറുകളിലും ഉപയോഗിക്കുന്ന തരത്തിലുള്ള മുന്തിയ ഇനം ഹാഷിഷ് ആണ് പിടിക്കപ്പെട്ടത്.

ഖത്തർ ലോകകപ്പ് ആസ്വദിക്കാൻ വരുന്ന വിദേശികളെ ലക്ഷ്യം വെച്ചാണ് വൻതോതിൽ മയക്കുമരുന്നുകൾ ഖത്തറിലേക്ക് കടത്തുന്നതെന്നാണ് സൂചന.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് മലയാളികളുള്‍പ്പടെയുള്ളവര്‍ ഖത്തറില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്നതിനെകുറിച്ചും മറ്റും മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരം അന്വേഷിക്കുന്നതിനായി പെരിന്തല്‍മണ്ണ എഎസ്പി രീഷ്മ രമേശന്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ എസ്‌ഐ മഞ്ചിത് ലാലിനും സംഘത്തിനും കൈമാറുകയായിരുന്നു.

ഒരുമാസത്തോളം കോഴിക്കോട് വിമാനതാവള പരിസരങ്ങളിലും മറ്റും നിരീക്ഷണം നടത്തിയതില്‍ നിന്നാണ് കാരിയര്‍മാര്‍ക്ക് മയക്കുമരുന്ന് ഒളിപ്പിച്ച് കൈമാറുന്ന സംഘത്തെകുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

ഖത്തർ വിസ സമ്പ്രദായം ദുരുപയോഗം ചെയ്ത് രാജ്യത്തേക്ക് മയക്കുമരുന്നുകളും മറ്റു ലഹരി വസ്തുക്കളും കടത്തുന്നതിനെതിരെ ഈയിടെ ഖത്തർ അധികൃതർ ഇന്ത്യൻ എംബസിയെ അതൃപ്തി അറിയിച്ചിരുന്നു. മാത്രമല്ല ഇന്ത്യൻ സഞ്ചാരികളെ കർശനമായ പരിശോധനകൾക്ക് വിധേയമാക്കുമെന്നും അറിയിച്ചിരുന്നു.

വിസയും ടിക്കറ്റും ഒരു ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയും വാഗ്ദാനം നൽകിയാണ് ഇത്തരത്തില്‍ മയക്കുമരുന്നുമായി വിദേശത്തേക്ക് പോകാനുള്ള കാരിയര്‍മാരെ സംഘം കണ്ടെത്തുന്നത്.

പറയുന്ന സ്ഥലത്തെത്തിക്കുന്നതോടെ പണം കൈമാറുകയാണ് ചെയ്യുന്നത്. കോഴിക്കോട്, കൊച്ചി, ബെംഗളുരു, മംഗലാപുരം എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് കള്ളക്കടത്ത് നടക്കുന്നതെന്നാണ് സൂചന.

അതീവ മാരകശേഷിയുള്ള എംടിഎംഎ, ട്രമഡോള്‍ ടാബ്ലറ്റ്, ബ്രൗണ്‍ ഷുഗര്‍, കെമിക്കല്‍ മിക്‌സ്ഡ് ഹാഷിഷ്, കഞ്ചാവ്, തുടങ്ങിയവയും ഇത്തരത്തില്‍ കടത്തുന്നതായാണ് വിവരം.

ചെറിയ സാമ്പത്തിക ലാഭത്തിനു വേണ്ടി മയക്കുമരുന്ന് കരിയർമാരായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ സ്വന്തം ജീവിതം തന്നെയാണ് ഹോമിക്കുന്നത്. മിക്ക അറബ് രാജ്യങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങൾക്ക് മരണമാണ് ശിക്ഷ.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ബാക്കി പ്രതികൾ ഉടൻ പിടിയിലാകും. എഎസ്പി രീഷ്മ രമേശന്‍ ഐപിഎസ്, പെരിന്തല്‍മണ്ണ എസ്‌ഐ മഞ്ചിത്ത് ലാൽ എന്നിവരെ കൂടാതെ കബീര്‍, സി പി മുരളീധരന്‍, മോഹന്‍ദാസ് പട്ടേരിക്കളം, എന്‍ ടി കൃഷ്ണകുമാര്‍, ഫൈസല്‍, എം മനോജ്കുമാര്‍, , ബിപിന്‍, സുകുമാരന്‍, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa