സൗദിയിൽ നേരത്തെ ഉയർന്ന പ്രഫഷനിൽ ജോലി ചെയ്തവർക്ക് പിന്നീട് ഹൗസ് ഡ്രൈവർ വിസയിൽ പോകാൻ സാധിക്കുമോ ?
ജിദ്ദ: കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലൂടെ വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ട ഒരു വാർത്തയായിരുന്നു സൗദിയിൽ നേരത്തെ ഉയർന്ന പ്രഫഷനിൽ ജോലി ചെയ്തവർക്ക് പുതുതായി ഹൗസ് ഡ്രൈവർ വിസയിൽ പോകാൻ സാധിക്കില്ലെന്നത്.

ലെവിയോ മറ്റു കാരണങ്ങൾ കൊണ്ടോ എക്സിറ്റ് അടിച്ച് പുതിയ വിസയിൽ സൗദിയിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന നിരവധി ആളുകൾക്ക് ആശങ്ക ഉണ്ടാക്കിയതായിരുന്നു ആ പ്രചരണം.

കാരണം ഹൗസ് ഡ്രൈവർ വിസയിൽ പോയാൽ ഇഖാമ പുതുക്കാൻ ലെവി ആവശ്യമില്ല എന്നതിനാൽ പലരും സൗദിയിലേക്കുള്ള രണ്ടാമത് തിരിച്ചു വരവിനു ഹൗസ് ഡ്രൈവർ വിസയെ ആണ് ആശ്രയിച്ചിരുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് വ്യക്തത നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി സുഹൃത്തുക്കളാണ് മെസ്സേജുകളിലൂടെയും മറ്റും ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത് സംബന്ധിച്ച് ഔദ്യോഗികമായ റിപ്പോർട്ടുകൾ ഒന്നും സൗദി അധികൃതരുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല എന്നതിനാൽ കൂടുതൽ വ്യക്തതക്ക് ദിനംപ്രതി വിസ സ്റ്റാംബിംഗിനും മറ്റുമായി സൗദി എംബസികളിലും കോൺസുലേറ്റുകളിലും ബന്ധപ്പെടുന്ന കേരളത്തിലെ ട്രാവൽ ഏജന്റുമാരുമായി ബന്ധപ്പെടുകയുണ്ടായി.

ആ വാർത്ത തെറ്റാണെന്നും നേരത്തെ ഉയർന്ന പ്രഫഷനിൽ ജോലി ചെയ്തിരുന്നവർക്കും ഇപ്പോഴും ഹൗസ് ഡ്രൈവർ വിസ സ്റ്റാമ്പ് ചെയ്ത് കൊടുക്കുന്നുണ്ടെന്നും അവർ സൗദിയിൽ ഒരു പ്രയാസവും ഇല്ലാതെ ഇറങ്ങുന്നുണ്ട് എന്നുമായിരുന്നു ട്രാവൽ ഏജൻസികൾ മറുപടി നൽകിയത്.

ഇതോടെ ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ ഒരാളെ സൗദി എയർപോർട്ടിൽ നിന്ന് ഇറക്കാൻ കഫീൽ ഹാജരാകേണ്ടി വന്നു എന്നും ഹൗസ് ഡ്രൈവർ വിസയിൽ എത്തിയാൽ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ പ്രയാസമാണെന്നുമുള്ള പ്രചാരണം തെറ്റാണെന്നാണ് മനസ്സിലാകുന്നത്.

ഒരു പക്ഷെ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ കാരണമായിരിക്കാം കഫീലിനു എയർപോർട്ടിലേക്ക് എത്തേണ്ട സാഹചര്യം ഉണ്ടായത് എന്നാണ് ട്രാവൽ ഏജൻസികളിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ പറയുന്നത്.

ചിലപ്പോൾ ഒറ്റപ്പെട്ട ചില സംഭവങ്ങൾ പർവ്വതീകരിച്ചു ആളുകളെ ആശങ്കയിലാഴ്ത്തുന്ന വോയിസ് ക്ലിപ്പുകൾ വാട്സപ്പിലും മറ്റും വലിയ രീതിയിൽ പ്രചരിപ്പിക്കുന്ന പ്രവണത അടുത്തിടെ കൂടി വരുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa