Saturday, November 23, 2024
Jeddah

ബഹുസ്വരതയിലൂടെയും സാഹിത്യ സംസ്കരണത്തിലൂടെയും ഫാസിസത്തെ ചെറുക്കുക; ഇസ്ര

ജിദ്ദ: ഇന്ത്യയുടെ ചരിത്രവും ബഹുസ്വരമായ സാഹിത്യ സംസ്കാരവുമാണ് ഫാസിസത്തിന് പ്രധാന ശത്രുക്കൾ. ഇവ രണ്ടിനെയും ആണ് ഇവർ ഭയപ്പെട്ടു  കൊണ്ടിരിക്കുന്നത്. ചരിത്രം പറഞ്ഞു കൊണ്ടേയിരിക്കുക സാഹിത്യത്തെ സജീവമാക്കുകയും ചെയ്യുക എന്നുള്ളതാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് ഇന്റർഗ്രേറ്റഡ് സൊസൈറ്റി ഫോർ റിസർച്ച് അനലൈസ്  (ഇസ്ര) യുടെ  രണ്ടാമത് ഇന്റലക്ച്ചൽ പാർലെ അഭിപ്രായപ്പെട്ടു.  ‘സാഹിത്യം; ഫാസിസം  പ്രതിരോധം’ എന്ന വിഷയത്തെ അധികരിച്ചു സലീം ചളവറ പ്രബന്ധം അവതരിപ്പിച്ചു.

ഫാസിസം വളരുന്നത് ജനാധിപത്യത്തിലൂടെ ആണ്. ഇതിനെ വേർതിരിച്ചു കാണാൻ നമ്മൾ ജാഗരൂകരായി ഇരിക്കേണ്ടതുണ്ട്. ഈ മനോനിലയെയാണ് സംസ്‌കാരികമായി  നമ്മൾ ചെറുത്തു തോൽപ്പിക്കേണ്ടത്. ഭൂരിപക്ഷഹിതം ജനാധിപത്യം അല്ല. അത് ഫാസിസവും ആവാം. അപരന്റെ സ്വാതത്ര്യം ജനാധിപത്യമാണെങ്കിൽ അപരൻ അപകടം ആവുന്നതാണ് ഫാസിസം. അപരനെ, ഇതര ആശയത്തെ ഇല്ലായ്മ ചെയ്യുക എന്നത് മാത്രമാണ് ഫാസിസത്തിന്റെ അജണ്ട. എഴുത്തിലൂടെയും വായനയിലൂടെയും ഉള്ള സാംസ്‌കാരിക ചെറുത്ത് നിൽപ്പുകളിലൂടെയും  വരും തലമുറയിലടക്കം ബഹുസ്വരത വളർത്തിയെടുക്കുന്നതിലൂടെയും മാത്രമേ ഒരു പരിധി വരെ ഫാസിസത്തെ ചെറുക്കാൻ കഴിയൂ എന്ന് പ്രബന്ധത്തിൽ അദ്ദേഹം അവതരിപ്പിച്ചു.

പുസ്തക ചർച്ചയിൽ ഫൈസൽ കൊണ്ടോട്ടിയുടെ ചെമ്പകക്കൊമ്പിലെ പ്യൂപ്പ’ എന്ന നോവലിനെ പരിചയപ്പെടുത്തുകയും മലയാളത്തിലെ ജാതി ലക്ഷണങ്ങളെ കുറിച്ചുള്ള ചർച്ചക്ക് അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിൽ നേതൃത്വം നൽകി.

 തുടർന്ന്  ടാലൻറ് ടൈമിൽ നസീം സലാം തൻറെ കവിത അവതരിപ്പിക്കുകയും അതോടൊപ്പം ഭരണകൂട ഭീകരതയുടെ നേർചിത്രം പങ്കുവെക്കുന്ന  കവിയത്രി സുഹറ പടിപ്പുറയുടെ ‘രാജ്യദ്രോഹി’ എന്ന കവിതയുടെ ആസ്വാദനം  അവതരിപ്പിച്ചു.

വിവിധ ചർച്ചകളിൽ മൊയ്തു വെളിയഞ്ചേരി,  സലാഹ് കാരാടൻ, അബ്ദുൽ ഗനി, സക്കീന ഓമശ്ശേരി,    തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു . പ്രിൻസാദ് പാറായി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഷക്കീൽ ബാബു സ്വാഗതവും ബരീറ അബ്ദുൽ ഗനി നന്ദിയും പറഞ്ഞു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa