അഞ്ച് വർഷം കാലാവധിയുള്ള ടൂറിസ്റ്റ് വിസ പ്രഖ്യാപനവുമായി യു എ ഇ
ദുബൈ: ശ്രദ്ധേയവും ഏവരെയും ആകർഷിപ്പിക്കുന്നതുമായ പ്രഖ്യാപനവുമായി യു എ ഇ അധികൃതർ വീണ്ടും. ടൂറിസ്റ്റ് വിസ കാലാവധി അഞ്ച് വർഷമാക്കിക്കൊണ്ടാണു യു എ ഇ അധികൃതർ ശ്രദ്ധേയമായ ചുവട് വെപ്പ് നടത്തിയിട്ടുള്ളത്.
യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മഖ്തൂമാണു യു എ ഇയിലേക്കുള്ള ടൂറിസ്റ്റ് വിസ കാലാവധി അഞ്ച് വർഷമാക്കിയതായി ക്യാബിനറ്റിൽ പ്രഖ്യാപിച്ചത്.
ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്യുന്നത് ഇന്ന് മുതൽ അഞ്ച് വർഷത്തേക്കാക്കി മാറ്റിയതായാണു ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്. എല്ലാ രാജ്യക്കാർക്കും അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസ ലഭ്യമായേക്കും എന്നതാണു പ്രത്യേകത.
മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയാണു ഇഷ്യു ചെയ്യുക. അഞ്ച് വർഷത്തിനുള്ളിൽ എത്ര സമയവും യു എ ഇയിൽ വന്ന് പോകാം.അതേ സമയം അഞ്ച് വർഷ വിസയുടെ ഫീസിനെക്കുറിച്ചോ മറ്റോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഒരു വർഷം 21 ലക്ഷം സന്ദർശകരെയാണു യു എ ഇ ഇപ്പോൾ സ്വീകരിക്കുന്നത്. ആഗോള ടൂറിസത്തിൻ്റെ തലസ്ഥാനമാക്കി യു എ ഇയെ മാറ്റുകയാണു ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa