Sunday, September 22, 2024
Saudi ArabiaTop Stories

വിവിധയിടങ്ങളിൽ മഞ്ഞു വീഴ്ച; തണുത്ത് വിറച്ച് സൗദി

റിയാദ്: സൗദിയിൽ രണ്ടു ദിവസമായി കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. വടക്ക് കിഴക്ക് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ തണുപ്പ് അനുഭപ്പെട്ടത്. ചിലയിടങ്ങളിൽ താപനില -4 ഡിഗ്രി വരെ രേഖപ്പെടുത്തി. തബൂക് പ്രവിശ്യയിൽ വിവിധയിടങ്ങളിൽ മഞ്ഞു വീഴ്ചയുണ്ടായി.

വെള്ളിയാഴ്ച രാവിലെ മുതൽ തുടങ്ങിയ മഞ്ഞു വീഴ്ച ഇപ്പോഴും തുടരുകയാണ്. തബൂക് പ്രവിശ്യയിലെ ഹഖൽ ഗവർണറേറ്റിലെ ജബൽ ലൗസ്, അൽ ദാഹിർ, അൽഖാൻ പർവ്വതങ്ങളിലാണ് മഞ്ഞുവീഴ്ചയുണ്ടായത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് മഞ്ഞുവീഴ്ച ആസ്വദിക്കാൻ ഇവിടങ്ങളിൽ എത്തി ചേർന്നത്.

ജിദ്ധയിൽ നിന്നു പോലും ആയിരത്തിലധികം കിലോമീറ്റർ യാത്രചെയ്തുകൊണ്ട് ആളുകൾ മഞ്ഞു വീഴ്ച കാണാൻ തബൂക് പ്രവിശ്യയിൽ എത്തിച്ചേർന്നു. മഞ്ഞുവീഴ്ചയുടെ നിരവധി ചിത്രങ്ങൾ ആളുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.

തിരക്ക് കാരണം ചില സമയങ്ങളിൽ പോലീസ് ഇവിടങ്ങളിലേക്കുള്ള റോഡ് ബ്ലോക്ക് ചെയ്യുന്നുണ്ട്. ട്രാഫിക് പോലീസും മറ്റു സർക്കാർ സംവിധാനങ്ങളും ജാഗരൂകരായി ഇവിടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്.

പൊതുവെ മിതമായ കാലാവസ്ഥയുള്ള ജിദ്ധയിൽ പോലും ആളുകൾ കോട്ടു ധരിച്ചു പുറത്തിറങ്ങുന്നത് കാണാമായിരുന്നു. ജിദ്ധയിൽ ഇന്ന് രാവിലെ താപനില താഴ്ന്ന് 15 ഡിഗ്രി വരെ എത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q