പ്രവാസികളേ, നിങ്ങളുടെ മൊബൈൽ നിങ്ങളെ ചതിക്കാതിരിക്കട്ടേ..
വെബ് ഡെസ്ക് : പ്രവാസ ജീവിതത്തിലെ വലിയൊരു ആനുകൂല്യമെന്താണെന്ന് ചോദിച്ചാൽ ലഭിക്കുന്ന രണ്ട് ഉത്തരങ്ങളാണു അതിവേഗ ഇന്റർനെറ്റും ഒഴിവ് സമയവും എന്നത്.
ചുരുങ്ങിയ ചിലവിൽ അതിവേഗ ഇന്റർനെറ്റ് റൂമിലെ വിശ്രമ വേളകളിൽ ഉപയോഗപ്പെടുത്തുന്നതിനിടയിലാണു പല പ്രവാസി സുഹൃത്തുക്കളും പല കെണികളിലും വീഴുന്നത്.
പ്രത്യേകിച്ച് സമീപകാലത്തായി നിരവധി പ്രവാസികളാണു സോഷ്യൽ മീഡിയയിലെ അനാവശ്യ ഇടപെടൽ നടത്തിയതിനാൽ വലിയ വില നൽകേണ്ടി വന്നത്.
സൗദി കിരീടാവകാശിയേയും വിശുദ്ധ കഅബാലയത്തെയും നിന്ദിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഇന്ത്യക്കാരനെ സൗദിയിൽ അടുത്തിടെയാണു പിടി കൂടിയത്.
ഇതിനു മുംബ് സൗദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും സമാനമായ രീതിയിൽ മതാവഹേളന പോസ്റ്റുകൾ ചെയ്ത ഇന്ത്യക്കാർ നിയമ നടപടികൾ നേരിട്ടിരുന്നു.
മത നിന്ദാ കേസിൽ പെട്ട് അറസ്റ്റിലായ ഒരു മലയാളി ഇപ്പോഴും സൗദി ജയിലിൽ ഉണ്ട്. സാമാന്യം ഭേദപ്പെട്ട പൊസിഷനിൽ ജോലി ചെയ്യുകയായിരുന്ന ഇയാൾ ഒരു വിദേശ വനിതയുമായി നടത്തിയ ചാറ്റിന്ഗിലായിരുന്നു മത നിന്ദാ പരാമർശം നടത്തിയത്.
ആവേശത്തിന്റെ പുറത്തോ താനൊരു ധീരനാണെന്നും എനിക്ക് ഇതൊന്നും ഷെയർ ചെയ്യുന്നതിൽ ഭയമില്ലെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിന്റെ തിരക്കിലോ ആകും പല അനാവശ്യ പോസ്റ്റുകൾ ഉടലെടുക്കുന്നതും പിടി വീഴുന്നതും.
എന്നാൽ എല്ലാ മത വിഭാഗങ്ങൾക്കും മാന്യമായ ഉപജീവന മാർഗ്ഗങ്ങൾ തേടാനുള്ള എല്ലാ സൗകര്യങ്ങളും എല്ലാ ഗൾഫ് രാജ്യങ്ങളിലുമുണ്ടെന്നത് ഓർക്കുക.
തങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനു അവസരം നൽകിയ ഗൾഫ് ഭരണാധികൾക്കുള്ള നന്ദിയും കടപ്പാടും നില നിർത്തിക്കൊണ്ട് തന്നെ ലക്ഷക്കണക്കിനു അന്യ മതസ്ഥരായ വിദേശികളാണു പ്രവാസ ജീവിതം സന്തോഷത്തോടെ മുന്നോട്ട് നയിക്കുന്നത്.
ഇതിനിടയിലാണു മറ്റു ഇന്ത്യക്കാർക്ക് കൂടി പേരു ദോഷം വരുത്താൻ ചിലർ സോഷ്യൽ മീഡിയയിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്നത്. വർഗീയതയും വിദ്വേഷവും നിറഞ്ഞ മനസ്സിൻ്റെ ഉടമകളായ ഇത്തരക്കാരുടെ അനാവശ്യ പോസ്റ്റുകൾ കാരണം നിർദ്ദോഷികളായ നിരവധിയാളുകളാണു പ്രയാസപ്പെടുക.
അത് കൊണ്ട് തന്നെ പോസ്റ്റുകളും കമന്റുകളുമെല്ലാം മാന്യമായിരിക്കാനും ഒരു മതത്തെയും അവഹേളിക്കുന്നതാകാതിരിക്കാനും ശ്രദ്ധിക്കുക. അത് പോസ്റ്റ് ചെയ്യുന്നവർക്കെന്നതിലുപരി അവരെ ആശ്രയിക്കുന്ന കുടുംബത്തിനും കൂടി ഗുണം ചെയ്യുമെന്നോർക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa