Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിലെ പ്രവാസികൾക്ക് ആശ്വാസം; ഗാർഹിക തൊഴിൽ വിസകൾ മറ്റു പ്രഫഷനുകളിലേക്ക് മാറുന്നത് ആരംഭിക്കുമെന്ന് റിപ്പോർട്ട്

ജിദ്ദ: സൗദിയിലെ ലക്ഷക്കണക്കിനു വിദേശികൾക്ക് സന്തോഷമേകുന്ന വാർത്ത സൗദി തൊഴിൽ മന്ത്രാലയത്തിൽ നിന്ന് ലഭിച്ചതായി പ്രമുഖ സൗദി ദിനപത്രം റിപ്പോർട്ട് ചെയ്തു.

ഗാർഹിക തൊഴിൽ വിസകളിൽ നിലവിൽ സൗദിയിലുള്ളവർക്ക് മറ്റു തൊഴിൽ വിസകളിലേക്ക് മാറാൻ അനുമതി നൽകുന്നത് ആരംഭിക്കുമെന്നതാണു വാർത്ത.

saudi

അതേ സമയം ഇങ്ങനെ മറ്റു സ്ഥാപനങ്ങളിലേക്ക് സ്പോൺസർഷിപ്പും പ്രഫഷനും മാറുന്നതിനു ചില നിബന്ധനകളും സൗദി തൊഴിൽ മന്ത്രാലയം നിഷ്ക്കർഷിച്ചിട്ടുണ്ട്.

സ്പോൺസർഷിപ്പ് മാറാൻ ഉദ്ദേശിക്കുന്നയാളുടെ ഇഖാമ ഒരു വർഷത്തിൽ കൂടുതൽ പുതുക്കിയതായിരിക്കാൻ പാടില്ല. ഒരു വർഷത്തിലധികം കാലാവധിയിൽ പുതുക്കിയതാണെങ്കിൽ സ്പോൺസർഷിപ്പ് മാറ്റത്തിനു അനുമതി ലഭിക്കില്ല.

സ്പോൺസർഷിപ്പ് നടപടികൾക്കായി ഉംദയിൽ നിന്നോ ചേംബർ ഓഫ് കൊമേഴ്സിൽ നിന്നോ ലേബർ ഓഫീസിൽ നിന്നോ സാക്ഷ്യപ്പെടുത്തിയ തനാസുൽ ലെറ്റർ നിലവിലെ സ്പോൺസർ ഹാജരാക്കണം. തൊഴിലാളിയെ ആവശ്യമുള്ള സ്ഥാപനവും ചേംബർ ഓഫ് കൊമേഴ്സിൽ നിന്ന് സാക്ഷ്യപ്പെടുത്തിയ ലെറ്റർ ഹാജരാക്കണം.

അതേ സമയം സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്ന പുതിയ സ്ഥാപനത്തിൻ്റെ സ്റ്റാറ്റസ് നിതാഖാത്തിൽ ഇടത്തരം പച്ചക്കും താഴെ ആകാൻ പാടില്ല.

കഴിഞ്ഞ ഏഴ് വർഷമായി നിർത്തലാക്കിയിരുന്ന സർവീസാണു ഇപ്പോൾ പുനരാരംഭിക്കുന്നത്. ഹിജ്ര 1434 ലായിരുന്നു ഗാർഹിക തൊഴിലാളികൾക്ക് സ്ഥാപനങ്ങളിലേക്ക് സ്പോൺസർഷിപ്പ് മാറുന്നത് നിർത്തി വെച്ചിരുന്നത്.

എന്നാൽ മറ്റു പ്രഷനുകളിൽ നിലവിൽ ജോലി ചെയ്യുന്നവർക്ക് ഗാർഹിക തൊഴിൽ പ്രഫഷനുകളിലേക്ക് മാറാൻ അനുമതി നൽകുന്നില്ല.

എന്നാൽ സ്പോൺസർഷിപ്പ് മാറ്റത്തെ സംബന്ധിച്ച് സൗദി തൊഴിൽ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക പ്രസ്താവാനകൾ ഇത് വരെ വന്നിട്ടില്ലെന്നതിനാൽ എന്ന് മുതലാണു നിയമം നടപ്പാകുന്നതെന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്