സൗദി മന്ത്രി സഭയിൽ വൻ മാറ്റങ്ങൾ; പുതിയ മന്ത്രാലയങ്ങൾ
റിയാദ്: സൗദി മന്ത്രി സഭയിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിക്കൊണ്ടും പുതിയ മന്ത്രാലയങ്ങൾ രൂപീകരിച്ച് കൊണ്ടും ഭരണാധികാരി സല്മാൻ ബിൻ അബ്ദുൽ അസീസ് രാജാവിൻ്റെ ഉത്തരവ്.
സിവിൽ സർവീസ് മന്ത്രി സുലൈമാൻ ബിൻ അബ്ദുല്ല അൽ ഹംദാനെ അദ്ദേഹത്തിൻ്റെ സ്ഥാനത്ത് നിന്ന് നീക്കി. അതോടൊപ്പാം സിവിൽ സർവീസ് വകുപ്പ് സൗദി തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തു.
സിവിൽ സർവീസ് വകുപ്പ് കൂടി ഉൾപ്പെടുത്തിയതോടെ തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പിൻ്റെ പേര് ഇനി മുതൽ മാനവ വിഭവശേഷി – സാമൂഹിക ക്ഷേമ വകുപ്പ് എന്ന പേരിൽ അറിയപ്പെടും.
ഇതോടൊപ്പം ജനറൽ ഇൻവെസ്റ്റ്മെൻ്റ് അതോറിറ്റി ഗവർണർ എഞ്ചിനീയർ ഇബ്രാഹീം ബിൻ അബ്ദുറഹ്മാൻ അൽ ഉമറിനെ അദ്ദേഹത്തിൻ്റെ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജനറൽ ഇൻവെസ്റ്റ്മെൻ്റ് അതോറിറ്റി ഇനി മുതൽ നിക്ഷേപ മന്ത്രാലയം എന്ന പേരിലാണു അറിയപ്പെടുക. എഞ്ചിനീയർ ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ ഫാലിഹ് ആയിരിക്കും പുതിയ നിക്ഷേപ മന്ത്രി.
നിക്ഷേപ മന്ത്രാലയം രൂപീകരിച്ചതോടെ നേരത്തെയുണ്ടായിരുന്ന വാണിജ്യ-നിക്ഷേപ മന്ത്രാലയത്തിൻ്റെ പേര് ഇനി മുതൽ വാണിജ്യ മന്ത്രാലയം എന്ന പേരിൽ അറിയപ്പെടും.
ജനറൽ സ്പോർട്സ് അതോറിറ്റി ഇനി മുതൽ സ്പോർട്സ് മന്ത്രാലയമായി അറിയപ്പെടും. പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ ആയിരിക്കും സ്പോർട്സ് മന്ത്രി.
ജനറൽ അതോറിറ്റി ഓഫ് ടൂറിസം ആൻ്റ് നാഷണൽ ഹെറിറ്റേജ് ടൂറിസം മന്ത്രാലയമാക്കി. അഹ്മദ് ബിൻ അഖീൽ അൽ കാതിബ് ആയിരിക്കും ടൂറിസം മന്ത്രി.
ഇൻഫർമേഷൻ മന്ത്രി സ്ഥാനത്ത് നിന്ന് തുർക്കി ബിൻ അബ്ദുല്ല അൽ ശബാനയെ മാറ്റി. വാണിജ്യ മന്ത്രി ഡോ: മാജിദ് ബിൻ അബ്ദുല്ല അൽ ഖസബിക്ക് ഇൻഫർമേഷൻ മന്ത്രാലയത്തിൻ്റെ ചുമതല കൂടി നൽകിയിട്ടുണ്ട്.
പാർപ്പിട മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽ ഹഖൈലിനു ഗ്രാമ, മുനിസിപ്പാലിറ്റി മന്ത്രാലയത്തിൻ്റെ അധിക ചുമതല കൂടി ഏൽപ്പിച്ചിട്ടുണ്ട്.
മുഹമ്മദ് അബ്ദുല്ല ബിൻ സാലിഹിനെ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സിൻ്റെ ഡെപ്യുട്ടി സെക്രട്ടാറി ജനറൽ ആയി നിയമിച്ചിട്ടുണ്ട്. ഉയർന്ന റാങ്കോടെയാണു നിയമനം.
ഡോ:മുനീർ ബിൻ മഹ്മൂദ് ദസൂഖിയെ ഐ ടി , കമ്യൂണിക്കേഷൻ മന്ത്രിയുടെ സഹായിയായി നിയമിച്ചു. ഉയർന്ന റാങ്കോടെയാണു അദ്ദേഹത്തിൻ്റെ നിയമനം.
ഇൻഡസ്റ്റ്രി ആൻ്റ് മിനറൽ റിസോഴ്സസ് മന്ത്രിയുടെ അസിസ്റ്റൻ്റ് ആയി ഡോ: സാമി ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഉയർന്ന റാങ്കോടെ നിയമിതനായി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa