25 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ പ്രവേശിക്കുന്നതിനു വിലക്ക്
റിയാദ്: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി സൗദി അധികൃതർ ഉംറക്കാർക്കും കൊറോണ ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലെ ടൂറിസ്റ്റ് വിസക്കാർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിനു പിറകെ ടൂറിസ്റ്റ് വിസയിൽ സൗദിയിലേക്ക് പ്രവേശിക്കുന്നതിനു വിലക്കേർപ്പെടുത്തിയ 25 രാജ്യങ്ങളുടെ പേരുകൾ സൗദി സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
ചൈന, ചൈനീസ് തായ്പേയ്, ഹോങ്കോംഗ്, ഇറാൻ, ഇറ്റലി, കൊറിയൻ റിപബ്ളിക്, മകാഒ, ജപാൻ, തായ് ലാൻ്റ്, മലേഷ്യ, ഇന്തോനേഷ്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, ഫിലിപൈൻസ്, സിംഗപൂർ, ഇന്ത്യ, ലെബനൻ, സിറിയ, യമൻ, അസർബൈജാൻ, കസാകിസ്ഥാൻ, ഉസ്ബെകിസ്ഥാൻ, സോമാലിയ, വിയറ്റ്നാം എന്നീ ഇരുപത്തഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണു സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ പ്രവേശിക്കുന്നതിനു താത്ക്കാലികമായി വിലക്കുള്ളത്.
അതോടൊപ്പം കഴിഞ്ഞ 14 ദിവസങ്ങൾക്കുള്ളിൽ ചൈന, ഹോംഗോങ്, ഇറാൻ, ഇറ്റലി, കൊറിയ, മകാഒ എന്നിവയിൽ ഏതെങ്കിലും ഒരു രാജ്യത്ത് കഴിഞ്ഞവരാണെങ്കിലും സൗദിയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് സിവിൽ ഏവിയേഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ടൂറിസ്റ്റ് വിസ എന്ന് പ്രത്യേകം പരാമർശിച്ചതിനാൽ ഫാമിലി, ബിസിനസ് വിസിറ്റ് വിസകളും ജോബ് വിസകളുമൊന്നും വിലക്കിയ ലിസ്റ്റിൽ ഉൾപ്പെടില്ലെന്ന് മനസ്സിലാക്കാം. ഇത് ശരി വെക്കുന്നതായിരുന്നു സൗദിയ ഇന്ന് ഉച്ചക്ക് ശേഷം ഇറക്കിയ പ്രത്യേക സർക്കുലറിൽ പരാമർശിച്ചതും.
ഉംറക്കാർക്കും ടൂറിസ്റ്റുകൾക്കുമുള്ള സൗദിയിലേക്കുള്ള പ്രവേശന വിലക്ക് താത്ക്കാലിക നടപടി മാത്രമാണെന്നത് പ്രത്യേകം ഓർക്കുക. കൊറോണ പ്രതിരോധ സംവിധാനത്തിൻ്റെ ഭാഗമായി സ്വീകരിച്ച ഈ നടപടി ലക്ഷ്യം കാണുന്നതോടെ വിലക്കുകൾ പിൻവലിച്ച് സ്ഥിതിഗതികൾ പഴയത് പോലെയായിത്തീരുമെന്ന് പ്രതീക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa