ഗൾഫ് രാജ്യങ്ങളിലെ പൗരൻമാർക്ക് മക്കയിലും മദീനയിലും പ്രവേശിക്കുന്നതിന് വിലക്ക്
റിയാദ്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ശക്തമായ മുൻ കരുതലുകളുമായി സൗദി അധികൃതർ മുന്നോട്ട് നീങ്ങുന്നു. വിദേശത്ത് നിന്നുള്ള ഉംറ തീർഥാടകർക്ക് വിലക്ക് ഏർപ്പെടുത്തിയതിനു പിറകെയാണ് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.
ജി സി സി രാജ്യങ്ങളിലെ പൗരൻമാർക്ക് മക്കയിലും മദീനയിലും പ്രവേശിക്കുന്നതിന് താത്ക്കാലികമായി വിലക്കേർപ്പെടുത്തി സൗദി അധികൃതർ പ്രസ്താവനയിറക്കിയിരിക്കുകയാണ്.
ചില ജി സി സി രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊറോണ വൈറസ് ബാധിച്ച റിപ്പോർട്ടുകൾ വന്നതിനെത്തുടർന്നാണു വൈറസ് പടരുന്നത് തടയാനായി സുപ്രധാനമായ ഈ നടപടി സൗദി അധികൃതർ സ്വീകരിച്ചിരിക്കുന്നത്.
പ്രധാനമായും വിശുദ്ധ മക്കയും മദീനയും ഉദ്ദേശിച്ച് വരുന്ന തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണു ജി സി സി രാജ്യങ്ങളിലെ പൗരന്മാർക്ക് മക്കയിലേക്കും മദീനയിലേക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേ സമയം സൗദിയിൽ 14 ദിവസം മുംബ് എത്തുകയും കൊറോണ വൈറസിൻ്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് മക്കയിലും മദീനയിലും പ്രവേശിക്കുന്നതിനു വിലക്കില്ല.
എന്നാൽ ഇങ്ങനെ 14 ദിവസം മുംബ് സൗദിയിലെത്തിയ ജി സി സി രാജ്യങ്ങളിലെ പൗരന്മാർ ഉംറ ചെയ്യാനും മദീന സന്ദർശനവും ആഗ്രഹിക്കുന്നുവെങ്കിൽ ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്ത് പെർമിറ്റ് നേടേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം ജി സി സി രാജ്യങ്ങളിലെ പൗരന്മാർ സൗദിയിലേക്ക് ഐഡൻ്റിറ്റി കാർഡ് ഉപയോഗിച്ച് പ്രവേശിക്കുന്ന സംവിധാനവും സൗദി അധികൃതർ താത്ക്കാലികമായി നിർത്തൽ ചെയ്തിരുന്നു.
ഇറാനിൽ നിന്ന് കുവൈത്തിലും ബഹ്രൈനിലും എത്തിയവർക്ക് കൊറോണ ബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതിൽ സൗദി പൗരന്മാരും ഉൾപ്പെട്ടിരുന്നു. ഇവർ ഇപ്പോഴും നിരീക്ഷണത്തിലാണ്.
വിദേശത്ത് നിന്നുള്ള ഉംറ തീർഥാടകർക്ക് വിലക്ക് ഏർപ്പെടുത്തിയതിനു പിറകെ കാര്യങ്ങൾ അതി സൂക്ഷമമായി സൗദി അധികൃതർ നിരീക്ഷിച്ച് വരികയാണ്. ആവശ്യമാകുന്ന സമയത്ത് നിയന്ത്രണങ്ങൾ പുനഃ പരിശോധിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa