സൗദിയിൽ നിന്ന് ഇപ്പോൾ അവധിക്ക് നാട്ടിൽ പോയാൽ പ്രശ്നമാകുമോ ?
ജിദ്ദ: കൊറോണ വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായി സൗദി അറേബ്യ അതീവ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനിടെ സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസി സമൂഹത്തിനു പുതിയ ആശങ്കകളാണു ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
നിലവിൽ ഇന്ത്യയിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് മാത്രമേ സൗദിയിലേക്ക് പ്രവേശന വിലക്കുള്ളൂ എങ്കിലും പ്രവാസ ലോകത്തെ ആശങ്കകൾ തീരുന്നില്ല എന്നതാണു വസ്തുത. പുതിയ സാഹചര്യത്തിൽ വിവിധ സംശയങ്ങളുമായി നിരവധി പ്രവാസി സുഹൃത്തുക്കളാണു മെസ്സേജുകൾ അയച്ച് കൊണ്ടിരിക്കുന്നത്.
ഇന്ന് പുലർച്ചെ മുതൽ ജി സി സി രാജ്യങ്ങളിലെ പൗരന്മാരെ മക്കയിലും മദീനയിലും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് സൗദി അധികൃതർ പുതിയ പ്രഖ്യാപനം കൂടി നടത്തിയതോടെ പ്രവാസികളുടെ ആശങ്ക ഒന്ന് കൂടി വർധിച്ചുവെന്ന് പറയാം.
പ്രധാനമായും മെസ്സേജുകളിൽ കൂടുതൽ പേരും സംശയം പ്രകടിപ്പിക്കുന്നത് നിലവിലെ അവസ്ഥയിൽ റി എൻട്രിക്ക് നാട്ടിൽ പോകുന്നത് പ്രയാസം സൃഷ്ടിക്കുമോ എന്നതാണ്. ഇപ്പോൾ നാട്ടിലേക്കു അവധിക്ക് പോകുന്നതും നാട്ടിൽ നിന്ന് തിരികെ വരുന്നതും ഒന്നും പ്രശ്നമില്ലെങ്കിലും ഈ സ്ഥിതി തുടരുകയാണെങ്കിൽ സൗദിയിലേക്ക് പ്രവേശിക്കുന്നത് വിലക്കുന്ന തരത്തിൽ എന്തെങ്കിലും പുതിയ തീരുമാനം വരുമോ എന്നാണു പലരും ചോദിക്കുന്നത്.
നിലവിലെ അവസ്ഥയിൽ ഒരു ഉറപ്പായ തീരുമാനം പറയാൻ ആർക്കും സാധിക്കാത്ത അവസ്ഥയാണുള്ളത്. കാരണം ഏത് വിധേനെയും കൊറോണ വൈറസ് സൗദിയിൽ എത്തുന്നത് തടയുക എന്ന ലക്ഷ്യത്തിലാണു സൗദി അധികൃതർ ഉംറക്കാരെയും മറ്റും വിലക്കിയിട്ടുള്ളത് എന്ന് നാം ഓർക്കുക.
കൊറോണ ബാധ ആരംഭിച്ച സന്ദർഭത്തിൽ തന്നെ യു എ ഇയിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് കുവൈത്തിലും ബഹ്രൈനിലുമെല്ലാം പുതിയ കേസുകൾ കാണാനിടയായതാണു ജി സി സി പൗരന്മാരക്കടക്കം നിയന്ത്രണമേർപ്പെടുത്താൻ അധികൃതരെ പ്രേരിപ്പിച്ചത്.
അത് കൊണ്ട് തന്നെ ഇപ്പോൾ നാട്ടിൽ പോയാൽ പിന്നീട് തിരികെ വരാനാകാത്ത അവസ്ഥയുണ്ടാകുമോ എന്ന ചോദ്യത്തിനു, ഇന്ത്യയിലൊന്നും കൊറോണ വലിയ അപകടകരമായ രീതിയിൽ പടർന്നിട്ടില്ല എന്നതിനാൽ നിലവിലെ സാഹചര്യത്തിൽ അവധിക്ക് പോകുന്നത് കൊണ്ട് പ്രയാസം ഇല്ല എന്ന് പറയാമെങ്കിലും സമീപ ദിനങ്ങളിൽ എന്താകുമെന്ന് ഉറപ്പിച്ച് പറയാനും ആർക്കും സാധിക്കില്ല.
അത് കൊണ്ട് തന്നെ അവധിക്ക് പോകണോ പോകേണ്ടതില്ലയോ എന്നത് സ്വയം തീരുമാനിക്കേണ്ട കാര്യമാണ് എന്ന് തന്നെ പറയാം. ഒരാൾക്ക് നാട്ടിൽ പോകേണ്ടത് അത്യാവശ്യമാണെങ്കിൽ അയാൾ പോകുന്നതിനു മുംബ് ചില കാര്യങ്ങൾ സജ്ജമാക്കിയിട്ട് വേണം നാട്ടിൽ പോകാൻ.
നാട്ടിൽ പോകുന്നവർ ഇനി അഥവാ റി എൻട്രി എക്സ്പയർ ആകേണ്ട അവസ്ഥയുണ്ടാകുകയാണെങ്കിൽ വിസ നീട്ടുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത് നന്നാകും. റി എൻട്രി വിസ എക്സ്പയർ ആയാൽ ഇപ്പോൾ നാട്ടിൽ നിന്ന് കാലാവധി നീട്ടാൻ സാധിക്കുമെങ്കിലും ഇഖാമയിൽ കാലാവധിയുണ്ടായിരിക്കണം എന്നത് ഓർക്കുക.
കൂടാതെ റി എൻട്രി അടിക്കുന്നവർ റി എൻട്രി വിസ പരമാവധി ദിനങ്ങൾ ഉൾപ്പെടുത്തി ഇഷ്യൂ ചെയ്യുന്നത് ഈ അവസ്ഥയിൽ ഗുണം ചെയ്യും എന്ന് തോന്നുന്നു. കാരണം കുറച്ച് ദിവസം നാട്ടിൽ നിൽക്കേണ്ടി വരികയാണെങ്കിൽ വിസ എക്സ്പയർ ആകുന്നത് തടയാനും പിന്നീട് പുതുക്കുന്നതിനും മറ്റും ഓടേണ്ട അവസ്ഥ ഇല്ലാതാക്കാനും അത് സഹായിക്കും.
ഏതായാലും ഈ അവസ്ഥ അധിക നാൾ ഉണ്ടാകില്ലെന്ന് തന്നെ പ്രതീക്ഷിക്കാം. കാരണം റമളാൻ ഉംറ സീസണും മറ്റും അടുത്ത് വരികയാണെന്നതിനാൽ തീർത്ഥാടകർക്കുള്ള വിലക്ക് അധിക നാൾ തുടരാൻ സാധ്യതയില്ലെന്നാണു പലരും അഭിപ്രായപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa