സൗദിയിലേക്ക് പ്രവേശിക്കുന്നതിനു കൂടുതൽ വ്യവസ്ഥകളുമായി അധികൃതർ
റിയാദ്:കൊറോണ-(COVID-19) പകരുന്നത് തടയുന്നതിനായി ഗൾഫ് രാജ്യങ്ങളിലെ പൗരന്മാരും വിദേശികളും സൗദി അറേബ്യയിലേക്ക് കടക്കുന്നതിനു കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തി സൗദി അറേബ്യ.

യു എ ഇ, ബഹ്രൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്ന ജി സി സി പൗരന്മാരും വിദേശികളും സൗദിയിൽ പ്രവേശിക്കുന്നതിനു മുംബ് അതത് ജിസിസി രാജ്യങ്ങളിൽ ചുരുങ്ങിയത് 14 ദിവസം താമസിച്ചിരിക്കണം. ഇവർ സൗദിയിലേക്ക് പ്രവേശിക്കുന്ന സമയം കൊറോണയുടെ ലക്ഷണങ്ങൾ ഉണ്ടാകാൻ പാടില്ല.

ജിസിസി രാജ്യത്ത് നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുംബ് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ മറ്റു ഏതെങ്കിലും വിദേശ രാജ്യത്ത് കഴിഞ്ഞിട്ടുണ്ടെങ്കിൽ അക്കാര്യം അതിർത്തിയിൽ അറിയിക്കണം.

സൗദിയിൽ നിന്ന് മറ്റു ജിസിസി രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഇതേ നിയമങ്ങൾ ബാധകമായിരിക്കും. ഇതിനായി മറ്റു ജിസിസി രാജ്യങ്ങളുമായി ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തും.

ഇറാനിൽ നിന്ന് ബഹ്രൈൻ വഴി സൗദിയിലെത്തിയ സൗദി പൗരനു കൊറോണ സ്ഥിരീകരിച്ചതിൻ്റെ പിറകെയാണു അതിർത്തി വഴി എത്തുന്നവരെ കർശന നിരീക്ഷണം നടത്താൻ അധികൃതർ മുൻകരുതലുകളെടുക്കുന്നത്.

കൊറോണ ലക്ഷണം കണ്ടാൽ രോഗികളെ പാർപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രലയത്തിൻ്റെ ഹോസ്പിറ്റലുകളിൽ 1449 നെഗറ്റീവ് പ്രഷർ ഐസൊലേഷൻ റൂമുകൾ സൗദി അധികൃതർ ഒരുക്കിയിട്ടുണ്ട്.

അതേ സമയം കുവൈത്തിലേക്ക് പോകുന്ന ഇന്ത്യയിൽ നിന്നടക്കമുള്ള 10 രാജ്യങ്ങളിലെ യാത്രക്കാർക്ക് മാർച്ച് 8 മുതൽ കൊറോണ ടെസ്റ്റ് നടത്തിയ സാക്ഷ്യപത്രം നിർബന്ധമാക്കി അധികൃതർ സർക്കുലർ ഇറക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa