കൊറോണ: ശക്തമായ നീക്കങ്ങളുമായി സൗദി. ഖതീഫിൽ നിന്ന് പുറത്ത് പോകുന്നതിനും പ്രവേശിക്കുന്നതിനും വിലക്ക്
റിയാദ്: രാജ്യത്ത് കൊറോണ-കോവിഡ്19 വ്യാപിക്കുന്നത് തടയാനായി അതി ശക്തമായ നീക്കങ്ങളുമായി സൗദി ആഭ്യന്തര മന്ത്രാലയം.
സൗദിയിൽ കൊറോണ-കോവിഡ്19 ബാധിതരുടെ എണ്ണം 11 ആയി ഉയർന്ന റിപ്പോർട്ടുകൾ വന്നതിനു പിറകെയാണു ശക്തമയ നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുള്ളത്.
കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സൗദി അറേബ്യയിലെ ഈസ്റ്റേൺ പ്രവിശ്യയിലെ ഖതീഫ് മേഖലയിൽ പ്രവേശിക്കുന്നതിനും ഖതീഫിൽ ഉള്ളവർ അവിടെ നിന്ന് പുറത്ത് കടക്കുന്നതിനും ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
ഇത് വരെ സൗദിയിൽ രേഖപ്പെടുത്തപ്പെട്ട 11 കൊറോണ കേസുകളും ഖതീഫ് മേഖലയിൽ നിന്നായതിനാലാണു ഖതീഫിൽ പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനും താത്ക്കാലിക നിയന്ത്രണം കൊണ്ട് വന്നിട്ടുള്ളത്.
ഇതോടൊപ്പം വൈറസ് പടരുന്നത് തടയുന്നതിനായി ഖതീഫിലെ സ്വകാര്യ മേഖലയിലെയും സർക്കാർ മേഖലയിലെയും തൊഴിലിടങ്ങളെല്ലാം അടച്ചിടാൻ തീരുമാനമായി.
ഇതിൽ നിന്നും സെക്യൂരിറ്റി, പെട്രോൾ പംബുകൾ, ഫാർമസി, ഹെൽത്ത് കെയർ, ഷോപ്പുകൾ, മുനിസിപൽ ആൻ്റ് സെക്യുരിറ്റി ഫെസിലിറ്റീസ്, എൻവിറോണ്മൻ്റൽ തുടങ്ങിയ മേഖലകളെ ഒഴിവാക്കും.
ജനങ്ങൾക്കാവശ്യമായ സാധനങ്ങളുമായുള്ള മേഖലയിലേക്കുള്ള ഗതാഗതം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും അനുവദിക്കുക.
ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് സ്കൂളുകളും കോളേജുകളും പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. ഏതെങ്കിലും രീതിയിൽ നിയന്ത്രണങ്ങൾ തൊഴിലിടങ്ങളിൽ ബാധിക്കുന്നവർക്ക് ഇലക്ട്രോണിക് മെഡിക്കൽ ലീവ് ആരോഗ്യ മന്ത്രാലയം അനുവദിക്കും.
തെക്ക് ഭാഗത്തെ സൈഹാത്തിൽ നിന്ന് വടക്ക് ഭാഗത്തെ സഫ് വ വരെയുള്ള ഭാഗങ്ങളിലായിരിക്കും പ്രവേശന വിലക്ക്. അതേ സമയം ഖതീഫിൽ താമസിക്കുന്നവർ ആരെങ്കിലും നിലവിൽ പുറത്തുണ്ടെങ്കിൽ അവരെ അകത്തേക്ക് പ്രവേശിപ്പിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa