Sunday, November 24, 2024
KuwaitTop Stories

യാത്രാവിലക്ക്; ആശങ്കയോടെ കുവൈറ്റ് പ്രവാസികൾ

കുവൈത്തിലേക്കുള്ള വിമാനയാത്രികർക്കുള്ള വിലക്കിൽ ആശങ്കയൊഴിയാതെ പ്രവാസികൾ. ഇന്നലെ കുവൈത്തിലേക്ക് പോകാനെത്തിയ 200 നു മുകളിൽ യാത്രക്കാരെയാണ് കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മടക്കിയത്.

ലോകം ഭീകരമായ രീതിയിൽ കൊറോണ വൈറസ് പരക്കുമ്പോൾ കുവൈറ്റ് ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളോട് സഹകരിക്കാൻ പ്രവാസികൾ നിർബന്ധിതമായിരിക്കുകയാണ്.

വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായുള്ള വിലക്കായതിനാൽ ജോലിയെ ബാധിക്കില്ലെന്ന് സൂചനകൾ ലഭിച്ചത് ആശ്വാസകരമാണ്.

കുവൈത്ത് സർക്കാറിന്റെ യാത്രാ നിരോധനം സംബന്ധിച്ച അറിയിപ്പിന്റെ പകർപ്പ് വിമാനകമ്പനികളുടെ കൗണ്ടറുകളിൽ പ്രദർശിപ്പിച്ചിരുന്നു. കുവൈത്ത് സർക്കാറിന്റെ യാത്രാ നിരോധനം ലഭിച്ചതിനാൽ പുലർച്ച മുതൽ തന്നെ യാത്രക്കാരെ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.

രാവിലെ 8.20 ന് കുവൈറ്റിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് യാത്ര റദ്ദാക്കിയതോടെ 170 പേരുടെ യാത്ര മുടങ്ങി. ഇത്തിഹാദ് വിമാനത്തിൽ അബുദാബി വഴി പോകേണ്ട 35 യാത്രക്കാരെ കൊണ്ടുപോകാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചതിനാൽ അവരും മടങ്ങുകയായിരുന്നു.

അവധി തീർന്ന് പെട്ടന്നു തിരിച്ചു പോകേണ്ടവരെയും ഇന്നോ നാളെയോ ജോലിയിൽ പ്രവേശിക്കേണ്ടവരെയും ആണ് ഇത് ബാധിക്കുക. പല കമ്പനികളുമായും ബന്ധപ്പെട്ടപ്പോൾ അനുകൂലമായ പ്രതികരണം ലഭിച്ചത് പ്രതിസന്ധിയിലായവർക്ക് പ്രതീക്ഷയേകുന്നതാണ്.

ഇന്ത്യ ഉൾപ്പെടെ 7 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കുവൈറ്റ് യാത്രാവിലക്കേർപ്പെടുത്തിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa