Friday, November 22, 2024
KuwaitTop Stories

വിദേശത്തു കുടുങ്ങിയവരുടെ ഇഖാമയും പുതുക്കി നൽകും

യാത്രകൾ നിരോധിച്ചതിനാൽ ഇഖാമ കാലാവധി കഴിയാറായ പ്രവാസികൾക്ക് പുതുജീവൻ നൽകി കുവൈത്ത് സർക്കാർ.

സ്വരാജ്യങ്ങളിലേക്ക് അവധിക്ക് പോയവർക്കും മറ്റും ഇഖാമയുടെ കാലാവധി കഴിഞ്ഞാലും പുതുക്കി നൽകുമെന്ന് അഭ്യന്തര മന്ത്രാലയത്തിലെ താമസാനുമതി കാര്യവിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ അൽ മറാഫി അറിയിച്ചു.

ഗാർഹിക തൊഴിലാളികൾക്കും തൊഴിൽ വിസയിലുള്ളവർക്കും ഇത് പ്രയോജനപ്പെടുത്താം. ആറുമാസത്തിൽ കൂടുതൽ കുവൈത്തിനു പുറത്ത് താമസിച്ചാലും പ്രത്യേക പരിഗണന ലഭിക്കും. എന്നാൽ പാസ്പോർട്ടിൽ ഡേറ്റ് ഉണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്.

തൊഴിൽ വിസയിലുള്ളവരുടെ കമ്പനി അതാത് ഗവർണറേറ്റുകളിലെ മാൻപവർ അതോറിറ്റി ഓഫീസുകളിൽ നിന്ന് ആദ്യം വർക്ക് പെർമിറ്റ് സമ്പാദിക്കുകയും പിന്നീട് താമസാനുമതികാര്യ വിഭാഗത്തിൽ നിന്ന് ഇഖാമ പുതുക്കി വാങ്ങുകയുമാണ് ചെയ്യേണ്ടത്.

ഗാർഹിക തൊഴിലാളികളുടെ സ്പോൺസർമാർ താമസാനുമതികാര്യ വിഭാഗത്തിൽ നിന്ന് ഇഖാമ പുതുക്കാൻ അപേക്ഷിക്കുകയാണ് വേണ്ടത്.

ആശ്രിത വിസയിലുള്ളവർക്ക്, അവർ വിദേശത്തായിരിക്കെ ഇഖാമ കാലാവധി തീർന്നാൽ കുടുംബനാഥന് ബന്ധപ്പെട്ട ഓഫീസിൽ നിന്ന് ആശ്രിതരുടെ ഇഖാമ പുതുക്കി കിട്ടും. എന്നാൽ കുടുംബനാഥൻ വിദേശത്തായിരിക്കെ ആശ്രിത വിസക്കാരുടെ ഇഖാമ കാലാവധി അവസാനിച്ചാൽ ആശ്രിതർക്ക് നേരിട്ട് തന്നെ താമസാനുമതികാര്യ വകുപ്പിൽ ചെന്ന് വസ്തുതകൾ ബോധ്യപ്പെടുത്തിയാൽ ഇഖാമ പുതുക്കി ലഭിക്കുന്നതാണ്.

കുവൈറ്റിലെ നിയമമനുസരിച്ച് ആറുമാസത്തിൽ കൂടുതൽ വിദേശത്ത് നിന്നാൽ ഇഖാമ യാന്ത്രികമായി റദ്ദ് ചെയ്യപ്പെടും. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇഖാമ കാലാവധിക്കനുസരിച്ച് കുവൈത്തിൽ എത്തിയാൽ മതിയാകും. ഇഖാമയിൽ കാലാവധി തീർന്നവർക്ക് ആറുമാസത്തിനു പുറമെ മൂന്ന് മാസം കൂടി അധികമായി അനുവദിക്കും.

എല്ലാതരം വിസിറ്റിംഗ് വിസകൾക്കും രണ്ട് മാസകാലാവധി അധികമായി ദീർഘിപ്പിച്ച് നൽകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa