Sunday, September 22, 2024
GCC

കൊറോണ ഭീതി; പ്രവാസികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം: നവയുഗം

ദമ്മാം: ലോകത്തെമ്പാടും രാജ്യങ്ങളിൽ കൊറോണ രോഗഭീതി പടരുന്ന സാഹചര്യത്തിൽ, യാത്രാവിലക്കുകൾ അടക്കം ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടുന്ന ഇന്ത്യൻ പ്രവാസികളെ സഹായിയ്ക്കാൻ ഉതകുന്ന അടിയന്തര നടപടികൾ സ്വീകരിയ്ക്കാൻ കേന്ദ്രസർക്കാരും, വിദേശകാര്യവകുപ്പും തയ്യാറാകണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

കൊറോണ  ലോകത്തെ ഒട്ടനവധി രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യങ്ങളിൽ, രോഗ വ്യാപനം  തടയാനും, പൗരന്മാരുടെ സുരക്ഷിതത്വം മുൻനിർത്തിയും സന്ദർശക വിലക്ക്, വിമാന സർവ്വീസുകൾ നിർത്തലാക്കുക, യാത്രാവിലക്ക് എന്നിങ്ങനെ പല കടുത്ത നടപടികളും കൈക്കൊണ്ടിട്ടുണ്ട്.

ഇത് മൂലം പ്രവാസികൾ ഒട്ടേറെ വിഷമതകൾ അനുഭവിയ്ക്കുന്നുണ്ട്.  ഗൾഫ് രാജ്യങ്ങൾ അടക്കമുള്ളവയിൽ നിന്നും അവധിക്ക് നാട്ടിൽ വന്നവർക്കും, സന്ദർശക വിസയിൽ ഉള്ളവർക്കും, തിരിച്ചു വരുന്നതിനും, ജോലിയിൽ പ്രവേശിക്കുന്നതിനും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു.

റീ-എൻട്രി വിസയുടെ കാലാവധി കഴിയും മുൻപ് തിരികെ പോകാൻ കഴിഞ്ഞില്ലെങ്കിൽ ജോലി തന്നെ നഷ്ടമാകുന്ന അവസ്ഥയാണ് ഉള്ളത്. ചില രാജ്യങ്ങൾ നടപ്പിലാക്കിയ, യാത്രയിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദ്ദേശങ്ങൾ പ്രായോഗികതലത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ധാരാളമാണ്.  

അതോടൊപ്പം രോഗം പടർന്നു പിടിയ്ക്കുന്ന ചൈന, ഇറാൻ, കൊറിയ, ഇറ്റലി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടു പോകുന്ന ഇന്ത്യക്കാർ ഉണ്ടെങ്കിൽ അവരെ സുരക്ഷിതരായി തിരികെ എത്തിയ്ക്കാനുള്ള ഉത്തരവാദിത്വവും കേന്ദ്രസർക്കാരിനുണ്ട്.

വിദേശത്തുനിന്ന് എത്തിയവരുടെ വിസാ കാലാവധി തീരുകയും, അതിന്റെ പേരില് തൊഴില് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്താൽ, അത്തരം പ്രവാസികളുടെ വിസാ കാലവധി നീട്ടി ലഭിക്കാൻ കേന്ദ്ര ഗവർമെൻ്റിൻ്റെ ഇടപെടലുകൾ നയതന്ത്രതലത്തിൽ ഉണ്ടാകണം.

ഇതുൾപ്പെടെ കൊറൊണാ ഭീതി മൂലം പ്രവാസികൾ അനുഭവിയ്ക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിയ്ക്കാൻ അടിയന്തരനടപടികൾ വിദേശകാര്യ മന്ത്രാലയവും, കേന്ദ്രസർക്കാരും സ്വീകരിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q