വിസിറ്റിംഗ് വിസക്കാർക്കും പുതിയ വിസക്കാർക്കും സൗദിയിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ല
കരിപ്പൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സൗദിയിലേക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് യാത്രാ വിലക്ക് നിലവിൽ വന്നതോടെ വിസിറ്റിംഗ് വിസക്കാർക്കും പുതിയ വിസക്കാർക്കും സൗദിയിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് ട്രാവൽസ് മേഖലയിലുള്ളവർ അറിയിച്ചു.
എയർപോർട്ടുകളിൽ നിന്നും വിസിറ്റ് വിസക്കാരെയും പുതിയ വിസക്കാരെയും ബോഡിംഗ് നൽകാതെ മാറ്റി നിർത്തുന്നുണ്ടെന്ന് ട്രാവൽസ് വൃത്തങ്ങൾ പറയുന്നു.
വിലക്ക് നിലവിൽ വന്ന വ്യാഴാഴ്ച മുതൽ 72 മണിക്കൂറിനുള്ളിൽ സൗദിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇഖാമയുള്ള വിദേശികൾക്കും സൗദി പൗരന്മാർക്കും മാത്രമാണു ഇപ്പോൾ സൗദിയിലേക്ക് പോകാൻ സാധിക്കുന്നത്.
അതേ സമയം ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ എങ്ങനെയെങ്കിലും സൗദിയിൽ എത്തിപ്പെടാനുള്ള പരിശ്രമത്തിലാണു നിരവധി പ്രവാസി സുഹൃത്തുക്കൾ.
ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ സൗദി നേരത്തെ വിലക്കിയിരുന്നതിനാൽ നേരിട്ടുള്ള വിമാനങ്ങളുടെ എണ്ണക്കുറവും ടിക്കറ്റുകളുടെ ലഭ്യതക്കുറവുമെല്ലാം ട്രാവൽസുകളിൽ വലിയ തിരക്കാണു ഉണ്ടാക്കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇന്ന് പുലർച്ചെ വരെ സൗദിയിലേക്കുള്ള ടിക്കറ്റുകൾ അന്വേഷിച്ചുള്ള തുടർച്ചയായ ഫോൺ കാളുകളായിരുന്നുവെന്ന് മലപ്പുറം ചെമ്മാട് അലിഫ് ട്രാവൽസിലെ അബ്ദുൽ റഷീദ് പറയുന്നു.
വിസിറ്റിംഗ് വിസക്കാർക്ക് ബോഡിംഗ് നൽകാത്തതിനാൽ ആ അവസരം വിനിയോഗിച്ച് പല റി എൻട്രിക്കാർക്കും ഇന്ന് സൗദിയിലേക്ക് സീറ്റ് ലഭിച്ചിട്ടുണ്ടെന്ന് എ ആർ നഗർ കുന്നുംപുറം ജൗഫ് ട്രാവൽസിലെ മുഹമ്മദ് സ്വാലിഹ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa