Friday, April 18, 2025
Saudi ArabiaTop Stories

സൗദിയിൽ നിന്ന് അവധിയിൽ പോയവരും നിലവിൽ സൗദിയിൽ വിസിറ്റിംഗിൽ ഉള്ളവരും മറ്റും ആശങ്കപ്പെടേണ്ടതില്ല

ജിദ്ദ: കൊറോണ വൈറസ്-കോവിഡ്19 നിയന്ത്രണങ്ങളുടെ ഭാഗമായി സൗദി അറേബ്യ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങൾക്ക് യാത്രാ വിലക്കേർപ്പെടുത്തിയതോടെ സൗദിയിൽ നിന്ന് അവധിയിൽ പോയവരും നിലവിൽ സൗദിയിൽ വിസിറ്റിംഗ് വിസകളിൽ ഉള്ളവരുമായ നിരവധി പ്രവസികൾ പലതരം ആശങ്കകളിലാണുള്ളത്.

റി എൻട്രി വിസ കാലാവധി തീരാനായവർക്ക് പുറമെ ഇഖാമ കാലാവധി അവസാനിക്കാനായവർക്കാണു വലിയ ആശങ്കയുള്ളത്. ഇഖാമ കാലാവധി കഴിഞ്ഞാൽ പിന്നീടെന്തെങ്കിലും പുലിവാലാകുമോ എന്നാണു പലരുടെയും ചോദ്യം.

അതേ സമയം വിലക്കേർപ്പെടുത്തിയെങ്കിലും 72 മണിക്കൂറിനുള്ളിൽ സൗദിയിലേക്ക് പറക്കാൻ അവസരം ലഭിച്ചത് നിരവധി പ്രവാസികൾക്ക് ഉപയൊഗപ്പെടുത്താനായെങ്കിലും ടിക്കറ്റ് നിരക്ക് വലിയ തോതിൽ ഉയർത്തിയതും സീറ്റുകളുടെ ലഭ്യതക്കുറവും കാരണം നിശ്ചിത സമയത്തിനുള്ളിൽ സൗദിയിൽ തിരിച്ചെത്താൻ പലർക്കും സാധിക്കില്ലെന്നത് ഉറപ്പാണ്.

വിവിധ വിമാനക്കംബനികൾ സ്പെഷ്യൽ ഫ്ളൈറ്റുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് പലാ സാധാരണ പ്രവാസികൾക്കും താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്നതിനാൽ പലരും എന്ത് തീരുമാനമെടുക്കണമെന്നറിയാതെ നിൽക്കുന്നുണ്ട്.

ചില സ്വകാര്യ ഏജൻസികൾ പ്രത്യേക ഫ്ളൈറ്റ് ചാർട്ട് ചെയ്ത് വൺ വേ ടിക്കറ്റിനു 44,000 രൂപ വരെ ഈടാക്കുന്നുണ്ടെന്നാണു യാത്രക്കാർ പറയുന്നത്.

അതേ സമയം നിലവിൽ സാഹചര്യത്തിൽ ഇഖാമ കാലാവധിയെ സംബന്ധിച്ചോ റി എൻട്രി വിസ കാലാവധിയെ സംബന്ധിച്ചോ പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ല എന്നാണു സൗദി ജവാസാത്തിൽ നിന്നുള്ള കഴിഞ്ഞ ദിവസത്തെ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.

കൊറോണ സാഹചര്യത്തിൽ അവധിക്ക് പോയ ആളുടെ ഇഖാമ എക്സ്പയറാകാനിരിക്കുന്നു,റി എൻട്രി വിസ കാലാവധി തീരാനായിരിക്കുന്നു, വിമാനങ്ങൾ കാൻസൽ ആണ് , ഈ അവസരത്തിൽ എന്താണു ചെയ്യേണ്ടത് തുടങ്ങി സൗദി ജവാസാത്തിൻ്റെ ഓഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിരവധി ആളുകളാണു സംശയങ്ങൾ ചോദിച്ച് കൊണ്ടിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ അവധിക്ക് പോയവരുടെയും ഇഖാമ കാലാവധി കഴിഞ്ഞവരുടെയുമെല്ലാം പ്രശ്നങ്ങങ്ങൾ പരിഗണിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയാണെന്നും തുടർ നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നുമാണു സൗദി ജവാസാത്ത് ഇത്തരം ചോദ്യങ്ങൾക്ക് ഔദ്യോഗികമായി മറുപടി നൽകിയിട്ടുള്ളത്.

നിലവിൽ സൗദിയിൽ വിസിറ്റിംഗ് വിസയിൽ ഉള്ളവർക്ക് കാലാവധി തീരുന്നതോടെ തിരിച്ച് സ്വദേശത്തേക്ക് വരാൻ സാധിക്കാതിരുന്നാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിനും ജവാസാത്ത് മേൽപ്പറഞ്ഞ അതേ മറുപടിയാണു നൽകിയിട്ടുള്ളത്.

അതേ സമയം നിലവിൽ സൗദിയിലുള്ള വിസിറ്റിംഗ് വിസക്കാർക്ക് ജവാസത്തിൽ നേരിട്ട് പോയി പണമടച്ചാൽ വിസിറ്റിംഗ് വിസ പുതുക്കി നൽകുമെന്ന ഒരു പ്രചാരണത്തിൻ്റെ യാഥാർത്ഥ്യം എന്താണെന്ന് ചോദിച്ചപ്പോൾ ‘ജവാസാത്ത് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം’ എന്നാണ് മറുപടി നൽകിയിട്ടുള്ളത്. ഇത് പ്രകാരം ജവാസത്തിൽ നേരിട്ട് പോയി പുതുക്കിയതായി ചില പ്രവാസികൾ അറിയിച്ചു.

ഏതായാലും ഇഖാമ തീരുന്നവരും റി എൻട്രി വിസ അവസാനിക്കുന്നവരും വിസിറ്റിംഗ് വിസ അവസാനിക്കുന്നവരും ആശങ്കപ്പെടേണ്ടതില്ല എന്നും നിലവിലെ സാഹചര്യം പരിഗണിച്ച് ഉചിതമായി പരിഹാര നടപടിക്രമങ്ങൾ ജവാസാത്ത് ഉടൻ പ്രഖ്യാപിക്കുമെന്നുമാണു മനസ്സിലാകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്