Sunday, November 24, 2024
Saudi ArabiaTop Stories

ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് സൗദി അറേബ്യ മുഴുവൻ അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കും

ജിദ്ദ: കൊറോണ വ്യാപാനം തടയുന്നതിൻ്റെ ഭാഗമായി മാർച്ച് 15 ഞായറഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മാർച്ച് 15 ഞായറാഴ്ച രാവിലെ 11 മണി മുതലായിരിക്കും എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിമാനങ്ങൾ കാൻസൽ ചെയ്യുന്ന ദിവസങ്ങൾ വിമാനങ്ങൾ ലഭ്യമാകാത്തത് കാരണം സൗദിയിൽ തിരിച്ചെത്താൻ കഴിയാത്ത സൗദികൾക്കു വിദേശികൾക്കും അസാധാരണ ഔദ്യോഗിക അവധി ദിനങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.

അതോടൊപ്പം സൗദിയിൽ മടങ്ങിയെത്തിയ ശേഷം കൊറോണ ബാധയുടെ പേരിൽ ഐസൊലേഷനിൽ പ്രവേശിപ്പിക്കപ്പെട്ടവർക്കും ഈ 14 ദിവസങ്ങൾ അസാധാരണ ഔദ്യോഗിക അവധി ദിനങ്ങളായിരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേ സമയം ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാത്രം ചില വിമാനങ്ങളെ സൗദിയിലേക്കും തിരിച്ചും പറക്കാൻ അനുവദിച്ചേക്കും.

വിലക്കുള്ള 14 ദിവസ കാലയളവിൽ സൗദിയിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്ന സൗദി പൗരന്മാർ സ്വീകരിക്കേണ്ട ആവശ്യമായ നടപടിക്രമങ്ങളെക്കുറിച്ച് വിലക്ക് വന്ന് ഒരാഴ്ചക്കുള്ളിൽ അറിയിക്കും.

ഇത് വരെ 117 ലോക രാജ്യങ്ങളിൽ പടർന്ന് പിടിച്ച കോവിഡ്19 വൈറസിൻ്റെ വ്യാപനം തടയുന്നതിനും സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണു അധികൃതർ വിമാനങ്ങൾ മുഴുവൻ കാൻസൽ ചെയ്ത് കൊണ്ടുള്ള തീരുമാനങ്ങൾ എടുത്തിട്ടുള്ളതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഇത് വരെ സൗദിയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 86 ആയിട്ടുണ്ട്.

സ്വദേശികൾക്ക് പുറമെ ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് ഈജിപ്ഷ്യൻ പൗരന്മാർക്കാണ്. കഴിഞ്ഞ ദിവസം ഒരു ബംഗ്ളാദേശ് പൗരനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇയാൾ മക്കയിൽ ഐസൊലേഷനിലാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്