Monday, September 23, 2024
KeralaSaudi ArabiaTop Stories

കൊറോണയുടെ മറവിൽ സൗദിയിലേക്കുള്ള ടിക്കറ്റ് വിൽപനയിൽ ഈടാക്കിയത് വൻതുകകൾ

കരിപ്പൂർ: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സൗദിയിലേക്കുള്ള വിമാനങ്ങൾക്ക് സൗദി അധികൃതർ വിലക്കേർപ്പെടുത്തിയപ്പോൾ ഗ്രേസ് പിരീഡായി നൽകിയ 72 മണിക്കൂറിനുള്ളിൽ ഒഴിവ് വന്ന ടിക്കറ്റിനായി സൗദി പ്രവാസികൾ നൽകേണ്ടി വന്നത് വൻ തുകകൾ.

ചില എയർലൈൻ ജീവനക്കാരും ട്രാവൽസ് മേഖലയിലെ ചില ഭീമന്മാരും ചേർന്നാണു പ്രവാസികളുടെ നിസ്സഹായവസ്ഥ മുതലെടുത്ത് വിമാന ടിക്കറ്റുകൾ വൻ തുകക്ക് കരിഞ്ചന്തയിൽ വിറ്റഴിച്ചത്.

പരമാവധി 20,000 ത്തിനും 30,000 ത്തിനും ഇടയിൽ വിറ്റാൽ തന്നെ വലിയ ലാഭം ലഭിക്കുന്ന ടിക്കറ്റുകൾ ഈ ലോബികൾ വിറ്റഴിച്ചത് 60,000 രൂപ വരെ ഈടാക്കിയാണെന്നതാണു സത്യം.

ഇഖാമ കാലാവധിയും വിസ കാലാവധിയും തീരാറായ സൗദി പ്രവാസികളുടെ നിസഹായവസ്ഥ ചില എയർലൈൻ ജീവനക്കാരും ചില ട്രാവൽസ് ഭീമന്മാരും മുതലെടുക്കുകയായിരുന്നു.

ഫാമിലി വിസിറ്റിംഗ് വിസക്കാരെയും പുതിയ വിസക്കാരെയും കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ സൗദിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നുണ്ടായിരുന്നില്ല എന്നതിനാൽ അത്തരം വിഭാഗങ്ങളിൽ പെട്ട യാത്രക്കാർ ടിക്കറ്റ് കാൻസലേഷൻ നടത്തിയത് മൂലം ലഭ്യമായ ടിക്കറ്റുകളായിരുന്നു വൻ തുകക്ക് സൗദി പ്രവാസികൾക്ക് വിറ്റത്.

ഇങ്ങനെ കാൻസലേഷൻ വന്ന ടിക്കറ്റുകൾ സാധാരണ ടിക്കറ്റ് നിരക്കിൽ തന്നെ നൽകാൻ സാധിക്കുമായിരുന്ന അവസ്ഥയിലാണു വൻ തുക സാധാരണക്കാരായ പ്രവാസികൾക്ക് ഈ ലോബികൾക്ക് നൽകേണ്ടി വന്നിട്ടുള്ളത്.

വിസയും ഇഖാമയുമെല്ലം എക്സ്പയർ ആയാൽ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്ന ഭീതിയിൽ പലരും ടിക്കറ്റുകൾ വാങ്ങുകയും ചെയ്തത് ഈ ലോബിക്ക് അനുകൂലമാകുകയും ചെയ്തു.

അതേ സമയം വ്യാഴാഴ്ച പുലർച്ചെ മുതൽ 72 മണിക്കൂർ കഴിയുന്നതോടെ സൗദിയിലേക്കുള്ള വിമാനങ്ങൾ സർവീസ് നിർത്തലാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും ഞായറാഴ്ചത്തെ വിമാനത്തിനും ടിക്കറ്റ് നൽകുകയും വിമാനങ്ങൾ കാൻസൽ ചെയ്തത് മൂലം കരിപ്പൂരിൽ ഇന്ന് യാത്രക്കാർ ബഹളം വെക്കുകയും ചെയ്തിരുന്നു

അതേ സമയം ആഗോള വ്യാപകമായി പടർന്നു പിടിച്ച മഹാ മാരിയിലും സാധാരണക്കാരായ യാത്രക്കാർക്കെതിരെ നടക്കുന്ന ഇത്തരം ചൂഷണങ്ങൾക്കെതിരെ വൻ പ്രതിഷേധം ആണ് ഉയരുന്നത്. സർക്കാരും നോർക്കയും പ്രവാസി കാര്യ വകുപ്പും അടിയന്തിരമായി ഇത്തരം സന്ദർഭങ്ങളിൽ ഇടപെടേണ്ടിയിരിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്