Tuesday, September 24, 2024
Saudi ArabiaTop Stories

സൗദി ഭരണകൂടത്തിന്റെ വിവിധ വിഭാഗങ്ങൾ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായെടുത്ത പുതിയ നടപടികൾ ഇവയാണ്

ജിദ്ദ: കോവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതിനായി സൗദി ഭരണകൂടത്തിന്റെ വിവിധ വിഭാഗങ്ങൾ ചില സുപ്രധാന തീരുമാനങ്ങൾ കൂടി കൈക്കൊണ്ടിരിക്കുകയാണ്.

ട്രാഫിക് വിഭാഗം ഓഫീസുകൾ വഴിയുള്ള നേരിട്ടുള്ള സേവനങ്ങൾ നിർത്തി വെച്ചു. അടുത്ത 16 ദിവസങ്ങളിലെക്കാണു സേവനങ്ങൾ നിർത്തിയിട്ടുള്ളത്. സൗദി ട്രാഫിക് വിഭാഗവുമായി ബന്ധപ്പെട്ട ഭൂരിഭാഗം സേവനങ്ങളും ഇപ്പോൾ അബ്ഷിറിൽ ലഭ്യമാണ്.

വൈദ്യുതി ബില്ലുകൾ അടക്കാത്തതിന് കറന്റ് വിച്ഛേദിക്കുന്ന നടപടികൾ ഒരു മാസത്തേക്ക് നീട്ടി വെക്കുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു.

പള്ളികളിലെ വുളു (അംഗസ്നാനം) ചെയ്യുന്നതിനുള്ള ഏരിയകളും ടോയ്‌ലറ്റുകളും എല്ലാം അടച്ചിടും. ബാങ്ക് വിളിച്ചത് മുതൽ നമസ്ക്കാരം അവസാനിക്കുന്നത് വരെ വാതിലുകളും ജനലുകളും തുറന്നിടണം .

സിവിൽ അഫയേഴ്‌സ് ( അഹ്‌വാലുൽ മദനി ) ഓഫീസുകളിൽ സന്ദർശകരെ സ്വീകരിക്കുന്നത് 16 ദിവസത്തേക്ക് നിർത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ സിവിൽ അഫയേഴ്‌സ് വിഭാഗം അറിയിച്ചു.

മക്കയിലെ കുദൈയിലെ കിംഗ് അബ്ദുല്ല സംസം പ്ളാൻ്റിലെ സംസം വിതരണം നിർത്തലാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സെയിൽസ് ഔട്ട്ലറ്റുകൾ തുറക്കില്ല.

നേരത്തെ സ്വകാര്യ മേഖലയിലെ ചില വിഭാഗം ജീവനക്കാർക്ക് 14 ദിവസം അവധി നൽകണമെന്ന തീരുമാനത്തിൽ കൂടുതൽ വിശദീകരണം നൽകി. ഗർഭിണികൾ, ശ്വാസകോശ രോഗങ്ങളുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, രോഗപ്രതിരോധ മരുന്നുകൾ കഴിക്കുന്ന ജീവനക്കാർ തുടങ്ങി പരിഗണന ആവശ്യമായ വിഭാഗം ജീവനക്കാർക്ക് നൽകുന്ന അവധി രോഗാവധിയിൽ ഉൾപ്പെടുത്തണമെന്നും നിയമാനുസൃത ലീവിൽ ഉൾപ്പെടുത്താൻ പാടില്ലെന്നുമാണു അധികൃതർ നിർദ്ദേശിച്ചിട്ടുള്ളത്.

സർക്കാർ ജീവനാക്കാരുടെ അവധി, മാളുകൾ അടക്കൽ, ബാർബർ ഷോപ്പുകൾ അടക്കൽ, ഭക്ഷണ പാനീയങ്ങൾ പാർസൽ വഴി മാത്രം നൽകുക, പൊതു സ്ഥലങ്ങളിൽ ഒരുമിച്ച് കൂടുന്നത് ഒഴിവാക്കുക, ലേലം വിളി ചന്തകൾ നിർത്തുക, വിദേശത്ത് നിന്ന് എത്തിയവർ 14 ദിവസം വീടുകളിൽ കഴിയുക തുടങ്ങിയ വിവിധ നടപടികൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

അതേ സമയം സൗദിയിലെ കൊറോണ ബാധിതരുടെ എണ്ണം ഇത് വരെ 118 ആയിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 15 പേർക്കാണു കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്