Monday, November 25, 2024
BahrainGCCKuwaitOmanQatarSaudi ArabiaTop StoriesU A E

കൊറോണക്കാലത്ത് ലോകത്തിന് മാതൃകയായി ഗൾഫ് രാഷ്ട്രങ്ങൾ

വെബ്‌ഡെസ്‌ക്: ലോകത്താകമാനം ഓരോ ദിനവും പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ജനങ്ങൾക്ക് പ്രതീക്ഷയും സുരക്ഷയും നൽകുന്നതിൽ മത്സരിക്കുകയാണ് ഗൾഫിലെ ഭരണാധികാരികൾ.

ഇസ്ലാമിക മതാചാരങ്ങളിൽ ഏറ്റവും കണിശമായ നിസ്കാരങ്ങൾ പോലും സ്വഭവനങ്ങളിലേക്കൊതുക്കി മതം മനുഷ്യന്റെ സുരക്ഷക്കുള്ളതാണെന്ന മാനവീകത ഉയർത്തിപ്പിടിക്കുകയാണ് അറബികൾ.

സൗദിയിൽ ഇരു ഹറമുകളിൽ ഒഴിച്ച് മറ്റൊരു പള്ളിയിലും നിസ്കാര നിർവഹണം ഇല്ല. ജനങ്ങളുടെ സുരക്ഷക്കു വേണ്ടി വലിയ മാളുകളും വിനോദ കേന്ദ്രങ്ങളും അടച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരത്തെ തന്നെ അടച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലടക്കം വീട്ടിൽ ഇരുന്നു തൊഴിൽ ചെയ്യാവുന്ന രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടുവരാൻ ഭരണകൂടം നിർദ്ദേശം നൽകി.

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിപണി നേരിടുന്ന മാന്ദ്യം ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ട് അന്‍പത് ബില്യണ്‍ റിയാല്‍ ധനസഹായം നല്‍കുമെന്ന് ദേശീയ ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററിംഗ് അതോറിറ്റി അറിയിച്ചു. ഇതിനു പുറമെ കൊറോണയെ പ്രതിരോധിക്കാൻ ലോകാരോഗ്യ സംഘടനക്ക് 10 മില്യൺ ഡോളറിന്റെ ധന സഹായം നൽകാൻ സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു.

രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും വെള്ളവും വൈദ്യുതിയും ആറു മാസത്തേക്ക് സൗജന്യമാക്കി ഖത്തർ അമീർ ഉത്തരവിറക്കിയത്, അന്നാട്ടിലെ ജനങ്ങൾക്ക് ഒട്ടൊന്നുമല്ല ആശ്വാസമേകിയത്. ചെറു വ്യവസായികൾക്കും നിരവധി സൗജന്യങ്ങളുണ്ട്. മാത്രമല്ല ബാങ്ക് വായ്പകൾ തിരിച്ചടക്കുന്നത് സ്വകാര്യ മേഖലയിലടക്കം ആറു മാസത്തേക്ക് സമയം നീട്ടി നൽകി. ഇതിനാൽ വരുന്ന ബാങ്കുകളിലെ പ്രതിസന്ധി മറികടക്കാൻ 75 ബില്യൻ റിയാൽ സഹായമാണ് ഖത്തർ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭകര്‍ക്കാണ് ഇതിന്റെ ഗുണം കൂടുതല്‍ ലഭിക്കുക. ഇതു പ്രകാരം രാജ്യത്തെ ബാങ്കുകൾക്കോ ധനകാര്യ സ്ഥാപനങ്ങൾക്കോ കുടിശിക വരുത്തിയവർക്കെതിരെ ആറുമാസത്തേക്ക് നടപടിയെടുക്കാൻ കഴിയില്ല.

പൊതുജനങ്ങൾക്കും, സ്വകാര്യ മേഖലയിലും ഉണ്ടായ നാശ നഷ്ടങ്ങൾ നികത്താൻ ബഹ്‌റൈൻ 11.3 ബില്യൺ ഡോളറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്നു മാസത്തേക്ക് വൈദ്യുതി, വെള്ളം ബില്ലുകൾ സർക്കാർ അടക്കും. പ്രവാസികൾക്ക് അടക്കം ഇതിന്റെ ഗുണം ലഭിക്കുന്നതാണ്. കോവിഡ് 19 ന്റെ പാശ്ചാത്തലത്തിൽ സാമ്പത്തിക ആഘാതം മറികടക്കാൻ ജനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ തീരുമാനം.

യുഎഇ ഭരണകൂടം നിലവിലെ സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നിരവധി പദ്ധതികൾ പ്രാപല്യത്തിൽ വരുത്തുന്നുണ്ട്. യുഎഇ സെൻട്രൽ ബാങ്ക് 100 ബില്യൻ റിയാലിന്റെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അബുദാബിയിൽ ഈ വർഷം മുഴുവൻ ടോൾ പ്ലാസകളിൽ ടോൾ അടക്കേണ്ടതില്ല എന്നത് സുപ്രധാനമായൊരു തീരുമാനമാണ്. വൈദ്യുതി കണക്ഷനുകൾക്ക് സബ്സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 2020/21 ലെ ബഡ്ജറ്റിൽ 1.6 ബില്യൺ ഡോളറിന്റെ വർദ്ധനവ് വരുത്താൻ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു. കൊറോണ വൈറസിനെതിരെ പൊരുതുന്ന ഗവണ്മെന്റ് പദ്ധതികൾക്ക് കരുത്തേകാൻ കുവൈറ്റ് സെൻട്രൽ ബാങ്ക് 32.79 മില്യൺ ഡോളറാണ് നീക്കി വെച്ചിട്ടുള്ളത്. യാത്രാ വിലക്കിൽ കുടുങ്ങിയ വിദേശ തൊഴിലാളികൾക്ക് വിസകൾ പുതുക്കി നൽകാൻ കുവൈറ്റ് തീരുമാനിച്ചിരുന്നു.

ഒമാൻ, ബഹറൈൻ, ഖത്തർ, യുഎഇ, സൗദി കുവൈറ്റ് തുടങ്ങി മിക്ക രാജ്യങ്ങളും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ജനങ്ങൾ കൂട്ടം കൂടുന്ന പാർക്കുകൾ, മാളുകൾ, വിനോദ സഞ്ചാര മേഖലകൾ മുഴുവൻ അടച്ചു.

സാനിറ്റൈസർ സോപ്പ്, മാസ്ക്ക് തുടങ്ങി പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മെഡിക്കൽ സാമഗ്രികൾ വിലകൂട്ടി വിൽക്കുന്നവർക്ക് കർശന ശിക്ഷകൾ ആണ് ഓരോ ഭരണകൂടവും പ്രഖ്യാപിച്ചിരിക്കുന്നത്.

ഭക്ഷ്യ വസ്തുക്കൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് അധിക വില ഈടാക്കുന്നവർക്ക് ഭരണകൂടങ്ങൾ ശക്തമായ മുന്നറിയിപ്പ് നൽകി. വൻ പിഴയും സ്ഥാപനം അടച്ചു പൂട്ടുന്നതടക്കമുള്ള നടപടിയും നേരിടേണ്ടി വരും.

കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടികൾ ഉണ്ടാകും. ബഹറൈനിലും യുഎഇയിലും ഇതിന്റെ ഭാഗമായി അറസ്റ്റുകൾ നടന്നു.

ഓരോ രാജ്യങ്ങളും അവരുടെ വിമാനത്താവളങ്ങൾ കൂടുതൽ പരിശോധനകൾക്ക് സാഹചര്യമൊരുക്കി. രോഗം കണ്ടെത്തുന്നവരെ അപ്പപ്പോൾ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ കൈകൊണ്ടു. അതീവ ജാഗ്രതയും ബോധവൽക്കരണവും കൊണ്ട് രോഗത്തെ പ്രതിരോധിക്കുകയാണ് ഓരോരുത്തരും.

ഓരോ രാജ്യങ്ങളും തങ്ങളുടെ മാനുഷീക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനങ്ങളുടെ ആശങ്കകൾക്കും അനിശ്ചിതത്വത്തിനും അറുതി വരുത്തി അവർക്ക് കാവലായി നിൽക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa