Sunday, November 24, 2024
Saudi ArabiaTop Stories

കർഫ്യൂ നിയമം ലംഘിച്ചാൽ പിഴ ഈടാക്കുന്നത് വ്യക്തികൾക്ക്; വാഹനങ്ങൾക്കല്ല

ജിദ്ദ: സൗദിയിൽ പ്രഖ്യാപിച്ച കർഫ്യൂ നിയമങ്ങൾ ലംഘിക്കുന്നവർ സഞ്ചരിക്കുന്ന വാഹനങ്ങൾക്കല്ല മറിച്ച് വ്യക്തികൾക്കാണു പിഴ ഈടാക്കുകയെന്ന് ആഭ്യന്തര മന്ത്രാലയ വാക്താവ് കേണൽ ത്വലാൽ അശൽഹൂബ് അറിയിച്ചു.

മക്ക, മദീന, റിയാദ് തുടങ്ങിയ നഗരങ്ങളിലേക്കും തിരിച്ചും പ്രവേശന വിലക്കേർപ്പെടുത്തുന്നതിനുള്ള പുതിയ തീരുമാനപ്രകാരം നഗരാതിർത്തികളുടെ പരിധിയെക്കുറിച്ച് ഇന്ന് പ്രഖ്യാപിക്കും.

ചുരുക്കം ചില നിയമ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സൗദിയിലെ സ്വദേശികളും വിദേശികളും കർഫ്യൂ നിയമങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ട്.

പ്രവിശ്യകളിലും നഗരങ്ങളിലും കർഫ്യൂ നിയമങ്ങൾ പൂർണ്ണമായും പാലിക്കുന്നതിനു സഹായിക്കുന്നതിനായി സൗദി സായുധ സേനയും പങ്ക് വഹിക്കുമെന്നും കേണൽ ത്വലാൽ പറഞ്ഞു.

കർഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിനു അനുമതിയുള്ള മേഖലകളിലുള്ളവർക്ക് ആർക്കെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ മുറൂർ പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ അവർ ട്രാഫിക് വിഭാഗവുമായി ബന്ധപ്പെട്ട് പിഴ കാൻസൽ ചെയ്യണമെന്ന് മക്ക ഗവർണ്ണറേറ്റ് നേരത്തെ ഓർമ്മപ്പെടുത്തിയിരുന്നു.

സല്മാൻ രാജാവ് ഇന്ന് അംഗീകരിച്ച പുതിയ ഉത്തരവ് പ്രകാരം സൗദിയിലെ 13 പ്രവിശ്യകളിൽ നിന്നും മറ്റൊരു പ്രവിശ്യയിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിനു വ്യാഴാഴ്ച മുതൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അതോടൊപ്പം മക്ക, മദീന, റിയാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നും അകത്തേക്കും പുറത്തേക്കും പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്.

പുതിയ ഉത്തരവ് പ്രകാരം റിയാദ്, മക്ക, മദീന തുടങ്ങിയ നഗരങ്ങളിലെ കർഫ്യൂ സമയം ആരംഭിക്കുന്നത് മാർച്ച് 26 വ്യാഴാഴ്ച മുതൽ ഉച്ചക്ക് 3 മണിക്കായിരിക്കും. നേരത്തെ സൗദിയിലെ എല്ലാ സ്ഥലങ്ങളിലും വൈകുന്നേരം 7 മണിക്കായിരുന്നു കർഫ്യൂ ആരംഭിച്ചിരുന്നത്. ഈ മൂന്ന് നഗരങ്ങളിലൊഴികെ ബാക്കിയുള്ള സ്ഥലങ്ങളിൽ തുടർന്നും വൈകുന്നേരം 7 മണിക്കായിരിക്കും കർഫ്യൂ ആരംഭിക്കുക.

കർഫ്യൂ നിയമങ്ങൾ ലംഘിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നവർക്കും കർഫ്യൂ നിയമങ്ങൾ അനുസരിക്കാത്തവർക്കും തടവും വൻ തുക പിഴയുമടക്കമുള്ള ശിക്ഷകൾ അനുഭവിക്കേണ്ടി വരുമെന്ന് അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്