മദീനയിലെ 6 ഡിസ്റ്റ്രിക്കുകളിലേക്ക് പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനും 24 മണിക്കൂറും വിലക്ക്
മദീന: കോവിഡ്19 പ്രതിരോധത്തിൻ്റെ ഭാഗമായി മദീനയിലെ 6 ഡിസ്റ്റ്രിക്കുകളിലേക്ക് പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനും 24 മണിക്കൂറും വിലക്ക്.
ആരോഗ്യ സുരക്ഷാ വിഭാഗങ്ങൾ മദീന ഗവർണ്ണറേറ്റിനു നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലെടുത്ത മുൻ കരുതൽ നടപടികളുടെ ഭാഗമായാണു 24 മണിക്കൂറും വിലക്കേർപ്പെടുത്തിയത്.
ഷുറൈബാത്ത്, ബനീ ളഫ്ർ, ഖർബാൻ, അൽജുമുഅ, ഇസ്കാനിൽ നിന്ന് ഒരു ഭാഗം, ബനീ ഖദ്റ എന്നീ ആറു ഡിസ്റ്റ്രിക്കുകളിലേക്ക് ഇനി പുറത്ത് നിന്നുള്ളവർക്ക് പ്രവേശിക്കാനോ ഇവിടെയുള്ളവർക്ക് പുറത്ത് കടക്കാനോ പാടില്ല. ശനിയാഴ്ച രാവിലെ 6 മണി മുതലാണു 24 മണിക്കൂർ പ്രവേശന വിലക്ക് നടപ്പിലാകുന്നത്
ഈ 6 ഡിസ്റ്റ്രിക്കുകളുടെ പരിധിക്കുള്ളിൽ രാവിലെ 6 മുതൽ വൈകുന്നേരം 3 മണി വരെ മാത്രം ഹെൽത്ത്, ഫുഡ് തുടങ്ങിയ അത്യാവശ്യങ്ങൾക്കായി മാത്രം ജനങ്ങൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുമതിയുണ്ട്.
ഈ 6 ഡിസ്റ്റ്രിക്കിലെയും ആളുകൾ വീടുകളിൽ ക്വാറൻറ്റെനിൽ കഴിയേണ്ടതാണെന്നും ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രയാസങ്ങൾ അനുഭവിക്കുന്നുവെങ്കിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്.
കൊറോണ കോവിഡ്19 ബാധിച്ച് മരിച്ച 3 പേരിൽ 2 പേരും മദീന പ്രവിശ്യയിൽ നിന്നുള്ളവരായിരുന്നു. കഴിഞ്ഞ ദിവസം മദീന പ്രവിശ്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണത്തിലും ഗണ്യമായ വർധനവുണ്ടായിരുന്നു.
കർഫ്യൂ നിയമത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങളെ 24 മണിക്കൂർ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് ബന്ധപ്പെട്ട വകുപ്പുകളുടെ നിയന്ത്രണങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമായിരിക്കും.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ മദീന, മക്ക, റിയാദ് തുടങ്ങിയ പട്ടണങ്ങളിലെ കർഫ്യൂ സമയം വൈകുന്നേരം 3 മണി മുതൽ രാവിലെ 6 മണി വരെയാക്കി നീട്ടിയിരുന്നു.
രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ കർഫ്യൂ സമയം വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെയാണ്. കർഫ്യു നിയമങ്ങൾ ലംഘിക്കുന്നവർക്ക് 10,000 റിയാൽ പിഴയും ആവർത്തിക്കുന്നത് ഇരട്ടി പിഴയും തടവും അനുഭവിക്കേണ്ടി വരും.
അതേ സമയം കർഫ്യൂ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികളുടെ മേലിലാണു പിഴ ഈടാക്കുകയെന്നും വാഹനങ്ങളുടെ മേൽ അല്ലെന്നും അധികൃതർ നേരത്തെ ഓർമ്മപ്പെടുത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa