കൊറോണ മരണ സംഖ്യ ഉയരുന്നു ; ഇറ്റലിയിൽ 24 മണിക്കൂറിനകം മരിച്ചത് 919 പേർ, സ്‌പെയിനിൽ 769, അമേരിക്കയിൽ വൈറസ് ബാധിതരുടെ എണ്ണം 1 ലക്ഷം കവിഞ്ഞു
വെബ്‌ഡെസ്‌ക്: ആഗോള തലത്തിൽ കോവിഡ്19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഇറ്റലിയിൽ മരിച്ചത് 919 പേരായിരുന്നു. ഇതോടെ ഇറ്റലിയിലെ മാത്രം കൊറോണ മരണ സംഖ്യ 9134 ആയി ഉയർന്നിരിക്കുകയാണ്.
അതേ സമയം സ്പെയിനിലും കൊറോണ വൈറസ് വരിഞ്ഞ് മുറുക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം മാത്രം സ്പെയിനിൽ മരിച്ചവരുടെ എണ്ണം 773 ആയിരുന്നു. ഇതൊടെ സ്പെയിനിലെ മാത്രം കൊറോണ മരണ സംഖ്യ 5138 ആയിട്ടുണ്ട്.
ഇതിനിടെ ഒരു ലക്ഷം കവിഞ്ഞ് ആഗോള തലത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണത്തിൽ അമേരിക്ക മുൻ പന്തിയിലെത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച മാത്രം അമേരിക്കയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 15000 ആണ്. 1704 പേരാണ് അമേരിക്കയിൽ ഇത് വരെ വൈറസ് ബാധിച്ച് മരിച്ചത്.
രോഗികളുടെ ആധിക്യം കാരണം ന്യു യോർക്ക് സിറ്റി, ന്യൂ ഓർലിയൻസ്, ഡെറ്റ്രോയിട്ട് തുടങ്ങിയ സ്ഥലങ്ങളിൽ മരുന്നുകളുടെയും വൈദ്യോപകരണങ്ങളുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും ദൗർലഭ്യം നേരിടുകയാണ്.
ഫ്രാാൻസിലും കൊറോണ ഭീഷണി വർധിച്ച് വരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 299 പേരാണു കഴിഞ്ഞ ദിവസം ഫ്രാൻസിൽ മരിച്ചത്. ഫ്രാാൻസിൽ ആകെ മരിച്ചവരുടെ എണ്ണം 1995 ആയി ഉയർന്നിട്ടുണ്ട്.
കോറോണ ആദ്യം സാരമായി പരിക്കേൽപ്പിച്ച ചൈനയിൽ ആവസ്ഥ ഇപ്പോൾ ഏറെ മെച്ചമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്നലെ 5 പേർ മാത്രമാണു ചൈനയിൽ മരിച്ചത്. പുതുതായി 55 പേർക്ക് മാത്രമായിരുന്നു കഴിഞ്ഞ ദിവസം ചൈനയിൽ വൈറസ് ബാധയേറ്റത്.
ജർമ്മനിയിലും വൈറസ് വലിയ ഭീഷണിയാണു ഉയർത്തിയിട്ടുള്ളത്. ഇന്നലെ മാത്രം 84 പേരാണു ജർമ്മനിയിൽ മരിച്ചത്. 6933 പേർക്കാണു ഇന്നലെ ജർമ്മനിയിൽ വൈറസ് ബാധയേറ്റിട്ടുള്ളത്. ഇതോടെ ജർമ്മനിയിൽ ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു.
ഇറാനിൽ ഇന്നലെ മാത്രം മരിച്ചത് 144 പേരായിരുന്നു. ഇതോടെ ഇറാനിലെ ആകെ കൊറോണ മരണം 2926 ആയി ഉയർന്നു. 32,332 പേർക്കാണു ഇറാനിൽ വൈറസ് ബാധയേറ്റിട്ടുള്ളത്.
കഴിഞ്ഞ ദിവസം 181 പേർ കൂടി മരിച്ചതോടെ ബ്രിട്ടനിലെ ആകെ കൊറോണ മരണം 759 ആയി ഉയർന്നിട്ടുണ്ട്. 14,500 ലധികം പേർക്ക് ബ്രിട്ടനിൽ ഇത് വരെ വൈറസ് ബാധയേറ്റിട്ടുണ്ട്.
നെതർലൻ്റിൽ ഇന്നലെ 112 പേർ മരിച്ചപ്പോൾ ബെൽജിയത്തിൽ 69 പേരും സ്വിറ്റ്സർലൻ്റിൽ 39 പേരും കൊറോണ മരണത്തിനു കീഴടങ്ങി. നേരത്തെ വൈറസ് രൂക്ഷമായി വ്യാപിച്ചിരുന്ന സൗത്ത് കൊറിയയിൽ ഇന്നലെ 8 പേർ മാത്രമാണു മരിച്ചത്.
ഇന്ത്യയിൽ ഇത് വരെ വൈറസ് ബാധിച്ച് മരിച്ചത് 20 പേരാണ്. പുതുതായി 31 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് . ഇതോടെ ഇന്ത്യയിലെ ആകെ വൈറസ് ബാധിതരുടെ ഏണ്ണം 918 ആയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വൈറസ് ബാധിച്ചിട്ടുള്ളത് സൗദി അറേബ്യയിലാണ്. 1104 പേർക്കാണു ഇത് വരെ വൈറസ് ബാധയേറ്റിട്ടുള്ളത്. ഇതിൽ 3 പേർ മരണപ്പെട്ടു. ഖത്തറിൽ 562 പേർക്കും, ബഹ്രൈനിൽ 473 പേർക്കും വൈറസ് ബാധയേറ്റിട്ടുണ്ട്. ബഹ്രൈനിൽ ഇത് വരെ 4 മരണമാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രണ്ട് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട യു എ ഇയിൽ ഇത് വരെ വൈറസ് ബാധിച്ചത് 405 പേർക്കാണ്. കുവൈത്തിൽ 225 പേർക്ക് വൈറസ് ബാധിച്ചപ്പോൾ ഒമാനിൽ വൈറസ് ബാധിച്ചത് 152 പേർക്കാണ്.
ഗൾഫ് രാജ്യങ്ങളിലെല്ലാം വൈറസ് ബാധ തടയുന്നതിനായി കർശന നിയന്ത്രണങ്ങളാണു അധികൃതർ നടപ്പിലാക്കിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa