ജിദ്ദയിൽ കർഫ്യൂ സമയം ദീർഘിപ്പിച്ചു; ജിദ്ദയിൽ നിന്ന് പുറത്ത് പോകുന്നതിനും ജിദ്ദയിലേക്ക് പ്രവേശിക്കുന്നതിനും വിലക്ക്
ജിദ്ദ: കൊറോണ-കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സ്വീകരിച്ചിട്ടുള്ള നടപടികളിൽ കൂടുതൽ മാറ്റം വരുത്തി സൗദി ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവുകളിറക്കി.
പുതിയ ഉത്തരവ് പ്രകാരം മാർച്ച് 29 ഞായറാഴ്ച മുതൽ ജിദ്ദയിലെ കർഫ്യൂ സമയം ആരംഭിക്കുന്നത് വൈകുന്നേരം 3 മണി മുതലായിരിക്കും. കർഫ്യൂ സമയം അവസാനിക്കുന്നത് നേരത്തെയുള്ള പോലെ രാവിലെ 6 മണിക്ക് തന്നെയായിരിക്കും.
ജിദ്ദ ഗവർണ്ണറേറ്റ് പരിധിയിൽ നിന്ന് പുറത്ത് പോകുന്നതിനും ജിദ്ദയിലേക്ക് പുറത്ത് നിന്ന് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി. വിലക്ക് മാർച്ച് 29 ഞായറാഴ്ച 3 മണി മുതൽ കർഫ്യൂ കാലവയളവ് തീരുവോളം നില നിൽക്കും.
പുതിയ കർഫ്യു, വിലക്ക് നിയമങ്ങൾ നേരത്തെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയവർക്ക് ബാധകമാകില്ല. അവർ ബന്ധപ്പെട്ട വകുപ്പുകളുടെ നടപടിക്രമങ്ങൾക്കും നിയമങ്ങൾക്കും വിധേയമായിരിക്കണം.
കൊറോണ കോവിഡ്19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയത്തിനായി എല്ലാ സ്വദേശികളും വിദേശികളും സഹകരിക്കണമെന്ന് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മദീനയിലെ 6 ജില്ലകളിലേക്കും പുറത്തേക്കുമുള്ള പ്രവേശനം 24 മണിക്കൂറും വിലക്കി മദീന എമിറേറ്റ്സ് നിയമം കൊണ്ട് വന്നിരുന്നു.
കഴിഞ്ഞ വ്യാഴം മുതൽ മക്ക, മദീന, റിയാദ് തുടങ്ങിയ പട്ടണങ്ങളിലേക്കും തിരിച്ചും പ്രവേശന വിലക്കും കർഫ്യൂ സമയത്തിൽ മാറ്റവും വരുത്തി ഉത്തരവിറക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa