സൗദിയിൽ കൊറോണ മരണം എട്ടായി; 96 പേർക്ക് കൂടി വൈറസ് ബാധിച്ചു
റിയാദ്: സൗദിയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ഇന്നത്തെ അറിയിപ്പിൽ പുതുതായി 4 പേരാണു കോവിഡ്19 വൈറസ് ബാധിച്ച് മരിച്ചത്.
96 പേർക്കാണു പുതുതായി വൈറസ് ബാധയേറ്റിട്ടുള്ളത്. ഇതോടെ സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 1299 ആയി ഉയർന്നിട്ടുണ്ട്.
അതേ സമയം മരണ സംഖ്യയുടെ വർധനവിനിടയിലും പുതുതായി 29 പേർക്ക് കൂടി അസുഖം ഭേദമായെന്ന വാർത്ത ഏറെ ആശ്വാസം പകരുന്നുണ്ട്. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 66 ആയി ഉയർന്നു.
പുതുതായി വൈറസ് ബാധയേറ്റവരിൽ 28 പേരും പുറത്ത് നിന്ന് സൗദിയിലെത്തിയവരായിരുന്നു. 68 പേർ നേരത്തെ വൈറസ് ബാധിച്ചവരുമായി ഇടപഴകിയവരുമായിരുന്നു.
റിയാദിൽ 27, ദമാമിൽ 23, മദീനയിൽ 14, ജിദ്ദയിൽ 12, മക്കയിൽ 7, കോബാറിൽ 4, ദഹ്രാനിൽ 2, ഖതീഫ്, റഅസ് തനൂറ, സൈഹാത്, ഹുഫൂഫ്, ത്വാഇഫ്, ഖമീസ് മുഷൈത്ത്, തബൂക്ക് എന്നിവിടങ്ങളിൽ ഓരോരുത്തർക്ക് വീതം എന്നിങ്ങനെയാണു പുതുതായി വൈറസ് ബാധിച്ച കണക്കുകൾ.
ആഗോള തലത്തിൽ 6,83,525 പേർക്കാണു ഇത് വരെ വൈറസ് ബാധയേറ്റത്. ഇതിൽ 1,46,396 പേർ സുഖം പ്രാപിച്ചപ്പോൾ 32,139 പേർ മരണപ്പെട്ടു.
കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി ഇന്ന് മുതൽ ജിദ്ദയിലും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന കർഫ്യു സമയം ഇന്ന് മുതൽ വൈകുന്നേരം 3 മണി മുതൽ രാവിലെ 6 മണി വരെയാക്കിയിട്ടുണ്ട്.
അതോടൊപ്പം ജിദ്ദ നഗരത്തിൽ നിന്ന് പുറത്ത് പോകുന്നതും പുറത്ത് നിന്ന് ജിദ്ദയിലേക്ക് പ്രവേശിക്കുന്നതും ഇന്ന് വൈകുന്നേരം 3 മുതൽ വിലക്കിയിട്ടുമുണ്ട്.
കൊറോണ ലക്ഷണങ്ങൾ ആർക്കെങ്കിലും അനുഭവപ്പെട്ടാൽ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa