വീണ്ടും രാജകാരുണ്യം; നിയമ ലംഘകരടക്കമുള്ള വിദേശികൾക്കും സൗജന്യ ചികിത്സ
റിയാദ്: സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും കൊറോണ ചികിത്സ സൗജന്യമായി നൽകാൻ സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ ഉത്തരവ്.
രാജ്യത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും കോവിഡ്19 ബാധിച്ചവർക്ക് ചികിത്സ സൗജന്യമായി നൽകാനാണു ഉത്തരവ്. താമസ നിയമ ലംഘകരായ വിദേശികൾക്കും സൗജന്യ ചികിത്സ നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
രാജാവിൻ്റെ ഉത്തരവ് പ്രഖ്യാപിച്ച സൗദി ആരോഗ്യ മന്ത്രി ഡോ:തൗഫീഖ് അൽ റബീഅ രാജ്യത്തെ ഓരോ സ്വദേശിയുടേയും വിദേശിയുടെയും ആരോഗ്യവും സുരക്ഷയുമാണു രാജാവിനു ഏറ്റവും പ്രധാനമെന്നും അറിയിച്ചു.
നിയമ ലംഘകർക്ക് കോവിഡ്19 ചികിത്സ ആവശ്യമായി വരികയാണെങ്കിൽ ധൈര്യമായി ആശുപത്രികളെ സമീപിക്കാമെന്നും ഒരു തരത്തിലുള്ള നിയമ നടപടികളും സ്വീകരിക്കില്ലെന്നും മന്ത്രി അറിയിച്ചു.
ഭരണകൂടത്തിൻ്റെ 18 വിഭാഗങ്ങൾ ചേർന്ന് രാജ്യത്തെ വൈറസ് പ്രതിരോധത്തെക്കുറിച്ചുള്ള കാര്യങ്ങൾ ദിനം പ്രതി പരിശോധിക്കുന്നുണ്ട്.
എല്ലാ മേഖലയിലും കാര്യക്ഷമമായ ഇടപെടലുകൾ നടത്തി രാജ്യത്തെ ജനങ്ങളുടെ സുരക്ഷക്കായി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ അക്ഷീണ പ്രയത്നം നടത്തുകയാണ്.
മറ്റു രാജ്യങ്ങളിൽ വ്യാപിച്ച പോലെ സംഭവിക്കാതിരിക്കാൻ ആവശ്യമെങ്കിൽ രാജ്യം കൂടുതൽ ശക്തമായ മുൻ കരുതൽ നടപടികളിലേക്ക് നീങ്ങാൻ മടിക്കില്ല.
ഇത് വരെ കൃത്യമായ മരുന്ന് കണ്ടു പിടിച്ചിട്ടില്ലെന്ന കാര്യം ഓർത്ത് കൊണ്ട് നിർദ്ദേശിക്കപ്പെട്ട എല്ലാ മുൻകരുതലുകളും എല്ലാവരും കൈക്കൊള്ളണമെന്നും ആരോഗ്യ മന്ത്രി ആഹ്വാനം ചെയ്തു.
മക്കയിലെ 6 ഏരിയകളിൽ ഇന്ന് മുതൽ മുഴുവൻ സമയം കർഫ്യൂവും ഐസൊലേഷനും ഏർപ്പെടുത്തി ഏതാനും മണിക്കൂറുകൾക്ക് മുംബ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa